2014, ഫെബ്രുവരി 23, ഞായറാഴ്‌ച

യാത്ര

                  മലനിരകള്‍ കവിത എഴുതുന്നു

യാത്ര എനിക്ക് പ്രിയപ്പെട്ട ഒരു കവിതയാണ്.ഏകാന്തതയുടെ ഇടത്താവളങ്ങള്‍ ഒരുക്കി ഇവ രണ്ടും എനിക്ക് കൂട്ടുവരാറുണ്ട്.ആറാം വട്ടമാണ് ഞാന്‍ മൂന്നാറിലെത്തുന്നത്;പ്രത്യേകിച്ച് ഇരവികുളത്ത്.ഓരോ യാത്രയും വ്യത്യസ്തമായ ഈണങ്ങളുള്ള ഒരു കവിതയായി മാറുന്നു.

      ജനുവരിയിലെ തണുപ്പ് എനിയ്ക്ക് സുഖമുള്ള മൂടുപടം പുതപ്പിച്ചു.ആരവങ്ങളില്ലാത്ത ഒരു കാട്ടുപാത ഞാനെപ്പോഴും സ്വപ്നം കാണാറുണ്ട്.പക്ഷെ,പലപ്പോഴും അത് നടക്കാറില്ല.ജനം തിങ്ങിനിറഞ്ഞിരിക്കുന്നു.മണിക്കൂറുകള്‍ കാത്തുനില്പിനു വേണ്ടിവന്നു.

അകലെ കുന്നിന്‍ മടക്കുകളെ മഴമേഘങ്ങള്‍ മുത്തമിടുന്നു.പൊള്ളുന്ന എന്റെ നഗരം എത്രയോ അകലെയാണെന്ന തിരിച്ചറിവ് എനിക്ക് സുഖമുള്ള തണുപ്പിന്റെ കൂടാരമൊരുക്കി.രണ്ടായിരത്തി നാനൂറടി മുകളിലുള്ള ഭൂപ്രകൃതി അതിശയകരമായ പച്ചപ്പിന്റെ വിശാലതയാണ്.കണ്ണുകള്‍ പറവകളാകാന്‍ കൊതിക്കുന്ന വിദൂരക്കാഴ്ചകള്‍.'പി'-യുടെ കവിതകള്‍ യാത്രയില്‍ ഒരു ലഹരിയായി നിറയാറുണ്ട്.പ്രകൃതിയുടെ കാമുകന്‍ കവിതകൊണ്ട് ആ സൗന്ദര്യസാരം പിഴിഞ്ഞൂറ്റാന്‍ വെമ്പിയത് കവിതാചരിത്രം.

    "മലകള്‍ക്കുള്ളില്‍ നിന്നേതോ
     തേനൊലിപ്പാട്ടു കേട്ടു ഞാന്‍                                 
      കടന്നുപോമവളുടെ
      കാല്‍ച്ചിലമ്പൊലി കേട്ടു ഞാന്‍
                                             -(കാവേരി -പി)

എന്നിട്ടും ഒരിക്കലും പിടിതരാതെ തങ്കക്കൊലുസ്സിന്റെ കാല്‍ത്തളനാദം കേള്‍പ്പിച്ച് അവള്‍ നടന്നു.ആ വഴികളില്‍ അലയാന്‍ വിധിക്കപ്പെട്ട പ്രണയപാപികളാണ് സഞ്ചാരികള്‍.

