2019, ഡിസംബർ 4, ബുധനാഴ്‌ച

യാത്ര




                 ദേവപ്രയാഗിലെ മിന്നാമിനുങ്ങുകള്‍


ദേവപ്രയാഗിലേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങളെക്കുറിച്ചു വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതിപ്പോയത്.വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ജനസംഗമമായിരുന്നു അലഹബാദിലെ കുംഭമേള.2019 ജനുവരി മുതല്‍ മാര്‍ച്ച് 4 വരെ ത്രിവേണി സംഗമത്തിലേക്ക് പ്രവഹിച്ച ജനത്തിന്റെ അളവ് അമ്പരപ്പിക്കുന്നതായിരുന്നു.


മൂന്നു വര്‍ഷം മുമ്പ് വേനല്‍ക്കാലത്ത് ഈ നദിക്കരയില്‍ പരസഹസ്രം മണല്‍ത്തരികളും ഏതാനും ചില ചെറിയ മനുഷ്യരും മാത്രം ഒരു വൈകുന്നേരത്ത് ഒത്തുകൂടിയത് ഓര്‍ത്തു പോകുന്നു.
തലേന്നു രാത്രിയിലെ ഉറക്കമില്ലാത്ത ട്രെയിന്‍ യാത്ര വല്ലാതെ തളര്‍ത്തി.ദല്‍ഹിയില്‍ നിന്ന് അലഹബാദിലേക്ക് സെക്കന്റ് ക്ലാസ്സ് ബോഗിയില്‍ രസിച്ചും സാഹസപ്പെട്ടും സഹിച്ചും ഒരു യാത്ര. കൂരയില്ലാത്ത ഉത്തരേന്ത്യന്‍ പാവങ്ങള്‍ പാതി രാത്രിയില്‍ തലചായ്ക്കുന്നത് ട്രെയിനിലാണെന്ന് മരവിപ്പോടെ മനസ്സിലാക്കി.നിലത്ത് ഉറങ്ങുന്നവന്റെ തലയ്ക്കുമുകളിലൂടെ കത്തുന്ന സ്റ്റൗവും ചൂട് കാപ്പിയുമായി തിരക്കിനിടയില്‍ കാപ്പിക്കച്ചവടക്കാരന്റെ സാഹസിക ട്രപ്പീസ്.തോക്കുമായി യാത്രക്കാര്‍ക്കിടയിലൂടെ ക്രൗര്യം മുഖത്തു തേച്ച് റെയില്‍വേ പോലീസ്.ഒന്നു രസിച്ചെങ്കിലും ഇരിയ്ക്കാന്‍ ഇടം കിട്ടാതെയുള്ള നില്‍പ്പില്‍ ഉറക്കം കൂടുകൂട്ടി.പ്രേംചന്ദ് ചെവിയില്‍ പറഞ്ഞു ഇതാണ് ഇന്ത്യയെ കണ്ടെത്തല്‍.


പുലര്‍ച്ചെ അലഹബാദിലെത്തിയപ്പോള്‍ ഒന്നു തീര്‍ച്ചയാക്കി.ഒരു താവളം.അങ്ങനെ യാത്രയുടെ എട്ടാം ദിനത്തില്‍ ഒരു ചെറിയ ലോഡ്ജില്‍ കയറിക്കൂടി.ഉച്ചവരെ പരിസരം മറന്ന് ഉറങ്ങി.കടുത്ത ചൂട്.പ്രയാഗിലേക്ക് പൊള്ളുന്ന ചൂടില്‍ യാത്ര പ്രയാസം തന്നെ.
ഓട്ടോറിക്ഷയില്‍ നഗരം ചുറ്റി ദേവപ്രയാഗിലേക്ക് കടന്നു.വായിച്ചറിവും റിക്ഷാക്കാരന്റെ വാമൊഴിയും കൂട്ടുപകര്‍ന്നു.


