2018, ഏപ്രിൽ 28, ശനിയാഴ്‌ച

യാത്ര

                           
                      മൗനത്തിന്റെ സ്ഥലരാശികള്‍



മൗനം ഹിമാലയത്തിലേക്കുള്ള പാതയാണ്.അല്ലെങ്കില്‍ ആ പര്‍വതത്തെ ചുറ്റി നില്‍ക്കുന്ന ദേശങ്ങളും ഇടങ്ങളും കഥകളും ചരിത്രവും ഐതിഹ്യവുമാണ്.അവയെയെല്ലാം നിഷേധിച്ചു കൊണ്ടോ തകര്‍ത്തു കൊണ്ടോ മുന്നേറാം.അപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ഒരു മണല്‍പ്പരപ്പ്,ഒരു നദീതീരം,ഏകാന്ത വിശ്രാന്ത സൗമ്യ ലാവണ്യ പരിസരം.......



ഹരിദ്വാറിലെ പ്രഭാതത്തിന് പര്‍വതത്തിന്റെ കുളിരാണ്;അത് ഉന്മേഷം നല്‍കുന്ന ധൈര്യത്തിന്റെ കവചവും.തീവണ്ടിയാപ്പീസില്‍ നിന്ന് ഗംഗയിലേക്കുള്ള ചെറിയ നടത്തം പോലും മടുപ്പിക്കില്ല.ഇരുട്ടു മാറി വരുന്നതേയുള്ളു.തലേന്നു രാത്രി നന്നായി ഉറങ്ങിയില്ല.അല്ല,ദിവസങ്ങളായി ഉറക്കമില്ല.മധുരയില്‍ നിന്ന് ഡെറാഡൂണ്‍ എക്സ്പ്രസ്സില്‍ കയറിയതു മുതല്‍ മൂന്നര ദിവസമായി ഉറങ്ങാതെ പങ്കു വയ്ക്കാന്‍ നാലു പേരുടെ മനസ്സു നിറയെ ഭാണ്ഡക്കെട്ടുകളുണ്ടായിരുന്നു.


ഒറ്റയ്ക്കു നടക്കാനാഗ്രഹിക്കുന്നവര്‍ വഴിയും വരിയും തെറ്റി കൂട്ടു ചേരുന്ന യാത്രയാണിത്.നിയതത്വങ്ങളൊന്നുമില്ല.യാത്രയും താമസവും ഭക്ഷണവും ട്രെയിനില്‍ മാത്രം.ഇടത്താവളം തീവണ്ടിയാപ്പീസ്.ഹോട്ടല്‍,ലോഡ്ജ്,മുറി ഇങ്ങനെ ചിട്ടവട്ടങ്ങളൊന്നുമില്ല.


ഹിമാലയത്തിലെ കാറ്റ് അലൗകിക സ്പര്‍ശമായിത്തിരുന്നു.ഗംഗയില്‍ കുളിച്ച് കരയ്ക്കു കയറുമ്പോള്‍ നിരഹങ്കാരത്തിന്റെ സാന്ദ്രമായ ഒരു പാതയിലേക്ക് അപ്പോള്‍ നമ്മളെത്തിയിട്ടുണ്ടാകും.ഉദയപ്രഭയിലെ ഗംഗാനദിയും ദീപങ്ങളും മായിക ലഹരി തീര്‍ത്തു.

