2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

യാത്ര

                  
                      പട്ടടയ്ക്കലിലെ ശിലാക്ഷേത്രങ്ങള്‍


നെല്‍പ്പാടങ്ങളുടെ ഗ്രാമമാണ് പട്ടടയ്ക്കല്‍.ഉത്തര കര്‍ണ്ണാടകയിലെ ബാദാമി താലൂക്കിലെ ഒരു സുന്ദര ഗ്രാമം.യുനസ്കോ പൈതൃകപ്പട്ടികയിലെ പട്ടടയ്ക്കല്‍ ഏറെ നിശ്ശബ്ദം.ആള്‍ത്തിരക്കുള്ള കാഴ്ചയുടെ മേച്ചില്‍പ്പുറങ്ങളില്‍ പട്ടടയ്ക്കലിന് സ്ഥാനമില്ല.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ചെറിയ കൗണ്ടറില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ആളെ കാത്ത വേഴാമ്പലാണെന്നു തോന്നി.


 
മനോഹരമായ ഒരു നിശ്ചല ചിത്രമാണ് ആദ്യകാഴ്ചയില്‍ പട്ടടയ്ക്കല്‍.ഇരുവശവും പുല്ലുപാകി, കല്ലില്‍ തീര്‍ത്ത വിശാലമായ നടവഴി.ഒരു പൂന്തോട്ടത്തിന്റെ മനോഹരമായ മാതൃക.അതിനു നടുവില്‍ ശിലാക്ഷേത്രങ്ങളുടെ ഒരു മഹായോഗം.ചുവന്ന കല്ലിന്റെ തെളിമ കാഴ്ചയ്ക്ക് നിറച്ചാര്‍ത്ത് നല്‍കും.


.ഡി 500 മുതല്‍ 757 വരെയുള്ള ചാലൂക്യഭരണത്തിന്റെ സുവര്‍ണ്ണ ഗീതികള്‍ പാടുകയാണ് ഈ ശിലാരാമം.പുലികേശി ഒന്നാമന്‍ സ്ഥാപിച്ച്,വിക്രമാദിത്യ രണ്ടാമനിലൂടെ യൗവനം പ്രാപിച്ച് കീര്‍ത്തിവര്‍മന്‍ രണ്ടാമനിലൂടെ ഉയരങ്ങളെ കീഴടക്കിയ രാജഭരണത്തിന്റെ തിരുശേഷിപ്പ്.ഉത്തര ദക്ഷിണ ഭാരതത്തിലെ ശില്പകലകളുടെ സംഗമസ്ഥാനമാണിത്.






ടോളമി petrigal എന്നു വിളിച്ച ഈ നാട്,പട്ടടയ്ക്കല്‍ കിശുവോലാല്‍ എന്ന് പഴമകളിലെ വിളിപ്പേര്.ചുവന്ന മണ്ണിന്റെ താഴ്വര (valley of red soil) എന്നര്‍ത്ഥം.സംസ്കൃതത്തിലും തെക്കേ ഇന്ത്യന്‍ നാഗരി ഭാഷയിലുമുള്ള ലിഖിതങ്ങള്‍ പഴമയുടെ തെളിച്ചം.ശില്പങ്ങള്‍ ഓരോന്നും ചൈതന്യമുള്ള കരവിരുതിനെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും.സര്‍വസിദ്ധി ആചാരി,രേവാഡി ഒവാജ,സൂത്രധാരി,വടക്കന്‍ ഗംഗാതീരത്തു നിന്ന് വന്നെത്തിയ ശില്പകലാ പണ്ഡിതന്‍ ജ്ഞാനശിവാചാര്യ തുടങ്ങിയ ശില്പികളുടെ പേരുകള്‍ വഴികാട്ടി പറയാന്‍ തുടങ്ങി.മൗനം കൊണ്ട് മനസ്സില്‍ ആയിരം പ്രണാമങ്ങള്‍ അവര്‍ക്കായി അര്‍പ്പിച്ചു.ചരിത്രം കാല്പനികത നിറഞ്ഞ കവിതയായി ഒഴുകാന്‍ തുടങ്ങി.


കിഴക്ക് ദര്‍ശനം നല്‍കി എട്ട് ക്ഷേത്രങ്ങള്‍.മതില്‍ക്കെട്ടിറങ്ങിയെത്തിയാല്‍ തൊട്ടുമുന്നില്‍ ജലസമൃദ്ധമായ മാലപ്രഭാ നദി.വടക്കു ഭാഗത്തെ തണല്‍മരച്ചോട്ടിലിരുന്നാല്‍ ഈ ശില്പ ഭൂമിയെ മനം നിറയെ കാണാം.
പട്ടടയ്ക്കല്‍ ക്ഷേത്രങ്ങള്‍ പത്തെണ്ണമാണ്.എട്ട് ക്ഷേത്ര സമുച്ചയങ്ങള്‍ കൂടിച്ചേര്‍ന്നവയാണ് പ്രധാനപ്പെട്ടത്.അവിടെ നിന്നും അര കിലോമീറ്റര്‍ തെക്കുമാറിയാല്‍ പാപനാഥക്ഷേത്രം കാണാം.ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ഈ ക്ഷേത്രത്തിന്റെ പുറത്തെ ചുവരുകള്‍ വിലപ്പെട്ട ശില്പങ്ങള്‍ കൊണ്ട് സമ്പന്നമാണ്.അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറു നീങ്ങിയാണ് ജൈനനാരായണ ക്ഷേത്രം.രാഷ്ട്രകൂടരുടെ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ജൈനക്ഷേത്രമാണിത്.



