2010, മാർച്ച് 30, ചൊവ്വാഴ്ച


ഓര്‍മ്മകള്‍ മഴ നനയുന്നു

വേനല്‍ വരമ്പിലൂടെ പരീക്ഷച്ചൂട്‌ കടന്നു വരുമ്പോള്‍ പള്ളിക്കൂടങ്ങള്‍ ഒന്ന്‌ തണലു ചായാനിരിക്കും.ആരവങ്ങളൊഴിഞ്ഞ സ്‌കൂള്‍ മുറ്റം മഴപ്പാറ്റകളെ സ്വപ്‌നം കാണും.കൗതുകം കൊളുത്തിയ നക്ഷത്ര കണ്ണുകള്‍ നിരനിരയായിരുന്ന ക്‌ളാസ്സ്‌ മുറികള്‍ ഒന്ന്‌ മയങ്ങാന്‍ കിടക്കും.മയക്കത്തിനിടയില്‍ പൊട്ടിച്ചിരിയും കളിതമാശയുപിണക്കവും കടന്നു വരുന്ന ഒച്ചകേട്ട്‌ ഞെട്ടിയുണരും;വെറുതേ.

പല ചില്ലകളില്‍ നിന്നും ചേക്കേറിയ പക്ഷിക്കൂട്ടങ്ങളുടെ കൂടാരമാണ്‌ പള്ളിക്കൂടം.-അക്ഷരങ്ങളെ ധ്യാനിച്ച്‌ അതിശയം സൃഷ്ടിക്കുന്നവര്‍.കഥയുടെ കൂട്ടുപിടിച്ച്‌ കിനാവു കാണാനിറങ്ങുന്നവര്‍.അക്കപ്പെരുക്കം കൊണ്ട്‌ ആകാശച്ചില്ലയിലെ പൂമരക്കൊമ്പില്‍ ഊഞ്ഞാലു കെട്ടുന്നവര്‍...

പത്തിന്റെ പടിയിറങ്ങുകയാണ്‌ എന്റെ കുട്ടികള്‍.പഠിപ്പിച്ചതിനൊക്കെയും കണക്കുതീര്‍ക്കാന്‍ തയ്യാറെടുക്കുകയാണവര്‍.മലയാളം ക്‌ളാസ്‌ുകളില്‍ ചന്തം നിറയ്‌ക്കാന്‍ കുട്ടികള്‍ക്ക്‌ ഉത്സാഹമായിരുന്നു.ഉണര്‍വുള്ള 'ചിന്താവിഷയവുമായി 'ക്ലാസ്സ്‌ തുടങ്ങാന്‍ എന്നും ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടാകും.പുതിയ പാഠ്യപദ്ധതി ഭാഷയുടെ സുഗന്ധപ്പുരകളെ തുറന്നിട്ടു എന്ന്‌ പറയുന്നതാവും ശരി.പുസ്‌തകച്ചെപ്പിനുള്ളിലെ അഴകുള്ള കനകാംബരങ്ങള്‍ ഇതള്‍ വിരിയുന്ന ആസ്വാദനക്കുറിപ്പ്‌.,വാക്കുകള്‍ അസ്‌ത്രമുന കൂര്‍പ്പിക്കുന്ന ചര്‍ച്ചയും പ്രതികരണവും,ഉള്ള്‌ തൊട്ടുണര്‍ത്തുന്ന കവിതയുടെ ആലാപന ഭംഗി.-ഒരു ക്‌ളാസ്സ്‌ മുറിയില്‍ നിന്നും കടന്നുപോകുന്നവര്‍ ബാക്കിയിട്ടുപോകുന്ന മറക്കാനാകാത്ത ശേഷിപ്പുകളാണിത്‌.

