2014, ജൂലൈ 29, ചൊവ്വാഴ്ച

യാത്ര



ബാദാമിയിലെ ഗുഹാക്ഷേത്രങ്ങള്‍
ബാദാമി ഗുഹാക്ഷേത്രം

ഗുഹാക്ഷേത്രങ്ങളുടെ നാടാണ് ബാദാമി.ഉത്തരകര്‍ണ്ണാടകയിലെ ബഗാല്‍കോട്ട് ജില്ലയിലാണ് യു.എന്‍ പൈതൃകപട്ടികയിലെ ഈ ചരിത്രസ്മാരകം.മാലപ്രഭാ നദീതീരത്തെ മണ്‍പാറയില്‍ കൊത്തിയെടുത്ത നാല് ഗുഹാക്ഷേത്രങ്ങളാണ് പ്രധാന കാഴ്ച.

ചെറിയ നഗരമാണ് ബാദാമി.യാത്രികര്‍ക്ക് തങ്ങാന്‍ പറ്റിയ ഇടത്താവളം.ഗോവയില്‍ നിന്ന് ഒരു പകല്‍ ദൂരമുണ്ട് ബാദാമിയ്ക്ക്.കാര്‍ഷിക സമൃദ്ധി മുഴുവന്‍ നെല്പാടങ്ങള്‍ക്കായി പകുത്തിരിക്കുന്നു.
കര്‍ഷകരും തീരെ ദരിദ്രരുമായ കാലിവളര്‍ത്തുകാരുമാണ് കുന്നുകള്‍ക്കു താഴെ വസിക്കുന്നത്.എരുമച്ചാണകത്തിന്റെ ഗന്ധമുള്ള ഊടുവഴികള്‍ തിരഞ്ഞെത്തിയാല്‍ ശില്പങ്ങളുടെ ഗുഹാകവാടമായി.രാജപൈതൃകത്തിന്റെ ഗരിമകള്‍ക്കു താഴെ നിസ്സംഗമായി കണ്‍പാര്‍ത്ത് ജീവിതത്തെ അതിശയങ്ങളൊട്ടുമില്ലാത്ത മേച്ചില്‍പ്പുറങ്ങളിലേക്ക് വഴിനടത്തി മുന്നേറുന്നവര്‍.ഇവരെ തൊട്ടുരുമ്മാതെ മുന്നോട്ടു പോകാന്‍ കഴിയില്ല.എല്ലാ ചരിത്രസ്മാരകങ്ങള്‍ക്കും പിന്നിലെ ഒരിക്കലും മരിക്കാത്ത മറ്റൊരു ചരിത്രമാണിത്.
ചാലൂക്യരാജവംശത്തിന്റെ പ്രതാപൈശ്വര്യങ്ങളുടെ അടയാളമാണ് ബാദാമി.പഴമയുടെ പൊരുളുകളില്‍ ബാദാമി 'വാതാപി' യാണ്.രാക്ഷസന്മാരായ വാതാപിയും ഇല്വലനും അതിഥികളെ സ്വീകരിച്ച് സല്‍ക്കരിച്ച് ഭക്ഷണമാക്കിയ പുരാണകഥ.അതിന് യോജിച്ച പശ്ചാത്തലം.
അഗസ്ത്യതീര്‍ത്ഥം

ഗ്രീക്ക് ചരിത്രകാരനായ ടോമി ബാദാമി (BADAMI -BADOMOYEE ) എന്ന് സൂചിപ്പിക്കുന്നുണ്ട്..ഡി ആറാം നൂറ്റാണ്ടിലാണ് പുലികേശി ബാദാമിയെ 
ചാലൂക്യതലസ്ഥാനമാക്കുന്നത്.ശിലായുഗശേഷിപ്പുകള്‍ സമീപപ്രദേശമായ ശബരിപഥില്‍ നിന്നും തെക്കുഭാഗത്തു കാണുന്ന രംഗനാഥ കുന്നുകളില്‍ നിന്ന് ലിഖിതങ്ങളും ശിലയിലെഴുതിയ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.

ആകാരപ്പൊലിമയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകളെച്ചുറ്റി മനോഹരമായ
താഴ്വരഅഗസ്ത്യതീര്‍ത്ഥമഹാസരോവരം.പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന പ്രകൃതി ജന്യമായ ജലധാര.മനം മയക്കുന്ന പഴമയും പ്രകൃതിയുടെ പൊലിമയും.കറുപ്പും ഇളംചുവപ്പുമായി തിളങ്ങുന്ന ഗ്രാനൈറ്റ് പാറകളും ചെറു അരുവികളും.ആദി കാനനത്തിന്റെ തിരുശേഷിപ്പ്.