നടപ്പാത കയറി മുകളിലെത്തിയപ്പോള്‍ കാഴ്ചയ്ക്ക് വിരുന്നൊരുക്കാന്‍ പാകത്തില്‍ പാറക്കല്ലുകൊണ്ട് കെട്ടിയ വഴിത്തിണ്ണ.അകലങ്ങളിലെ മരത്തഴപ്പും ഒരു കീറ് വെയിലും ഒത്തു ചേരുന്നു.പെട്ടെന്ന് വീശിയെത്തിയ കോടമഞ്ഞ് ഇരുളിന്റെ കരിമ്പടം വിരിയ്ക്കുന്നു.മനസ്സ് പതിയെ ഇറങ്ങി നടക്കുകയാണ്.
      "നിശ്വാസങ്ങളുടെ
       ചുരങ്ങള്‍ കയറി
       നിഴലുകളുടെ തോളില്‍ കയ്യിട്ട്
       ഇരുളിലേയ്ക്കോ വെളിച്ചത്തിലേയ്ക്കോ
       എന്നറിയാതെ
       എങ്ങോട്ടെങ്കിലും
       ഇറങ്ങിപ്പോകുന്നതിനെ മാത്രം
       യാത്രയെന്നു പറയുക.” 
                             (വഴിയില്ലാത്തവന്റെ യാത്രകള്‍ --പി.കെ.ഗോപി)


ജനം ഇരമ്പിയാര്‍ക്കുന്ന വഴിയില്‍ നിന്ന് വരിതെറ്റാന്‍ കൊതിച്ചു.കാനന നീതി അത് അനുവദിക്കുന്നില്ല.പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് നിശ്ശബ്ദ ജീവികള്‍ പതിയെ തലയുയര്‍ത്തി.വരയാട്ടിന്‍ കൂട്ടങ്ങള്‍ വരിയൊത്ത് വന്നുതുടങ്ങി.പരിചയത്തിന്റെ അകക്കണ്ണു തുറന്ന് മുട്ടിയുരുമ്മി നടന്നു;മലമടക്കിലെ മൗനത്തിന് ജീവന്‍ വച്ചപോലെ. 

                   

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂത്തു നിറയുന്ന കുറിഞ്ഞികള്‍ ധ്യാനത്തിലാണ്.പാറയിടുക്കിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചോല വറ്റിത്തുടങ്ങി. 

ചെങ്കുത്തായ ചെരിവില്‍ പൂത്തു നിറഞ്ഞ ഒറ്റമരം, കണ്ണുകള്‍ പൂമ്പാറ്റകളായി.

മലകള്‍ ദീര്‍ഘതപസ്സിലാണ്.ആകാശത്തിനു നേരെ കൂപ്പുകൈകള്‍ പോലെ തലയുയര്‍ത്തിയുള്ള  ഏകാന്ത ധ്യാനം.വാക്കുകള്‍ക്കുമപ്പുറം മൗനം 
പ്രഘോഷണം ചെയ്യുന്ന കാലസാക്ഷി.


     "ഉള്ളത്തില്‍ നിന്നൊരു വാക്കു പുറപ്പെടാന്‍
     എല്ലാം വെടിഞ്ഞു കഴിയണമെത്ര നാള്‍
     കണ്ണിലമൃതം നിറയാന്‍,കിനാവുകള്‍
     പൊട്ടിച്ചിതറും മനസ്സിനെ പൂട്ടണമെത്ര നാള്‍
     നിശ്ശബ്ദത
     ഇടയ്ക്കിടെയൊരു തിരിഞ്ഞു നോട്ടമാണ്
     ഏകാന്തത
     ഇടയ്ക്കിടെയൊരു സ്വയം കൊത്തിവലിയ്ക്കലാണ് "
                                                      (ഏകാകിയുടെ തേന്‍കൂട് -ദേശമംഗലം രാമൃഷ്ണന്‍)

ഇപ്പോള്‍ എനിയ്ക്കൊപ്പം ആരുമില്ല.വന്നവര്‍ തിരികെ പൊയ്ക്കഴിഞ്ഞു. കാഴ്ച ഗംഭീരമായ ഒരു ദര്‍ശനമാണ്. ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ജീവിതം നമുക്കുചുറ്റും കൂരകെട്ടാന്‍ തുടങ്ങും.അനന്തത,അപാരത,അഗാധത ഇവ ചുറ്റിനും കാവലിരിയ്ക്കും.കവിത വായിക്കുന്നവനാണെങ്കില്‍,ഹൃദയം നേരു കീറി രക്തമൊലിയ്ക്കാന്‍ തുടങ്ങും.പിന്നെ സങ്കടങ്ങളുടെ പെരുമഴയാണ്