പത്തുക്ഷേത്രങ്ങളില്‍ ഏറ്റവും വലുപ്പമുള്ളത് വിരൂപാക്ഷ ക്ഷേത്രത്തിനാണ്. തികഞ്ഞ ദ്രാവിഡ തനിമകളുടെ ശില്പവിതാനം.നീണ്ടു വിശാലമായ ക്ഷേത്രാങ്കണം. കിഴക്കു ഭാഗത്തെ നന്ദിമണ്ഡപത്തില്‍ ഭീമാകാരനായ നന്ദി.കറുത്ത ശിലയിലെ നന്ദിക്ക് പ്രത്യേക ഭംഗി തന്നെ.ക്ഷേത്ര ചുവരില്‍ നടരാജന്‍, ലിംഗോത്ഭവ മൂര്‍ത്തി, ശിവന്‍, പാര്‍വതി എന്നീ ദേവതകളുടെ ശില്പങ്ങള്‍. .ഡി 740 -ല്‍ സൂത്രധാരി ആചാര്യനാണ് ഈ ക്ഷേത്രശില്പം നിര്‍മ്മിച്ചതെന്ന് ലിഖിതങ്ങള്‍.ആരാധന നടക്കുന്ന ക്ഷേത്രം ഇതുമാത്രമാണ്.



തൊട്ടടുത്ത് മല്ലികാര്‍ജ്ജുന ക്ഷേത്രം.കാഞ്ചിയിലെ കൈലാസ ക്ഷേത്രം ഇതേ മാതൃകയിലുള്ളതാണ്.വിശാലമായ സഭാതലവും മുഖമണ്ഡപവും. രാമായണം, മഹാഭാരതം,ഭാഗവതം,പഞ്ചതന്ത്രം കഥകള്‍ മനോഹരമായി ശിലകളില്‍ കൊത്തിവച്ചിരിക്കുന്നു. തൊട്ടുചേര്‍ന്ന് കാശിവിശ്വനാഥ ക്ഷേത്രം.മണ്‍കല്ലുകള്‍ മനോഹരമായി കൊത്തിയൊതുക്കി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം.ശിവ നടനത്തെ പാര്‍വതി സാകൂതം വീക്ഷിക്കുന്ന മനോജ്ഞ ശില്പം ഏറെ കൗതുകകരമാണ്.



ഇന്ത്യന്‍ ശില്പകലയുടെ വിപുലമായ ലബോറട്ടറിയാണ് പട്ടടയ്ക്കല്‍. ഭാരതത്തിന്റെ വടക്കും തെക്കുമുള്ള ശില്പവിദ്യയുടെ ഗുരുക്കന്മാര്‍ ഇവിടെ ഒത്തുചേര്‍ന്നു.ക്ഷേത്ര നിര്‍മ്മാണവും പഠനകളരിയും കൂടിയായപ്പോള്‍ ശിഷ്യന്മാര്‍ നാനാദിക്കില്‍ നിന്നുമെത്തി. കൃഷ്ണശിലയില്‍ കല്ലുളികൊണ്ട് കവിത രചിയ്ക്കുന്ന വൈഭവം പട്ടടയ്ക്കലിനെ ഒരു കലാശാലയാക്കി മാറ്റി എന്നു പറയാം.കൊത്തു വിദ്യയുടെ വൈവിധ്യമാര്‍ന്ന പഠനമൂഹൂര്‍ത്തങ്ങള്‍ അവിടെ കാണാം.ക്ഷേത്ര വളപ്പിന്റെ വിശാലതയില്‍ നിരന്നിരിക്കുന്ന നൂറു കണക്കിന് നന്ദി വിഗ്രഹവും ശിവലിംഗങ്ങളും അതാണ് ഓര്‍മ്മിപ്പിക്കുന്നത്.ചുറ്റിക മാറിവീണ് ക്ഷതമേല്പിച്ച നിരവധി ശില്പങ്ങള്‍,അംഗഭംഗം വന്നവ....അങ്ങനെ പഠനപരിസരങ്ങളിലെ കൈക്കുറ്റപ്പാടിന്റെ സൗന്ദര്യരൂപങ്ങള്‍.
ക്ഷേത്രതൂണുകള്‍,തളക്കല്ലുകള്‍,പഞ്ചവര്‍ഗ്ഗം,ബലിക്കല്ല് ഇവയോരോന്നും ഓരോ ടെസ്റ്റു പേപ്പറിന്റെ ഉത്തരകടലാസ്സുകളാണ്.

കല്ല് ചീകിയൊതുക്കി ക്ഷേത്രമാതൃകകള്‍ സൃഷ്ടിച്ചെടുത്ത ശില്പവൈഭവത്തിന്റെ കുറ്റവും കുറവും പെരുത്ത ചെറു ക്ഷേത്രങ്ങള്‍ ഈ പരിസരത്ത് നിരവധിയുണ്ട്.പട്ടടയ്ക്കലിലെ കൊത്തു വിദ്യയുമായാണ് ശില്പികള്‍ ഇന്ത്യയുടെ നാനാദിക്കിലെത്തിയത്.പ്രത്യേകിച്ചും തെക്കേ ഇന്ത്യയില്‍.



ചാലൂക്യരുടെ യുദ്ധവിജയത്തിന്റെയും ഭരണനേട്ടത്തിന്റെയും വിജയോഘോഷങ്ങളുടെ സ്മാരകങ്ങളാണ് ഓരോ ക്ഷേത്രവും.ബഗാല്‍ കോട്ട് ജില്ല ശിലകളുടെ നാടാണ്. കലയെ സ്നേഹിച്ച രാജവംശവും കല്ലിനെ പ്രണയിച്ച ശില്പിയും കൂടിച്ചേര്‍ന്നപ്പോഴാണ് പട്ടടയ്ക്കലിലെ ശിലകള്‍ കവിത എഴുതാന്‍ തുടങ്ങിയത്