പാറ തുരന്ന് ഉണ്ടാക്കിയവയാണ് ബാദാമി ക്ഷേത്രങ്ങള്‍.മിനുസപ്പെടുത്തിയ ഉളിപ്പാടുകളില്‍ ചാലൂക്യ ശില്പകലയുടെ തുടിക്കുന്ന ജീവന്‍ കാണാം.വൈഷ്ണവരും ശൈവരും ജൈന ബുദ്ധ സന്യാസിമാരും ജപതപ സ്നാനത്തിനായി ഇവിടെ എത്തിയിരുന്നു.നാല് ഗുഹാ ക്ഷേത്രങ്ങളില്‍ ശൈവ,വൈഷ്ണവ ക്ഷേത്രങ്ങള്‍ മാത്രമല്ല ജൈന ബുദ്ധ ക്ഷേത്രങ്ങളുമുണ്ട്.മത സാംസ്ക്കാരിക സമന്വയം ഇവിടെ ദര്‍ശിക്കാം.പാറ തുരന്ന് നിര്‍മ്മിക്കുന്ന ക്ഷേത്രങ്ങള്‍ തെക്കേ ഇന്ത്യയുടെ ശില്പകലാ സവിശേഷതയാണ്.അവയ്ക്കെല്ലാം മാതൃകയായ ഒരു ബ്ലൂപ്രിന്റാണ് ബാദാമി ശില്പങ്ങളെന്ന് ചരിത്ര ഗവേഷകര്‍ കരുതുന്നു.
നടരാജശില്പം

.ഡി 543 -ല്‍ നിര്‍മ്മിച്ച ശിവഗുഹയ്ക്കാണ് ബാദാമി ഗുഹാക്ഷേത്രങ്ങളില്‍ ഏറ്റവും

പഴക്കം.ശ്രീകോവില്‍,സഭാമണ്ഡപം,മുഖമണ്ഡപം എന്നിങ്ങനെ മൂന്നുഭാഗങ്ങളുണ്ട്.മുഖമണ്ഡപത്തില്‍ കൊത്തിവച്ചിരിക്കുന്ന ശില്പങ്ങള്‍ ജീവചൈതന്യമാര്‍ന്ന ദേവശില്പങ്ങളാണ്.ക്ഷേത്രത്തിനകത്ത് അരണ്ട സ്വാഭാവിക വെളിച്ചം മാത്രം.ഇരുളും വെളിച്ചവും സൃഷ്ടിക്കുന്ന മൂകവും നിഗൂഡവുമായ ലയഭംഗി.നൂറ്റാണ്ടിന്റെ ചരിത്ര രഥ്യകള്‍ക്ക് പ്രശാന്തിയുടെ ധ്യാനഭാവം.ശിവഗുഹയുടെ പടിഞ്ഞാറെ ചുവരില്‍ 18 കരങ്ങളുള്ള നടരാജശില്പം.താമരയില്‍ നടനം ചെയ്യുന്ന ശിവന്റെ ഇരുകരങ്ങളില്‍ സര്‍പ്പവും മറ്റുള്ളവയില്‍ ഡമരുവും ജപമണിയും പുഷ്പവും തൃശ്ശൂലവും വീണയും.ശിവന്റെ പുഞ്ചിരിക്കുന്ന നര്‍ത്തകഭാവം.
നാട്യശാസ്ത്രത്തിലെ ശിവനടനത്തിന്റെ ഛായാ ശില്പം.ഗണേശന്‍ ശിവസമീപത്തു നിന്ന് ഈ നടനം സാകൂതം വീക്ഷിക്കുന്നു.പക്കമേളക്കാര്‍ വാദ്യങ്ങള്‍ മുഴക്കുന്നു.നൃത്തത്തിന് താളമിടുകയാണ് സമീപത്തു നിന്ന് നന്ദികേശന്‍.മഹിഷാസുരമര്‍ദ്ദിനി,അര്‍ദ്ധനാരീശ്വരന്‍,ഹരിഹരന്‍ എന്നീ ശില്പങ്ങളും മണ്ഡപത്തിലുണ്ട്.
രണ്ടാമത്തേത് വൈഷ്ണവ ഗുഹയാണ്.ചുവര്‍ശില്പങ്ങളായി ത്രിവിക്രമന്‍,വരാഹം,മത്സ്യം എന്നിവയുണ്ട്.ശ്രീകോവിലിനുള്ളില്‍ വിഗ്രഹമില്ല.പടിക്കെട്ടും കവാടവും കടക്കണം മൂന്നാമത്തെ മഹാവിഷ്ണു ഗുഹയിലെത്താന്‍.ഭൂനിരപ്പില്‍ നിന്ന് ഉയരങ്ങളിലേക്കാണ് ഓരോ ഗുഹയും.പാറയുടെ തണുപ്പ് തണല്‍മരമായി ഇടയ്ക്ക് കുടപിടിച്ചു തരും.