ദേവപ്രയാഗിന് പുണ്യനദികളുടെ സംഗമ സ്ഥാനമെന്നര്‍ത്ഥം.ഗംഗയും ഭാഗീരഥിയും അളകനന്ദയും ഒത്തു ചേരുന്നത് ഇവിടെയാണ്.ഗരുഡന്‍ അമൃതകുംഭവുമായി പോയപ്പോള്‍ അമൃത് തുളുമ്പി വീണ ഇടങ്ങളിലൊന്നാണ് ദേവപ്രയാഗ്.രാമകഥയും മഹാഭാരതവും ഓര്‍ത്ത് റിക്ഷാഡ്രൈവര്‍ വീണ്ടും നദിയുടെ പുണ്യത്തെ ഓര്‍മ്മിപ്പിച്ചു.രാമനും ദശരഥനും ദോഷപരിഹാരം ചെയ്‌തത് ഈ നദീതീരത്താണത്രേ.പാണ്ഡവര്‍ ബദരീനാഥ ദര്‍ശനത്തിന് മുന്നോടിയായി ശരീരശുദ്ധി വരുത്തിയതും ഇവിടെയായിരുന്നു.


കഥയുടെ കെട്ടഴിയുമ്പോള്‍,വിശാലമായ മൈതാനത്ത് ഞങ്ങളെത്തി.പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണകുംഭമേളക്ക് ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ വന്നു നിറയുന്നത് ഇവിടെയാണ്.
മരത്തണലിലെ വൃദ്ധന്‍,മേഞ്ഞുനടക്കുന്ന രണ്ടു പശുക്കള്‍,ഉറുമ്പുകളെപ്പോലെ നടന്നു നീങ്ങുന്ന ചിലര്‍......... വിജനത വിതാനിച്ച വീദൂരദീര്‍ഘമായ മൈതാനപ്പരപ്പിന്റെ വലതുഭാഗത്ത് പ്രയാഗ ഗിരികോട്ട.ഇന്നത് മിലിട്ടറിയുടെ പ്രധാന താവളം.

നദീദീരം പ്രശാന്തമാകുന്നത് വൈകുന്നേരങ്ങളിലാണ്.ഒച്ച വഴി മാറി, വെളിച്ചം പതിയെ വേര്‍പിരിഞ്ഞ് ,ഇരുള്‍ മേലാപ്പുകെട്ടിത്തുടങ്ങുന്ന ഈ നിമിഷം നദിക്കരയിലിരിക്കണം.സ്വച്ഛമാണ് നദിയുടെ വിന്യാസം.പ്രളയ പയോധി കഴിഞ്ഞാല്‍ നദിക്ക് ഗൗരവം കൂടും.ജീവിതത്തിന്റെ ഗഹനത പോലെ സൗമ്യസാരമായ് ഒരു മന്ദപ്രവാഹം.ഹെസ്സേയുടെ സിദ്ധാര്‍ത്ഥയില്‍ നദി കഥ പറഞ്ഞത് ഈ നദീതീരത്തുവച്ചായിരിക്കാം.
കടത്തു വള്ളങ്ങള്‍ നിരയായ് കാത്തുകിടപ്പുണ്ട്.ത്രിവേണിയിലേക്ക് തുഴഞ്ഞാണ് ആ ജീവിതങ്ങള്‍ കരകയറുന്നത്.യമുനയില്‍ ഒന്ന് വിശാലമായി തുഴയാനും അവര്‍ ഒരുക്കമാണ്.ചില്ലറത്തുട്ടുകള്‍ക്ക് കുറച്ചുകൂടി കനം കൂടും.പക്ഷെ വിജനതീരത്തിന്റെ ഭംഗി അവരുടെ മുഖത്തില്ല,നിരാശ മാത്രം.