ഓര്‍മ്മകള്‍ കനക്കുമ്പോള്‍ ഒറ്റക്കൊലുസ്സിന്റെ സംഗീതം കേള്‍ക്കാം.കുസൃതികള്‍ കൊഴുപ്പിച്ച ഹാഫിസിന്റേയും ജസീറിന്റേയും നേരമ്പോക്കുകള്‍.കവിതയുടെ നിലാവരമ്പത്തു താവളം കൂട്ടിയ ആദര്‍ശ്‌.സ്വര്‍ണ്ണത്താക്കോല്‍ കൊണ്ടു മാത്രം വാക്കുകളുടെ നിലവറ തുറക്കുന്ന പാട്ടിന്റെ പാലാഴിക്കരയിലെ ദേവി ഗൗരി.കഥാപ്രസംഗ പാരമ്പര്യത്തിന്റെ കരുത്തുറ്റ ഇളയ തലമുറക്കാരി ആര്‍.എസ്‌ രശ്‌മി.ചങ്കിടിപ്പിന്‌ വേഗത കൂട്ടി ചോദ്യങ്ങള്‍ കൊണ്ട്‌ പ്രതീക്ഷിക്കാതെ ആക്രമണം നടത്തുന്ന അനന്തുവും ദീപക്ക്‌ ശങ്കറും ബാസിത്തും.മിണ്ടിയാല്‍ തീരുന്നതല്ല ഈ പൂങ്കാവനത്തിന്റെ ചാരുത.

താഴിട്ടു പൂട്ടാന്‍ കഴിയില്ല ഈ ഓര്‍മ്മകളെ.കൊന്നമരച്ചോട്ടിലെ ആഴ്‌ചവട്ടവും ഗാന്ധി മുത്തച്ഛന്റെ പിറന്നാള്‍ദിനത്തിലെ ശുചീകരണവും പിന്നെ കപ്പയും കാന്താരിയും കൂട്ടി എല്ലാവരുടേയും ഒത്തു ചേരലും, കായിക ദിനത്തില്‍ ഓടിജയിച്ച്‌ കാലുളുക്കിയവന്റെ സന്തോഷക്കണ്ണീരും, ഒരു രാപ്പാതിയില്‍ മേളയിലെ ഓവറോള്‍ കീരീടവുമായി സ്‌കൂള്‍ മുറ്റത്തു ചവിട്ടിയ ആനന്ദനൃത്തവും, കൈയ്യടി ഒച്ചയുമായി കാഴ്‌ചയുടെ വിദൂരങ്ങള്‍ പിന്നിട്ട വിനോദയാത്രയും-ക്ഷമിക്കണം പള്ളിക്കൂടമടയ്‌ക്കാന്‍ നേരമായി. ഇന്ന്‌ മാര്‍ച്ച്‌ 31 ആണ്‌.

ക്‌ളാസ്സ്‌ മുറിയുടെ നിലാച്ചുഴിയിലും സന്തോഷത്തിരകളിലും പെട്ടുപോയ ഏതൊരു അദ്ധ്യാപകനും ഈ ഓര്‍മ്മകളുടെ മഴ നനയാതിരിക്കാനാകില്ല,പൊള്ളുന്ന ഈ വേനലില്‍.

2010, മാർച്ച് 21, ഞായറാഴ്‌ച

ചരിത്രത്തെ കൊല്ലാതിരിക്കു

ചരിത്രത്തെ നമസ്‌ക്കരിച്ചു പോകുന്നത്‌ പത്മനാഭപുരം കൊട്ടാരം കാണുമ്പോഴാണ്‌.രാജപാതകളും തെരുവുകളും പുതിയ കാലത്തിന്‌ തടുക്കിട്ടെങ്കിലും കോട്ടവാതിലുകള്‍ കടന്ന്‌ അകക്കെട്ടിലെത്തുമ്പോള്‍ അരണ്ട വെളിച്ചമുള്ള ഇടനാഴിയും നിലവറകളും കഴിഞ്ഞ കാലത്തിന്റെ രഹസ്യങ്ങള്‍ പങ്കു വയ്‌ക്കുന്നതു കേള്‍ക്കാം.പൊളിഞ്ഞടര്‍ന്ന കുമ്മായച്ചുമരുകള്‍ പോലും ചരിത്രത്തിന്റെ ഒരു പെരുമ്പറ ഉള്ളില്‍ വഹിക്കുന്നുണ്ട്‌.