 
             “ഒറ്റയ്ക്കിരുന്നു മഴ, വെയില്‍, പൂവുകള്‍
              കാറ്റു നദി നിലാവോര്‍ക്കുന്നതെന്തിന്
              മുന്നോട്ടു നീങ്ങും ശരീരത്തില്‍ നിന്നു ഞാന്‍
              പിന്നോട്ടിറങ്ങി നടക്കുന്നതെന്തിന്?
              ......ഓര്‍മ്മിച്ചലഞ്ഞു..നടക്കുന്നതെന്തിന്?
              ഓര്‍മ്മകളെല്ലാം മറക്കാനുള്ളവ"
                                         (ഓര്‍മ്മകളെന്തിന് -നെല്ലിക്കല്‍ മുരളീധരന്‍)



ഇടമലക്കുടിയിലേയ്ക്കുള്ള അവസാന ജീപ്പും പൊയ്ക്കഴിഞ്ഞു.മലകള്‍ക്കുമപ്പുറം ഇരുളാണ്ട ഒരു ഗ്രാമം.ഒറ്റയടിപ്പാത ......., വീണ്ടും മുന്നോട്ട് ...... കൂടണയുന്ന പക്ഷികള്‍.കാട്ടു പക്ഷിയുടെ സ്വരത്തിന് തൂവലിന്റെ നനുത്ത സ്പര്‍ശം.ഒരു പച്ച മരത്തിന്റെ തണല്‍. നീര്‍ച്ചോലയുടെ സുഗന്ധം.

         "നദീതടം,പൂവിട്ടിരിക്കുന്ന ചില്ല
          മലകളന്തികള്‍
          കടന്നുയര്‍ന്നുപോം
          കിളികളായ് ത്തീരും
          എനിക്കേറെ പ്രിയം
          കിളികളെയെന്നും"
                                         (കിളികള്‍- നെല്ലിക്കല്‍ മുരളീധരന്‍)

പുല്‍ച്ചെടിയെപ്പോലും ആര്‍ദ്രതയോടെ തലോടാനുള്ള സൗമനസ്യം.ഉരുളന്‍ കല്ലുകള്‍ കാലത്തിന്റെ കഥ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.വഴിത്താരകള്‍ വന്നുപോയവരുടെ കാല്പാടിന്റെ ചുംബനം ഓര്‍ത്തുകൊണ്ടേയിരിക്കും.പിന്നെ ഒറ്റയ്ക്കു നടക്കുന്നവന്റെ സങ്കടച്ചെരാതിന് എണ്ണകോരി നിറയ്ക്കും.കാറ്റ് കൂടണയുന്നു.മരങ്ങള്‍ ചില്ല കുടയാന്‍ തുടങ്ങി.ഇരുട്ടിന്റെ രസബിന്ദുക്കള്‍ ഭൂമിയില്‍ ചിതറി വീണു.രാത്രി മനോഹരമായ ഒരു കവിതയാണ്.


    "വരൂ
     വന്നീ നിഴലിലിരിക്കൂ
     ഈ ഊഞ്ഞാലിനെ കുറച്ചു നേരം ഒന്നാട്ടിക്കൊടുക്കു
     ആര്‍ക്കോ നഷ്ടപ്പെട്ടൊരുറക്കു പാട്ട്
     അതിന്റെ പടികളിലിരുന്ന് വിതുമ്പുന്നുണ്ട്
     കുറച്ചു നേരത്തേക്കെങ്കിലും ഈ മരച്ചെരിവില്‍
     കുറച്ചു നേരത്തേക്കെങ്കിലും ഈ മറവിച്ചെരിവില്‍"
                                                      (ജനാല-മോഹനകൃഷ്ണന്‍ കാലടി)