2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച


കല്‌പ്പറ്റ നാരായണന്റെ കവിതയും കരമന വളവിലെ മരണവും

കല്‌പ്പറ്റ നാരായണന്റെ "സമയപ്രഭു" വായിച്ചപ്പോള്‍ കുട്ടികള്‍ക്ക്‌ മുന്നില്‍ ചൊല്ലി കേള്‍പ്പിക്കണമെന്നു തോന്നി.പാഠപുസ്‌തകത്തില്‍ നിന്നു മാറി പുതിയ കവിതകളുമായി എത്തുമ്പോള്‍ അവര്‍ ചെവി കൂര്‍പ്പിക്കാറുണ്ട്‌.മോഹനകൃഷ്‌ണന്‍ കാലടിയും എം.ആര്‍ രേണുകുമാറും പവിത്രന്‍ തീക്കുനിയും ടി.കെ സന്തോഷ്‌കുമാറുമൊക്കെ കുട്ടികളുടെ അടുപ്പക്കാരാണ്‌.
ഫെബ്രുവരി മാസം്‌.ഒന്‍പത്‌.ബി- യില്‍ റിവിഷന്‍ ക്‌ളാസ്സാണ്‌.ഇംഗ്‌ളീഷ്‌ അദ്ധ്യാപകന്‍ ലീവായതിനാല്‍ തുടര്‍ച്ചയായി രണ്ടു പീര്യേഡും ക്ലാസ്സെടുക്കേണ്ടി വന്നു.സമയപ്രഭു ആ സമയത്തിനു പറ്റിയതാണെന്നു തോന്നി.
പള്ളിക്കൂടത്തിന്റെ സുഗന്ധമുള്ള ഒരു കവിതയാകാം ആദ്യം, ''ടീച്ചറിപ്പൊഴും രണ്ടിലാണ്‌ ''.രണ്ടാംക്ലാസ്സിലെ സൗദാമിനി ടിച്ചര്‍.ടീച്ചറിന്റെ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ജീവിതത്തില്‍ പലരുമായി. ഒരാള്‍ സാഹിത്യസമാജം ഉദ്‌ഘാടനം ചെയ്യാന്‍ വന്ന്‌ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ ടീച്ചറെ കണ്ട്‌ 'ഹായ്‌' എന്നു കൈയ്യ്‌ ഉയര്‍ത്തി എന്തോ ഓര്‍ത്ത്‌ കൈ താഴ്‌ത്തി.മറ്റൊരാള്‍ വാക്‌സിനേഷന്‍ ചെയ്യാന്‍ വന്ന്‌ കുട്ടികളെ പേടിപ്പിച്ചു.ഒരാള്‍ കണ്ടക്ടറായി
തിരക്കുള്ള ബസ്സില്‍ ടീച്ചറിന്‌ സീറ്റ്‌ നല്‍കി.മറ്റൊരാള്‍ ഇന്‍സ്റ്റാള്‍മെന്റ്‌ കച്ചവടക്കാരനായി.രണ്ടാള്‍ പോലീസായി.ഒരാള്‍ കള്ളനായി.പക്ഷെ,ടീച്ചറിപ്പൊഴും
രണ്ടിലാണ്‌.ടീച്ചറും കുട്ടികളും ചേര്‍ന്ന്‌ പാടുന്ന ഒരു പാട്ടുണ്ട്‌, ''വാ...കുരുവീീീ വരു കുരുവീീീീീ '' ,പക്ഷെ ഉണങ്ങിയൊടിഞ്ഞ ആ വാഴക്കയ്യിലേക്ക്‌ ഏത്‌
കുരുവി വരാന്‍ ?
കുട്ടികളെല്ലാം ജയിക്കുമ്പൊഴും ടീച്ചര്‍ തോല്‍്‌ക്കുകയായിരുന്നോ? ഓര്‍മകളും പൊട്ടിച്ചിരിയും കുസൃതിയും കിന്നാരവും പിണക്കവും തളം കെട്ടി
കിടക്കുന്ന ക്ലാസ്സ്‌ മുറിയില്‍ നിന്ന്‌ പറന്നുപോയ ഓരോ കുരുവികളെയും ഒരു ടീച്ചറമ്മയ്‌ക്കല്ലാതെ ആര്‍ക്കാണ്‌ ഓര്‍ത്തെടുക്കാന്‍ കഴിയുക ? ജ്യോതിഷിന്റെ വിലയിരുത്തല്‍ കൂട്ടുകാര്‍ അംഗീകരിച്ചപോലെ തോന്നി.
കവിതയ്‌ക്കൊരിടവേള പോലെ ഓഫീസില്‍ നിന്ന്‌ നോട്ടീസെത്തി.
പെട്ടെന്ന്‌ ആരവം കൂട്ടി പലവഴിക്ക്‌ പറക്കുന്ന ശീലം ഈ കുട്ടികള്‍ക്കുണ്ട്‌.
പക്ഷെ അതുണ്ടായില്ല.
അടുത്ത ഒന്നിന്‌ കാത്തിരിക്കുന്ന പോലെ,.......
'' ഇനിയും കവിത വേണോ ? ''
"വേണം.........."
"വാശിയാണോ ? "
"അേേേേേേതേ..........."
എന്നാല്‍ കവിതയുടെ പേര്‌ -'ദുര്‍വ്വാശി '
കുട്ടികള്‍ ചിരിച്ചു.
"ദുര്‍വ്വാശിക്കാരാണ്‌ മരിച്ചവര്‍
ഗംഗാ ജലം വായിലൊഴിച്ചാലും-
അവരിറക്കുകയില്ല
നമ്മള്‍ തല ചുമരിലിടിച്ച്‌ പൊളിച്ചാലും
അവര്‍ ഗൗനിക്കുകയില്ല-----------------------
----------------------------------------------------------
----------------------------------------------------------
അവര്‍ ചെയ്യില്ലെന്നുറപ്പിച്ചത്‌
ഇനി ചെയ്യില്ല;അത്ര തന്നെ"
മരണത്തെക്കുറിച്ച്‌ ഇങ്ങനെ ഒരു വിചാരം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.മരവിപ്പോടെ എന്നെ നോക്കി.അശ്വതി കണ്ണു തുടയ്‌ക്കുന്നു.അമ്മയെ ഓര്‍ത്താവാം.ഒരിക്കലും തിരിച്ചു വരില്ലെന്ന ആ പോക്കാണല്ലോ അവളെയും ഒറ്റയ്‌ക്കാക്കിയത്‌.
മരണത്തെക്കറിച്ച്‌ പറയുമ്പോഴൊക്കെ ക്ലാസ്സ്‌ മുറി ഗഹനമാകും.അത്തരമൊരു അന്തരീക്ഷത്തെ വരവേല്‍ക്കാനെന്നോണം മൗനം നിറച്ചു വയ്‌ക്കും.
"നോക്കൂ, നമുക്കു പിന്നില്‍ നിന്ന്‌ കണ്ണിറുക്കി കാണിക്കുന്ന ഈ കള്ളനെ നമുക്ക്‌ ഒഴിവാക്കാന്‍ കഴിയില്ല.അതൊരു സത്യം മാത്രമാണ്‌."

