2014, ജനുവരി 6, തിങ്കളാഴ്‌ച

യാത്ര


-->
                      കൃഷ്ണഗിരിയിലെ മീന്‍വേട്ടക്കാര്‍
      തമിഴ് നാട്ടിലെ കാര്‍ഷിക ജില്ലയാണ് കൃഷ്ണഗിരി.മാമ്പഴത്തിന്റെ നാടാണിത്.മലയാളിയുടെ മാമ്പഴപ്പുളിശ്ശേരിയ്ക്ക് ഒരുപക്ഷെ കൃഷ്ണഗിരിയുടെ സുഗന്ധമുണ്ടാകും.
      തെമ്പനാര്‍  (ടെമ്പനാര്‍) നദിക്കു കുറുകെയുള്ള കൃഷ്ണഗിരി ഡാം ഈ നാടിന്റെ അഴകാണ്.1958 -ല്‍ തമിഴ് നാട് മുഖ്യമന്ത്രി കാമരാജാണ് ഡാം കമ്മിഷന്‍ ചെയ്തത്.

    വീരക്കല്ലുകളും പന്ത്രണ്ടോളം കോട്ടകളുമുള്ള ഒരു പ്രാചീന സംസ്ക്കാരത്തിന്റെ ഈറ്റില്ലം.വിശാലമായ നെല്‍വയലുകളുടെ മധ്യത്തിലൂടെ നീണ്ടുപോകുന്ന പാത ഡാമിലെത്തിച്ചേരും. 


     പ്രകൃതി നിര്‍മ്മിച്ച സുന്ദരമായ മലയടിവാരത്തെ ഡാമിന്റെ വലിപ്പവും പരപ്പും ഏറെ കൗതുകം.പ്രകൃതിയെ അണിയിച്ചൊരുക്കുന്ന തമിഴ് മക്കളുടെ സൂക്ഷ്മത ഒന്നു വേറെ തന്നെ.


  ഡാമിന് പശ്ചാത്തലമായ പാര്‍ക്കും പൂന്തോട്ടവും സഞ്ചാരിയുടെ മനസ്സിനെ അതിശയിപ്പിക്കും.കാലുകളില്‍ ചിറകുള്ളവര്‍ പോലും ഒരു നിമിഷം തനിയെ നിന്നുപോകും. 



  ഓരോ ചെടിയും ഓരോ മരവും അവിടെ നന്നായി പരിപാലിക്കപ്പെടുന്നു.വലിച്ചെറിഞ്ഞ ചപ്പുചവറുകളും പ്ലാസ്റ്റിക്കും കാഴ്ചയെ ശല്യപ്പെടുത്തുന്നില്ല.കര്‍ഷകന് വെള്ളമെത്തിയ്ക്കാന്‍ വെമ്പുന്ന ഡാമിന്റെ ജലമേളമല്ലാതെ പിന്നെയുള്ളത് വിവിധതരം പക്ഷികളുടെ കുടുംബയോഗം മാത്രം.

        ഡാമിന്റെ മുന്നില്‍ ഗ്രാമത്തിന് കാവലാളായി മുനീശ്വരന്‍.ചായം തേച്ച വലിയ പ്രതിമ ഗ്രാമീണരുടെ ദൈവമാണ്. പലരും അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു.

    നഗരസാമീപ്യമില്ലാത്തതുകൊണ്ടാകാം പുറം ലോകവാസികള്‍ ആരുമില്ല.സഞ്ചാരികളെ ശല്യപ്പെടുത്തുന്ന വഴിവാണിഭക്കാരോ,യാചകരോ ആരും.എന്തിന് ഒരു പെട്ടിക്കട പോലുമില്ല.ആകെയുള്ളത് നമ്മുടെ പൂര്‍വ്വികരായ വാനരന്മാരുടെ ഒരല്പം സാഹസകൃത്യങ്ങള്‍ മാത്രം.

    നദിക്കു കുറുകെ ചെറിയൊരു ചെക്ക്ഡാമും വാഹനപ്പാതയുമുണ്ട്.അവിടെ ഗ്രാമവാസികള്‍ മീന്‍വേട്ടയില്‍ വ്യാപൃതരാണ്.ഒരേസമയം ഉയരുകയും താഴുകയും ചെയ്യുന്ന വരിവരിയായി നിരന്നിരിക്കുന്ന ചൂണ്ടക്കമ്പുകള്‍.എല്ലാപ്രായക്കാരും മീന്‍വേട്ടയില്‍ കണ്ണികളാണ്.സുലഭമായ കരിമീന്‍ കൊയ്ത്തിലാണ് അവര്‍ക്ക് താല്പര്യം.

 ഒപ്പം കൂടി കൂട്ടത്തിലൊരാളെ ഞാന്‍ വലയിലാക്കി.മുഖത്തുനോക്കാതെ ചൂണ്ടയില്‍ മിഴിനട്ട് 'മുരുകന്‍' മിണ്ടിത്തുടങ്ങി.

 അഞ്ചുപേരുള്ള കുടുംബത്തിന്റെ ആഹാരമാണ് മുരുകന്‍ ചൂണ്ടയില്‍ കോര്‍ക്കുന്നത്.പഠിച്ചിട്ടില്ല.പക്ഷെ,മീന്‍ പിടിപ്പിലെ പഠിപ്പില്‍ ഏറെ മുമ്പില്‍.സംസാരത്തിനിടയില്‍ നാലഞ്ചു വലിയ മീനുകളെ കരയില്‍ കോരിയെറിഞ്ഞ് കോമ്പയില്‍ കോര്‍ത്ത് വെള്ളത്തിലിട്ടു.ചോദ്യങ്ങള്‍ക്ക് മൂളിച്ചൊല്ലുമായി വീണ്ടും വലിയൊരു കരിമീനിനെ കരയിലിട്ടു..പിടിയെത്തും മുമ്പേ മീന്‍ ഒരൊറ്റ ചാട്ടം.ചൂണ്ടയെറിഞ്ഞ്
.....അട ട.......കടവുളേ.......” ...........!!!! പേച്ചോടെ മുരുകനും വെള്ളത്തില്‍ ചാടി.ഏറെ കഴിഞ്ഞ് മുങ്ങിനിവര്‍ന്ന
മുരുകന്റെ ചുണ്ടത്ത് ചിരി മാത്രം.അവന്റെ ശ്രദ്ധ പാളിയത് എന്റെ സാന്നിദ്ധ്യമാകാം.
ഉടുമുണ്ടു പിഴിഞ്ഞുടുക്കുന്നതിനിടയില്‍ മുരുകന്റെ ചോദ്യം
"മീന്‍ വേണമാ......?
വേണ്ടെന്ന് ഞാന്‍ തലയാട്ടി. മുരുകന്‍ കൈ തന്നു." ഊര് മലയാളമാ..?
        ജീവിതത്തിന്റെ മറുകരതാണ്ടാന്‍ നാമോരുരുത്തരും ചൂണ്ടലിടുകയല്ലേ. വലയിലാകാത്ത വലിയ മീനുകളെ കാത്ത് പിടിവഴുതിയ ചെറുമീനുകളെയോര്‍ത്ത് ദുഖിച്ചിരിക്കുകയല്ലേ.
  മുരുകന്‍ ചൂണ്ടലുമായി നദിക്കരയില്‍,വീണ്ടുമൊരു മീനിനെ കാത്ത്..........................