വായിച്ചറിഞ്ഞ വഴിത്തിരിവുകളിലെല്ലാം ജന നിബിഡമായ സായന്തനം ദേവപ്രയാഗ് വിളിച്ചു പറയുന്നുണ്ട്.ത്രിവേണി സംഗമത്തിന്റെ അലൗകികതയില്‍ മനസ്സു കൂപ്പി പ്രണമിക്കുന്നവരുടെ തോണിയാത്ര. 

പക്ഷേ, ഈ വൈകുന്നേരം ഞങ്ങള്‍ കുറച്ചുപേര്‍ക്കായി നദി സര്‍വലാവണ്യവും തുറന്നു കാട്ടുകയാണെന്നു തോന്നി.ലോകം മുഴുവനും വരിവച്ചും വിരിവച്ചും അറിഞ്ഞനുഭവിച്ച അനിര്‍വചനീയ നിമിഷങ്ങള്‍ വഴിതെറ്റി വന്നെത്തിയ ഞങ്ങള്‍ക്കായി വീതിക്കുകയാണോ


മണല്‍പ്പരപ്പില്‍ തലചായ്‌ച്ച് മറുകര നോക്കിക്കിടന്നു.നദിക്ക് അക്കരെ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി.യമുനക്കു കുറുകെയുള്ള പാലത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നു. 


നദിക്കു മുകളില്‍ ഒറ്റ നക്ഷത്രം തിളങ്ങി.കിഴക്ക് ഗിരി നിരകള്‍ക്കിടയില്‍ നിന്ന് ചന്ദ്രനും പുറത്തിറങ്ങി.ഇന്ന് വെളുത്ത വാവാണ്. ഗന്ധര്‍വ ഗീതിയുടെ മാധുര്യം
ഈ നദിക്കരയില്‍ പാതിരാത്രിയില്‍ അനുഭവിക്കാനാകുമോ‍?
ഇരുള്‍ വീഴാന്‍ തുടങ്ങി.പെട്ടെന്ന് ഞങ്ങള്‍ക്ക് പിന്നില്‍ മണിയൊച്ച.പിടഞ്ഞെണീറ്റു.നദിക്കരയില്‍ മൂവര്‍ സംഘം.നിലത്ത് കത്തിച്ചു വച്ച ദീപം.വലിയൊരു ചെമ്പ് തട്ടത്തില്‍ ദീപം.ഒരാള്‍ ഭക്തിയോടെ നദിക്ക് ദീപാരാധന നടത്തുന്നു.മറ്റു രണ്ടു പേര്‍ മിഴിയടച്ച് പ്രാര്‍ത്ഥിക്കുന്നു.


ഒരു നിമിഷം സ്തംഭിച്ചു.പിന്നെ അറിയാതെ കൈകൂപ്പി നദിയെ നോക്കി.ജീവനൊഴുകുന്ന കണ്‍മുന്നിലെ ഈ ദേവതയെ അല്ലേ ആരാധിക്കേണ്ടത്.ജലത്തിന്റെ സയന്‍സ് അറിയാം;നദിയുടെ ഭൂമിശാസ്ത്രവും.എന്നാല്‍ നദിയുടെ മനസ്സറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? ആ ഗ്രാമീണരുടെ ആരാധനയില്‍ നമ്മള്‍ ആവര്‍ത്തിച്ചു പറയുന്ന പരിസ്ഥിതി തത്ത്വശാസ്ത്രങ്ങളില്ല.എന്നാല്‍ പ്രകൃതിയോടുള്ള ഏതോ ഹൃദയബന്ധം പ്രകാശിക്കുന്നുണ്ട്.


ആ പ്രകാശത്തെ വന്ദിച്ചു.പൂജാസാധനങ്ങളുമായി അവര്‍ ചെറുതോണിയില്‍ നദിക്ക് അക്കരെ തുഴഞ്ഞു.

എത്ര തുഴഞ്ഞിട്ടും മറുകരയെത്താന്‍‌ കഴിയാത്ത മനസ്സിന്റെ ഭാരവുമായി ഇന്നും ഈ നദിക്കരയില്‍ ഞാനുണ്ട്.