വീണ്ടും ഞാന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി,
"ബൈക്കില്‍ സഞ്ചരിക്കുന്ന ഈ
ചെറുപ്പക്കാരന്‍ ഇരുപത്തി നാല്‌്‌്‌
കിലോമീറ്റര്‍ കൂടി സഞ്ചരിച്ച്‌്‌്‌
അപകടത്തില്‍പ്പെടും
അയാള്‍ക്കറിഞ്ഞു കൂട
എവിടെ കൃത്യ സമയത്തെത്തിച്ചേരാനാണ്‌
താന്‍ വേഗം കൂട്ടുന്നതെന്ന്‌്‌്‌ --------"

കുട്ടികള്‍ മിഴി തറപ്പിക്കുന്നു; ഞാന്‍ തുടര്‍ന്നു----

"കുളത്തില്‍ മുങ്ങിച്ചാകാന്‍ പോകുന്ന കുട്ടി
തലമറന്നെണ്ണ തേയ്‌ക്കുകയാണ്‌
ഒന്നു വേഗം വാടാ
ഇട വഴിയില്‍ നിന്ന്‌്‌്‌ കൂട്ടുകാര്‍ തിരക്കു കൂട്ടുന്നു
ആരുടെ അക്ഷമ കൂടിയാണ്‌
ഇപ്പോഴവരുടെ അക്ഷമ----------------------"