ചാലൂക്യവംശത്തിലെ ശില്പകലയുടെ പിതാവായ മംഗലേഷ് എ.ഡി 578 ല്‍ പണികഴിപ്പിച്ചതാണ് മൂന്നാമത്തെ ഗുഹാക്ഷേത്രം.തന്റെ സഹോദരന്‍ കീര്‍ത്തിവര്‍മ്മന്റെ 12 വര്‍ഷത്തെ ഭരണത്തെ അനുസ്മരിച്ചാണ് ഇത് നിര്‍മ്മിച്ചത്.ക്ഷേത്രച്ചുവരിലെ ലിഖിതങ്ങള്‍ തെളിവുകളാണ്. ആദിശേ‍ഷനില്‍ പള്ളികൊണ്ട മഹാവിഷ്ണുവിന്റെ സുന്ദരമായ ശില്പം മുഖമണ്ഡപത്തില്‍ കാണാം.ചാലൂക്യവംശത്തിന്റെ കിരീടത്തിലും ഇതേ രൂപമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

ഇടനാഴികളിലെ ശില്പങ്ങളില്‍ പ്രണയത്തിന്റെ സൗന്ദര്യം മിഴിതുറക്കുന്നു.ശിലയില്‍ കാല്പനിക സൗന്ദര്യത്തിന്റെ കമനീയരൂപങ്ങള്‍.കിഴക്കേതൂണില്‍ കൈകോര്‍ത്തു നില്‍ക്കുന്ന
യുവമിഥുനങ്ങളുടെ വശ്യമോഹനരൂപം.നായിക ധരിച്ചിരിക്കുന്ന ചെറിയ സാരി കാണികളെ ആകര്‍ഷിക്കും.മാവിന്‍ചോട്ടില്‍ നില്‍ക്കുന്ന പ്രണയികളുടെ മോഹനശില്പം രണ്ടാമത്തെ ഗുഹയിലുണ്ട്.

നാലാമത്തെ ഗുഹ ജൈനക്ഷേത്രമാണ്.ചാലൂക്യരുടെ ആസ്ഥാന കവി രവികീര്‍ത്തിയും സേനാധിപന്‍ ഇമ്മാദി പുലികേശിയും ജൈനരാണ്.ഇരുപത്തിമൂന്നാമത്തെ തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥന്റെ ശില്പം ശിലാപാളിയില്‍ കൊത്തിയിട്ടുണ്ട്.ബാഹുബലി,വര്‍ദ്ധമാനമഹാവീരന്‍ എന്നീ ശില്പങ്ങളും കാണാം.

ബാദാമി കുറച്ചുകാലം ടിപ്പു സുല്‍ത്താന്റെ ഭരണത്തിന്‍ കീഴിലായിരുന്നു.ടിപ്പുവിന്റെ ഗവര്‍ണ്ണറായ ആദില്‍ഷാഹി പണികഴിപ്പിച്ച മസ്ജിദ് പ്രവേശനകവാടത്തിന് ഇടതുവശത്തായി കാണാം.
ബാദാമിയിലെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല.
ആദില്‍ഷാഹിയുടെ മസ്ജിദ്

മലനിരകള്‍ക്കു വടക്കുഭാഗത്ത് കരിങ്കല്ലില്‍ പണിതെടുത്ത ഭൂതനാഥക്ഷേത്രം പ്രകൃതിയും ശില്പിയും ചേര്‍ന്നൊരുക്കിയ സുന്ദരരൂപമാണ്.
ഭൂതനാഥക്ഷേത്രം

ശിലയുടെ മുമ്പില്‍ ധ്യാനലീനനായി ഞാന്‍ നിന്നുപോകുന്നു.നൂറ്റാണ്ടുകളുടെ മൂകസാക്ഷിയായ ഈ കരിമ്പാറച്ചെരിവുകള്‍ ഒരിക്കലും മൂകമല്ല.ചരിത്രത്തെ ധ്യാനസ്മൃതിയില്‍ ആവാഹിക്കാന്‍ പാകത്തില്‍ അവ ഇപ്പൊഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.തിരികെ

 

മടങ്ങാനാകാത്തവിധംമനസ്സിനെപിടിച്ചുനിര്‍ത്തുന്നുഈശിലാകുസുമങ്ങള്‍.'ശിലാഹൃദയനെന്ന' മലയാളശൈലി എത്രനിരര്‍ത്ഥകമാണ്.'ശില'! അതൊരു പൂവിന്റെപേരാണ്; ഒരിക്കലും വാടാത്ത ഒരു നന്ത്യാര്‍വട്ടത്തിന്റെ പേര്!!

ബാദാമി പട്ടണം ഒരു വിദൂരക്കാഴ്ച

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