ദിയിലെ പടവുകള്‍ ജനനിബിഡമല്ല.ആദ്യമായെത്തുന്നവന്റെ തുറന്ന നോട്ടങ്ങള്‍ക്ക് നിരവധി ആന്റിനക്കണ്ണുകളുടെ പ്രസരണ ശക്തിയുണ്ടാകും.
വെള്ളത്തില്‍ മുങ്ങി നിവരുന്ന ശിരസ്സുകള്‍ അരണ്ട വെളിച്ചത്തില്‍ താമരപ്പൂക്കളായി.ഭക്തിയുടെ അനിര്‍വചനീയ ശില്‍പ്പങ്ങളായി ഓരോരുത്തരും മാറുകയാണ്.കൈകള്‍ കൂപ്പി ഹിമാലയം നോക്കിയുള്ള പ്രാര്‍ത്ഥനകള്‍ എത്ര തരം.തലയ്ക്കു മുകളില്‍ ദീര്‍ഘകരങ്ങള്‍ മുകുളങ്ങള്‍ വിരിയിക്കാന്‍ തുടങ്ങുന്നു.ഇടയ്ക്ക് പടവുകളില്‍ കര്‍പ്പൂര ദീപവും മണിനാദവും.ഗംഗാതീരത്തെ പുരോഹിതര്‍ വ്യാഘ്രങ്ങളോ കഴുകന്മാരോ ഒക്കെയാണ്.പലരും എഴുതിയിട്ടുണ്ട്.പക്ഷെ ഈ പുലരിയില്‍ സൗമ്യസാരമായ ഒരു പുഞ്ചിരിയാണ് എനിക്ക് കിട്ടിയത്.എന്റെ സമീപം ആരതിയുമായെത്തിയ യുവാവ് പ്രസരിപ്പോടെ എനിക്കു നേരെ നീട്ടി.ഒപ്പം നല്ലൊരു പുഞ്ചിരിയും..... ദീപം പോലെ.

പ്രേംചന്ദ്,ഗംഗയുടെ പുണ്യം മുഴുവന്‍ ശരീരത്തിലും മനസ്സിലും വാരിയണിയുന്നു.തണുപ്പ് മൂര്‍ദ്ധന്യത്തിലാണ്.എന്റെ ശ്വാസകോശത്തിലെ അടയ്ക്കാക്കുരുവികള്‍ തണുപ്പ് തട്ടി ഉണര്‍ന്നു.ഇനി രക്ഷയില്ല, എനിക്കു പുണ്യം കിട്ടില്ല.കാലു നനച്ച് ഞാന്‍ പടിക്കെട്ടിലിരുന്നു.

പെട്ടെന്ന് മണിയൊച്ചയും ശംഖനാദവും.ഗംഗാനദിയിലെ ആരതിയാണ്.
ഉച്ചഭാഷിണിയില്‍ ഗംഗയെക്കുറിച്ചുള്ള ഗീതങ്ങള്‍. ദീപയഷ്ടികള്‍ ഓളപ്പാത്തിയില്‍ നിരന്നു കത്താന്‍ തുടങ്ങി.ജലത്തെ വന്ദിക്കുന്നവന്‍ ദൈവത്തെ തന്നെയാണ് മുന്നില്‍ കാണുന്നത്.നദിയെ കുമ്പിടുന്നവന്റെ മുന്നില്‍ വേനല്‍ പറവയായ ഞാന്‍ കൂടുകൂട്ടി.അലൗകികമായ ഒരു നിമിഷമായിരുന്നു അത്.മലനിരകള്‍ക്കിടയിലൂടെ സൂര്യന്റെ ആദ്യ കിരണം.നദിയിലെ ശിവപ്രതിമയെ അത് തേജോമയമാക്കി.ഗംഗാനദിയില്‍ വെള്ളി രേഖകള്‍ തിളങ്ങി.പര്‍വതങ്ങളുടെ മൗനം ധ്യാനത്തിന്റെ ശിലാരൂപമാണ്.മനസ്സ് നദിയായി പരക്കുന്ന പുണ്യമുഹൂര്‍ത്തം.കാലുഷ്യവും കഠിനതയും വെറുപ്പും കടലെടുക്കുന്ന ഒച്ച ഹൃദയത്തില്‍ തുടിക്കുന്നുണ്ട്.