സര്‍, ഇതും കല്‌്‌്‌പറ്റയുടെ കവിതയാണോ ? നിഷാ മോഹന്റെ ആകാംഷ നിറഞ്ഞ ചോദ്യം

'അതെ,അധികച്ചുമതലകള്‍ എന്ന കവിത'

കവിത മുഴുവനും കുട്ടികളുടെ നിര്‍ബന്ധത്തില്‍ വായിച്ചു. വിശദീകരണങ്ങള്‍ ഒന്നും ആവശ്യമായി വന്നില്ല.കുട്ടികള്‍ ഓരോരുത്തരും തങ്ങള്‍ വഹിക്കുന്ന അധികച്ചുമതലയോര്‍ത്ത്‌്‌്‌ തളര്‍ച്ചയിലോ ഗൗരവത്തിലോ ആണ്‌്‌്‌.എ്‌ന്തിലും സംശയം കാണുന്ന രാഹുല്‍ അപ്പൊഴും ചോദിച്ചു, ഇത്‌്‌്‌ സത്യമാണോ
സാര്‍ ?

പെട്ടെന്ന്‌്‌്‌ വാതില്‍ക്കല്‍ പ്യൂണ്‍ രാധച്ചേച്ചി."സാറിന്റെ ഫോണില്‍ കുറേ നേരമായി ബെല്ലടിക്കുന്നു"

"ഈ പീര്യേഡ്‌്‌്‌ കഴിയട്ടെ ഞാന്‍ വന്നു നോക്കാം"

"സാറേ കൊറേ നേരമായി എന്തെങ്കിലും അത്യാവശ്യം കാണും"

താഴത്തെ നിലയിലെ സ്‌റ്റാഫ്‌്‌്‌ മുറിയിലെത്തി.ബാഗില്‍ നിന്ന്‌്‌്‌ ഫോണെടുത്തു.
വിളിക്കുന്നത്‌്‌ അമ്മാവനാണ്‌,അമ്മയുടെ സഹോദരന്‍.

"എന്താ അമ്മാവാ -----?" മറുതലയ്‌ക്കലെ ശബ്ദം പരിചയമുള്ളതല്ല.

"നിങ്ങള്‍ കരുതുന്ന ആളല്ല.ഞാന്‍ കരമന പാലത്തിനടുത്തു നിന്ന്‌്‌്‌ ----
വളവില്‍ നിന്നാ വിളിക്കുന്നത്‌്‌്‌." പരിഭ്രമവും സങ്കോചവും കലര്‍ന്ന വാ ക്കുകള്‍.എനിക്കാകെ പേടിയായി.

"നിങ്ങള്‍ക്ക്‌്‌ ഇയാളെ അറിയാമോ ? "

"അറിയാം.മധുസൂദനന്‍ നായര്‍.എന്റെ അമ്മാവനാ "
എനിക്കാകെ പേടിയായി.

"ഈ ഫോണ്‍ റോഡില്‍ നിന്ന്‌്‌്‌ കിട്ടിയതാ ---------,ഒരാള്‍ ആക്‌സിഡന്റ്‌്‌ പറ്റി റോഡില്‍ കിടക്കുകയാണ്‌.ബൈക്കില്‍ വരുമ്പോള്‍ ബസ്സ്‌്‌്‌ തട്ടി -------കയറിയിറങ്ങി --------മെഡിക്കല്‍ കോളേജില്‍ ----മോര്‍ച്ചറി യില്‍-------????????????????
കവിതയില്‍ നിന്ന്‌്‌്‌ ഞാനറിയാതെ എപ്പോഴാണവന്‍ കരമന വളവിലെത്തിയത്‌്‌്‌ ?