വേളിമലച്ചെരുവിലെ നാനൂറ്‌ വര്‍ഷത്തിലധികം പഴക്കമുള്ള ഈ കൊട്ടാരക്കെട്ടിന്‌ ഇന്ന്‌ പറയാനുള്ളത്‌ വാര്‍ദ്ധക്യത്തിന്റെ സങ്കടങ്ങളാണ്‌.എ.ഡി.1601-ല്‍ ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖരവര്‍മ്മ പണിത കൊട്ടാരം നാല്‌ ഏക്കറിലധികമായി വ്യാപിച്ചു കിടക്കുന്നു.നഗരം തിരക്കു കൂട്ടുമ്പോള്‍ ഒരു നേരമെങ്കിലും ഒറ്റയ്‌ക്കിരിക്കാന്‍ കൊതിക്കുകയാണ്‌ ഇവിടം.കന്യാകുമാരിയിലേക്കും വെള്ളംകളിവിനോദത്തിനും(വാട്ടര്‍ തീം പാര്‍ക്ക്‌)പോകുന്നവര്‍ക്ക്‌ ഒരു ഇടത്താവളമോ സ്ഥലം പറഞ്ഞു തികയ്‌ക്കാനൊരു പേരോ മാത്രമായി ഇവിടം ഒതുങ്ങുന്നു.ഇവിടെ വരുന്നവരില്‍ എത്രപേര്‍ക്കുണ്ടാകും ചരിത്രത്തോട്‌ കൗതുകവും ആദരവും.

രണ്ടായിരത്തി പത്ത്‌ ജനുവരി പതിനാറ്‌ ശനിയാഴ്‌ച.കൊട്ടാരത്തിനു മുന്നിലെ പ്രഭാതം.കൊട്ടാരമുറ്റത്തും തെരുവിലും ആള്‍ക്കൂട്ടവും തിരക്കും.ഒരു പടയോട്ടത്തിന്റെ ഓര്‍മ്മക്കാഴ്‌ച.തൈപ്പൊങ്കല്‍ കഴിഞ്ഞ്‌ തമിഴരും മകരവിളക്ക്‌ തൊഴുതെത്തിയ അയ്യപ്പഭക്തരും ശരണം വിളിച്ച്‌ കൊട്ടാരം കാണാന്‍ വരിനില്‍ക്കുന്നു.കൂട്ടത്തില്‍ വര്‍ഷാന്ത്യത്തില്‍ ക്‌ളാസ്സ്‌ മുറികളില്‍ നിന്നും ലോകം കാണാനിറങ്ങിയ സ്‌കൂളിന്റെ മക്കള്‍.കൊട്ടാരത്തിന്റെ പൂമുഖത്ത്‌ മച്ചും ചിത്രത്തൂണും ചൂണ്ടി ശില്‌പകലയുടെ ചാരുത വാക്കുകളിലാവാഹിച്ചിരുന്ന വിവരവഴികാട്ടികള്‍(ഗൈഡ്‌)ഒതുങ്ങിമാറി നിന്ന്‌ തിരക്ക്‌ നിയന്ത്രിക്കുന്നു.പൂമുഖപ്പടിയില്‍ നിന്നും മരക്കോവണി കയറുന്നവര്‍ തങ്ങളുടെ സാന്നിദ്ധ്യം പാദം കൊണ്ട്‌ ശക്തമായി അറിയിക്കുന്നുണ്ട്‌.ചുവരില്‍ നിന്നും നിശ്ശബ്ദമായി മണ്ണടരുകള്‍ ഇളകി വീഴുന്നുണ്ടായിരുന്നു.കാണുക മാത്രമല്ല കൈയ്യും കാലും കൊണ്ട്‌ തൊട്ട്‌ പെരുമാറി അനുഭവിക്കുക എന്നത്‌ നമ്മുടേത്‌ മാത്രമായ ഒരു സംസ്‌ക്കാരമാണെന്നു തോന്നുന്നു.വഴികാട്ടിയുടെ കണ്ണുതെറ്റാന്‍ കാത്തുനില്‍ക്കുകയാണ്‌ ഓരോരുത്തരും.