തിരക്കേറുന്നുണ്ട്.കൂട്ടത്തിനിടയില്‍ എന്നെ സൂക്ഷിക്കുന്ന രണ്ടു കണ്ണുകളില്‍ ഞാന്‍ ഉടക്കി നിന്നു.പരിചയമില്ലാത്ത പരിസരം സൃഷ്ടിക്കുന്ന പേടിയും സ്വാതന്ത്ര്യവും എന്റെ മനസ്സിലുണ്ട്.മുഖം തിരിച്ച് വീണ്ടും ഇടര്‍ച്ചയോടെ നോട്ടം പായിച്ചു.അതെ, എന്നിലേക്ക് പായുന്ന കണ്ണുകള്‍ ഇനിയും മാറിയിട്ടില്ല.കാവി വസ്ത്രവും സ്ഫുരിക്കുന്ന കണ്ണുകളും, കൈയില്‍ ചെറിയ സഞ്ചി.ആകര്‍ഷകമായ മുഖം.ഒതുക്കി നിര്‍ത്തിയ താടി രോമം.പരിചയത്തിന്റെ രേഖാ ചിത്രങ്ങള്‍ മനസ്സില്‍ മേലാപ്പു കെട്ടാന്‍ തുടങ്ങിയോ? ഹരിദ്വാറില്‍ നിന്ന് നാട്ടിലേക്ക് മനസ്സിനെ പായിച്ചു.ഓര്‍മയുടെ ആല്‍ബം പതിയെ മറിച്ചു തുടങ്ങി.ചിന്തയുടെ ഏതോ നാല്‍ക്കവലയില്‍ വച്ച് ഞാന്‍ വീണ്ടും അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങി.തിരക്കുകള്‍ക്കിടയില്‍ പതിയെ മുന്നോട്ടാണയാള്‍.എങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ട്.കൈയിലുള്ള ക്യാമറയില്‍ അയാളെ പിന്തുടര്‍ന്നാല്‍ ഒരു പക്ഷെ അയാള്‍ പെട്ടെന്ന് ഉള്‍വലിഞ്ഞേക്കും.ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാനും നടന്നു.നദീ തീരത്തെ തിരക്കിനിടയില്‍, നിന്നും നടന്നും അയാള്‍ മുന്നോട്ടു തന്നെയാണ്.

ഞാന്‍ നിന്നു.മനപൂര്‍വം എതിര്‍ ദിശയിലേക്ക് ശ്രദ്ധ തിരിച്ചു.വീണ്ടും പാളി നോക്കിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വീണ്ടും ആ കണ്ണുകള്‍ ...എന്നിലേക്ക്...
ആകാംഷയാണോ ....., സങ്കടമാണോ......എന്നെ കീഴടക്കിയത്? ഞാന്‍ വേഗത്തിലായി.....നിയന്ത്രണങ്ങള്‍ക്കപ്പുറം ..ഒന്നു കൂടി വേഗത്തിലായി....
ഇല്ല,നിമിഷങ്ങളില്‍ നഷ്ടമാകുന്ന ജീവിതം പോലെ അയാള്‍ മറഞ്ഞിരുന്നു.ആരാവാമിത് ???
ജീവിതം പെരുവഴിയിലുപേക്ഷിച്ച് ആരോടും പറയാതെ നാടു വിട്ടുപോയവര്‍?
ഭക്തിയുടെ പരകോടിയില്‍ ഭൗതിക ജീവിതം ത്യജിച്ചവര്‍?
പക്ഷെ,പറയാന്‍ ബാക്കി വച്ച കഥ പോലെ...
എന്തൊക്കെയോ ഓര്‍ത്തെടുക്കും പോലെ...
വീണ്ടും കണ്ടതിലുള്ള മരവിപ്പു പോലെ...
ആരാവാമിത് ....!!! ?
നദീ തീരത്ത് ഞാന്‍ ഏറെ അലഞ്ഞു.
കണ്ടില്ല,
ഓര്‍മകള്‍ ശ്രാദ്ധമൂട്ടാന്‍ തുടങ്ങി,
തിരിച്ചു പോകുന്നവരുടെ ആരവങ്ങള്‍ക്കൊപ്പം ഞാനും പതിയെ തിരിഞ്ഞു.
ഗംഗയില്‍ മുങ്ങുമ്പോള്‍ എന്തെങ്കിലും ഒന്ന് ഉപേക്ഷിക്കണം.
പക്ഷെ,ഞാന്‍ കൊണ്ടു പോരുകയായിരുന്നു ......രണ്ടു കണ്ണുകളെ,
അവയിലെ മൗനത്തെ.....