2010, മാർച്ച് 30, ചൊവ്വാഴ്ച


ഓര്‍മ്മകള്‍ മഴ നനയുന്നു

വേനല്‍ വരമ്പിലൂടെ പരീക്ഷച്ചൂട്‌ കടന്നു വരുമ്പോള്‍ പള്ളിക്കൂടങ്ങള്‍ ഒന്ന്‌ തണലു ചായാനിരിക്കും.ആരവങ്ങളൊഴിഞ്ഞ സ്‌കൂള്‍ മുറ്റം മഴപ്പാറ്റകളെ സ്വപ്‌നം കാണും.കൗതുകം കൊളുത്തിയ നക്ഷത്ര കണ്ണുകള്‍ നിരനിരയായിരുന്ന ക്‌ളാസ്സ്‌ മുറികള്‍ ഒന്ന്‌ മയങ്ങാന്‍ കിടക്കും.മയക്കത്തിനിടയില്‍ പൊട്ടിച്ചിരിയും കളിതമാശയുപിണക്കവും കടന്നു വരുന്ന ഒച്ചകേട്ട്‌ ഞെട്ടിയുണരും;വെറുതേ.

പല ചില്ലകളില്‍ നിന്നും ചേക്കേറിയ പക്ഷിക്കൂട്ടങ്ങളുടെ കൂടാരമാണ്‌ പള്ളിക്കൂടം.-അക്ഷരങ്ങളെ ധ്യാനിച്ച്‌ അതിശയം സൃഷ്ടിക്കുന്നവര്‍.കഥയുടെ കൂട്ടുപിടിച്ച്‌ കിനാവു കാണാനിറങ്ങുന്നവര്‍.അക്കപ്പെരുക്കം കൊണ്ട്‌ ആകാശച്ചില്ലയിലെ പൂമരക്കൊമ്പില്‍ ഊഞ്ഞാലു കെട്ടുന്നവര്‍...

പത്തിന്റെ പടിയിറങ്ങുകയാണ്‌ എന്റെ കുട്ടികള്‍.പഠിപ്പിച്ചതിനൊക്കെയും കണക്കുതീര്‍ക്കാന്‍ തയ്യാറെടുക്കുകയാണവര്‍.മലയാളം ക്‌ളാസ്‌ുകളില്‍ ചന്തം നിറയ്‌ക്കാന്‍ കുട്ടികള്‍ക്ക്‌ ഉത്സാഹമായിരുന്നു.ഉണര്‍വുള്ള 'ചിന്താവിഷയവുമായി 'ക്ലാസ്സ്‌ തുടങ്ങാന്‍ എന്നും ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടാകും.പുതിയ പാഠ്യപദ്ധതി ഭാഷയുടെ സുഗന്ധപ്പുരകളെ തുറന്നിട്ടു എന്ന്‌ പറയുന്നതാവും ശരി.പുസ്‌തകച്ചെപ്പിനുള്ളിലെ അഴകുള്ള കനകാംബരങ്ങള്‍ ഇതള്‍ വിരിയുന്ന ആസ്വാദനക്കുറിപ്പ്‌.,വാക്കുകള്‍ അസ്‌ത്രമുന കൂര്‍പ്പിക്കുന്ന ചര്‍ച്ചയും പ്രതികരണവും,ഉള്ള്‌ തൊട്ടുണര്‍ത്തുന്ന കവിതയുടെ ആലാപന ഭംഗി.-ഒരു ക്‌ളാസ്സ്‌ മുറിയില്‍ നിന്നും കടന്നുപോകുന്നവര്‍ ബാക്കിയിട്ടുപോകുന്ന മറക്കാനാകാത്ത ശേഷിപ്പുകളാണിത്‌.

ഓര്‍മ്മകള്‍ കനക്കുമ്പോള്‍ ഒറ്റക്കൊലുസ്സിന്റെ സംഗീതം കേള്‍ക്കാം.കുസൃതികള്‍ കൊഴുപ്പിച്ച ഹാഫിസിന്റേയും ജസീറിന്റേയും നേരമ്പോക്കുകള്‍.കവിതയുടെ നിലാവരമ്പത്തു താവളം കൂട്ടിയ ആദര്‍ശ്‌.സ്വര്‍ണ്ണത്താക്കോല്‍ കൊണ്ടു മാത്രം വാക്കുകളുടെ നിലവറ തുറക്കുന്ന പാട്ടിന്റെ പാലാഴിക്കരയിലെ ദേവി ഗൗരി.കഥാപ്രസംഗ പാരമ്പര്യത്തിന്റെ കരുത്തുറ്റ ഇളയ തലമുറക്കാരി ആര്‍.എസ്‌ രശ്‌മി.ചങ്കിടിപ്പിന്‌ വേഗത കൂട്ടി ചോദ്യങ്ങള്‍ കൊണ്ട്‌ പ്രതീക്ഷിക്കാതെ ആക്രമണം നടത്തുന്ന അനന്തുവും ദീപക്ക്‌ ശങ്കറും ബാസിത്തും.മിണ്ടിയാല്‍ തീരുന്നതല്ല ഈ പൂങ്കാവനത്തിന്റെ ചാരുത.