മഹാരാജാവിന്റെ പള്ളിയറ കണ്ട്‌ അരണ്ടവെളിച്ചത്തില്‍ തിരികെ ഇറങ്ങുന്നവര്‍ മുഴക്കം കേട്ട്‌ ഞെട്ടും.ആകുന്ന വിധത്തില്‍ ചാടിയിറങ്ങുകയാണ്‌ പടികളോരോന്നിലും.ചരിത്രത്തിന്റെ അടിത്തറയുടെ ബലം പരിശോധിക്കുകയാണവര്‍.കാലത്തിന്റെ രേഖകള്‍ ചുവര്‍ച്ചിത്രങ്ങളായി പതിച്ചിരിക്കുന്നത്‌ ചുരണ്ടി ഇളക്കുന്നതുപോലൊരു വിനോദം മറ്റൊന്നില്ല തന്നെ.സൂപ്പര്‍മാര്‍ക്കറ്റിലെ ഭാഗ്യക്കൂപ്പണ്‍ ചുരണ്ടുന്നതു പോലെയോ,ജീവനകടലാസ്സ്‌(റീ-ചാര്‍ജ്ജ്‌ കൂപ്പണ്‍)നുള്ളി ഇളക്കുന്നതു പോലെയോ ഒരു 'സ്‌ക്രാച്ച്‌ ആന്റ്‌ വിന്‍'.അതെ, പറയാമല്ലോ യാത്രക്കു ശേഷം താന്‍ ചരിത്രത്തില്‍ പതിപ്പിച്ച ഒരടയാളത്തെക്കുറിച്ച്‌.

ആര്‍ത്തലച്ചു വരുന്ന ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ ഈ വാസ്‌തു ശില്‌്‌്‌പത്തിന്‌്‌്‌ കഴിയുമോ? ഓരോ സന്ദര്‍ശകന്റേയും സൗമ്യമല്ലാത്ത സന്ദര്‍ശനങ്ങള്‍ കൊട്ടാരത്തിന്‌ ഇനി ഭാരമാണ്‌.ഓരോ ചുവടുവയ്‌പിലും വാരിയെല്ലുകള്‍ തകര്‍ന്ന്‌്‌്‌ വേദനതിന്നുന്ന ഒരു വാര്‍ദ്ധക്യത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു.കരുതലും പരിചരണവുമാണ്‌ വാര്‍ദ്ധക്യത്തിനാവശ്യം.കഥയും ഐതിഹ്യവും രാജ്യതന്ത്രവുംആജ്ഞയും അധികാരവും നീഗൂഡതയും എന്തിന്‌ എണ്ണിയാല്‍ തീരാത്ത വികാരങ്ങള്‍ തളം കെട്ടിക്കിടക്കുന്ന പോയകാലത്തിന്റെ സാക്ഷ്യമാണിത്‌.ചരിത്രം ജ്വാലകളാകണം,ചരിത്രസ്‌മാരകങ്ങള്‍ പവിത്രസ്ഥലങ്ങളും.തലമുറകള്‍ക്കു വേണ്ട വെളിച്ചമാണത്‌.ഏകാന്തത പെയ്‌തിറങ്ങുമ്പോള്‍ കാണാം അകത്തളങ്ങളിലെ നിശ്ചലകാലത്തിന്‌ ജീവന്‍ വയ്‌ക്കുന്നത്‌.ചരിത്രം കവിതയാണ്‌,ഒറ്റയ്‌ക്കിരിക്കുന്നവനോട്‌്‌്‌ സ്വയം വിളിച്ചുപറയുന്ന സത്യമാണ്‌.ആള്‍ക്കൂട്ടത്തിന്റെ പെരുമഴയില്‍ തീരെ നിറം മങ്ങിപ്പോകുന്ന വരികളാണവ.ദയവു ചെയ്‌ത്‌ ചരിത്രത്തെ കൊല്ലാതിരിക്കൂ----------