താഴിട്ടു പൂട്ടാന്‍ കഴിയില്ല ഈ ഓര്‍മ്മകളെ.കൊന്നമരച്ചോട്ടിലെ ആഴ്‌ചവട്ടവും ഗാന്ധി മുത്തച്ഛന്റെ പിറന്നാള്‍ദിനത്തിലെ ശുചീകരണവും പിന്നെ കപ്പയും കാന്താരിയും കൂട്ടി എല്ലാവരുടേയും ഒത്തു ചേരലും, കായിക ദിനത്തില്‍ ഓടിജയിച്ച്‌ കാലുളുക്കിയവന്റെ സന്തോഷക്കണ്ണീരും, ഒരു രാപ്പാതിയില്‍ മേളയിലെ ഓവറോള്‍ കീരീടവുമായി സ്‌കൂള്‍ മുറ്റത്തു ചവിട്ടിയ ആനന്ദനൃത്തവും, കൈയ്യടി ഒച്ചയുമായി കാഴ്‌ചയുടെ വിദൂരങ്ങള്‍ പിന്നിട്ട വിനോദയാത്രയും-ക്ഷമിക്കണം പള്ളിക്കൂടമടയ്‌ക്കാന്‍ നേരമായി. ഇന്ന്‌ മാര്‍ച്ച്‌ 31 ആണ്‌.

ക്‌ളാസ്സ്‌ മുറിയുടെ നിലാച്ചുഴിയിലും സന്തോഷത്തിരകളിലും പെട്ടുപോയ ഏതൊരു അദ്ധ്യാപകനും ഈ ഓര്‍മ്മകളുടെ മഴ നനയാതിരിക്കാനാകില്ല,പൊള്ളുന്ന ഈ വേനലില്‍.

2010, മാർച്ച് 21, ഞായറാഴ്‌ച

ചരിത്രത്തെ കൊല്ലാതിരിക്കു

ചരിത്രത്തെ നമസ്‌ക്കരിച്ചു പോകുന്നത്‌ പത്മനാഭപുരം കൊട്ടാരം കാണുമ്പോഴാണ്‌.രാജപാതകളും തെരുവുകളും പുതിയ കാലത്തിന്‌ തടുക്കിട്ടെങ്കിലും കോട്ടവാതിലുകള്‍ കടന്ന്‌ അകക്കെട്ടിലെത്തുമ്പോള്‍ അരണ്ട വെളിച്ചമുള്ള ഇടനാഴിയും നിലവറകളും കഴിഞ്ഞ കാലത്തിന്റെ രഹസ്യങ്ങള്‍ പങ്കു വയ്‌ക്കുന്നതു കേള്‍ക്കാം.പൊളിഞ്ഞടര്‍ന്ന കുമ്മായച്ചുമരുകള്‍ പോലും ചരിത്രത്തിന്റെ ഒരു പെരുമ്പറ ഉള്ളില്‍ വഹിക്കുന്നുണ്ട്‌.

വേളിമലച്ചെരുവിലെ നാനൂറ്‌ വര്‍ഷത്തിലധികം പഴക്കമുള്ള ഈ കൊട്ടാരക്കെട്ടിന്‌ ഇന്ന്‌ പറയാനുള്ളത്‌ വാര്‍ദ്ധക്യത്തിന്റെ സങ്കടങ്ങളാണ്‌.എ.ഡി.1601-ല്‍ ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖരവര്‍മ്മ പണിത കൊട്ടാരം നാല്‌ ഏക്കറിലധികമായി വ്യാപിച്ചു കിടക്കുന്നു.നഗരം തിരക്കു കൂട്ടുമ്പോള്‍ ഒരു നേരമെങ്കിലും ഒറ്റയ്‌ക്കിരിക്കാന്‍ കൊതിക്കുകയാണ്‌ ഇവിടം.കന്യാകുമാരിയിലേക്കും വെള്ളംകളിവിനോദത്തിനും(വാട്ടര്‍ തീം പാര്‍ക്ക്‌)പോകുന്നവര്‍ക്ക്‌ ഒരു ഇടത്താവളമോ സ്ഥലം പറഞ്ഞു തികയ്‌ക്കാനൊരു പേരോ മാത്രമായി ഇവിടം ഒതുങ്ങുന്നു.ഇവിടെ വരുന്നവരില്‍ എത്രപേര്‍ക്കുണ്ടാകും ചരിത്രത്തോട്‌ കൗതുകവും ആദരവും.

രണ്ടായിരത്തി പത്ത്‌ ജനുവരി പതിനാറ്‌ ശനിയാഴ്‌ച.കൊട്ടാരത്തിനു മുന്നിലെ പ്രഭാതം.കൊട്ടാരമുറ്റത്തും തെരുവിലും ആള്‍ക്കൂട്ടവും തിരക്കും.ഒരു പടയോട്ടത്തിന്റെ ഓര്‍മ്മക്കാഴ്‌ച.തൈപ്പൊങ്കല്‍ കഴിഞ്ഞ്‌ തമിഴരും മകരവിളക്ക്‌ തൊഴുതെത്തിയ അയ്യപ്പഭക്തരും ശരണം വിളിച്ച്‌ കൊട്ടാരം കാണാന്‍ വരിനില്‍ക്കുന്നു.കൂട്ടത്തില്‍ വര്‍ഷാന്ത്യത്തില്‍ ക്‌ളാസ്സ്‌ മുറികളില്‍ നിന്നും ലോകം കാണാനിറങ്ങിയ സ്‌കൂളിന്റെ മക്കള്‍.കൊട്ടാരത്തിന്റെ പൂമുഖത്ത്‌ മച്ചും ചിത്രത്തൂണും ചൂണ്ടി ശില്‌പകലയുടെ ചാരുത വാക്കുകളിലാവാഹിച്ചിരുന്ന വിവരവഴികാട്ടികള്‍(ഗൈഡ്‌)ഒതുങ്ങിമാറി നിന്ന്‌ തിരക്ക്‌ നിയന്ത്രിക്കുന്നു.പൂമുഖപ്പടിയില്‍ നിന്നും മരക്കോവണി കയറുന്നവര്‍ തങ്ങളുടെ സാന്നിദ്ധ്യം പാദം കൊണ്ട്‌ ശക്തമായി അറിയിക്കുന്നുണ്ട്‌.ചുവരില്‍ നിന്നും നിശ്ശബ്ദമായി മണ്ണടരുകള്‍ ഇളകി വീഴുന്നുണ്ടായിരുന്നു.കാണുക മാത്രമല്ല കൈയ്യും കാലും കൊണ്ട്‌ തൊട്ട്‌ പെരുമാറി അനുഭവിക്കുക എന്നത്‌ നമ്മുടേത്‌ മാത്രമായ ഒരു സംസ്‌ക്കാരമാണെന്നു തോന്നുന്നു.വഴികാട്ടിയുടെ കണ്ണുതെറ്റാന്‍ കാത്തുനില്‍ക്കുകയാണ്‌ ഓരോരുത്തരും.

മഹാരാജാവിന്റെ പള്ളിയറ കണ്ട്‌ അരണ്ടവെളിച്ചത്തില്‍ തിരികെ ഇറങ്ങുന്നവര്‍ മുഴക്കം കേട്ട്‌ ഞെട്ടും.ആകുന്ന വിധത്തില്‍ ചാടിയിറങ്ങുകയാണ്‌ പടികളോരോന്നിലും.ചരിത്രത്തിന്റെ അടിത്തറയുടെ ബലം പരിശോധിക്കുകയാണവര്‍.കാലത്തിന്റെ രേഖകള്‍ ചുവര്‍ച്ചിത്രങ്ങളായി പതിച്ചിരിക്കുന്നത്‌ ചുരണ്ടി ഇളക്കുന്നതുപോലൊരു വിനോദം മറ്റൊന്നില്ല തന്നെ.സൂപ്പര്‍മാര്‍ക്കറ്റിലെ ഭാഗ്യക്കൂപ്പണ്‍ ചുരണ്ടുന്നതു പോലെയോ,ജീവനകടലാസ്സ്‌(റീ-ചാര്‍ജ്ജ്‌ കൂപ്പണ്‍)നുള്ളി ഇളക്കുന്നതു പോലെയോ ഒരു 'സ്‌ക്രാച്ച്‌ ആന്റ്‌ വിന്‍'.അതെ, പറയാമല്ലോ യാത്രക്കു ശേഷം താന്‍ ചരിത്രത്തില്‍ പതിപ്പിച്ച ഒരടയാളത്തെക്കുറിച്ച്‌.

ആര്‍ത്തലച്ചു വരുന്ന ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ ഈ വാസ്‌തു ശില്‌്‌്‌പത്തിന്‌്‌്‌ കഴിയുമോ? ഓരോ സന്ദര്‍ശകന്റേയും സൗമ്യമല്ലാത്ത സന്ദര്‍ശനങ്ങള്‍ കൊട്ടാരത്തിന്‌ ഇനി ഭാരമാണ്‌.ഓരോ ചുവടുവയ്‌പിലും വാരിയെല്ലുകള്‍ തകര്‍ന്ന്‌്‌്‌ വേദനതിന്നുന്ന ഒരു വാര്‍ദ്ധക്യത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു.കരുതലും പരിചരണവുമാണ്‌ വാര്‍ദ്ധക്യത്തിനാവശ്യം.കഥയും ഐതിഹ്യവും രാജ്യതന്ത്രവുംആജ്ഞയും അധികാരവും നീഗൂഡതയും എന്തിന്‌ എണ്ണിയാല്‍ തീരാത്ത വികാരങ്ങള്‍ തളം കെട്ടിക്കിടക്കുന്ന പോയകാലത്തിന്റെ സാക്ഷ്യമാണിത്‌.ചരിത്രം ജ്വാലകളാകണം,ചരിത്രസ്‌മാരകങ്ങള്‍ പവിത്രസ്ഥലങ്ങളും.തലമുറകള്‍ക്കു വേണ്ട വെളിച്ചമാണത്‌.ഏകാന്തത പെയ്‌തിറങ്ങുമ്പോള്‍ കാണാം അകത്തളങ്ങളിലെ നിശ്ചലകാലത്തിന്‌ ജീവന്‍ വയ്‌ക്കുന്നത്‌.ചരിത്രം കവിതയാണ്‌,ഒറ്റയ്‌ക്കിരിക്കുന്നവനോട്‌്‌്‌ സ്വയം വിളിച്ചുപറയുന്ന സത്യമാണ്‌.ആള്‍ക്കൂട്ടത്തിന്റെ പെരുമഴയില്‍ തീരെ നിറം മങ്ങിപ്പോകുന്ന വരികളാണവ.ദയവു ചെയ്‌ത്‌ ചരിത്രത്തെ കൊല്ലാതിരിക്കൂ----------

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച


നന്തനാരുടെ 'ആയിരവല്ലിക്കുന്നിന്റെ താഴ്‌്‌്‌വര' മരിക്കുന്നു/

നന്തനാരുടെ 'ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍' വളരെ ചെറിയ നോവലാണ്‌.ഉണ്ണിക്കുട്ടന്റെ ലോകവും ആത്മാവിന്റെ നോവുകളും കണ്‍മുമ്പില്‍ നില്‍ക്കുമ്പോള്‍ തീരെ നിറം മങ്ങി പോകുന്ന പുസ്‌തകം.പക്ഷെ കാലം പരിസ്ഥിതിക്ക്‌ നല്‍കിയ ശിക്ഷ ക്രൂരമായപ്പോള്‍ ഒരു പ്രദേശത്തിന്റെ നഷ്ടസ്‌മൃതിയായി ഈ പുസ്‌തകത്തിന്‌ ജീവന്‍ വയ്‌ക്കുന്നു.

ഒരു ഗ്രാമത്തിന്റെ സൗന്ദര്യ മുദ്രകളാകെ തകര്‍ക്കപ്പെടുമ്പോള്‍ പരിസ്ഥിതി വിനാശം എന്ന വര്‍ത്തമാനകാല രാഷ്ട്രീയം പ്രസക്തമാകുന്നു.ഒരു പുസ്‌തകം പരിസ്ഥിതി ദര്‍ശനത്തിന്റെ തലങ്ങളിലേക്ക്‌്‌്‌ കാലങ്ങള്‍ക്കു ശേഷം സ്വയം കടന്നെത്തുന്ന കാഴ്‌്‌്‌ച കൗതുകകരവും എന്നാല്‍ ഞെട്ടിക്കുന്നതുമാണ്‌.

തിരുവനന്തപുരത്തിന്റെ കുട്ടനാടായ പള്ളിപ്പുറം പാടശേഖരമായിരുന്നു നന്തനാരുടെ നോവലിന്‌ ഭൂമിക.ഫാക്ടും സര്‍ക്കാറും സംയുക്തമായി നെല്‍കൃഷി പരീക്ഷണം നടത്തിയത്‌ ഇവിടെയാണ്‌.തയ്‌വാന്‍ സര്‍ക്കാറിന്റെ സഹായത്തോടെ തൈനാന്‍-ത്രീ നെല്‍വിത്ത്‌ വിള പരീക്ഷിച്ചറിയാന്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ പള്ളിപ്പുറത്തെ ആയിരം ഹെക്ടര്‍ പ്രദേശത്ത്‌ കൃഷിയിറക്കി.രാസവള പ്രയോഗത്തിന്‌ മേല്‍നോട്ടം വഹിക്കാനും സാങ്കേതികോപദേശം നല്‍കാനുമായി ഫാക്ട്‌ ഉദ്യോഗസ്ഥായ നന്തനാരും ഇവിടെയെത്തി.തുണ്ടു ഭൂമിയില്‍ കൃഷിചെയ്‌തിരുന്ന കര്‍ഷകര്‍ ഒത്തൊരുങ്ങി കൃഷിയിറക്കിയ അപൂര്‍വ സംരംഭമായിരുന്നു അത്‌.വിത മുതല്‍ കൊയ്‌ത്തു വരെ പാടശേഖരം ഒറ്റ ഹൃദയമായി നെല്‍മേനിപ്പെരുക്കത്തില്‍ നിറയുന്നത്‌ കാര്‍ഷിക ചരിത്രത്തിലെ ഒറ്റ തിരിഞ്ഞ സംഭവം.കൂട്ടായ്‌മയുടെ ഈ കൊയ്‌ത്തുല്‍സവമാണ്‌ നന്തനാരെക്കൊണ്ട്‌ നോവലെഴുതിച്ചത്‌.

കര്‍ഷകനും ഭൂവുടമയും കൃഷിയോടു താല്‍പര്യമില്ലാത്ത പുതുതലമുറയും,ഒടുവില്‍ അവര്‍ക്കുണ്ടാകുന്ന തിരിച്ചറിവും-എന്നാല്‍ ഈ നോവലിനെ അപൂര്‍വമാക്കുന്നത്‌ മറ്റൊന്നാണ്‌.

ഗ്രാമത്തിന്റെ ചരിത്രം,ഐതിഹ്യം,ആചാരാനുഷ്‌ഠാനങ്ങള്‍,പുഴ,നീരൊഴുക്ക്‌,പുല്‍പ്പരപ്പിലെ ഒറ്റമരം,നെല്‍ത്തലപ്പിലെ മഞ്ഞുതുള്ളി,ഗ്രാമീണതയുടെ തോന്ന്യാസങ്ങള്‍,വെറ്റക്കറ പിടിച്ച കൊതിക്കെറുവ്‌ -ഇങ്ങനെ കവിത പോലെ കടന്നുപോകാം.ഒരു ദേശത്തിന്റെ നീരൊഴുക്കുകളാണിതും.ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍ ഈ തെളിനീരൊഴുക്കുണ്ട്‌,സമൃദ്ധമാണ്‌.

ആയിരവല്ലിക്കുന്ന്‌ കാഴ്‌ചയില്‍ ഏറെ ഹൃദ്യം.കുന്നിനടിയില്‍നിന്ന്‌്‌്‌ നിറഞ്ഞൊഴുകുന്ന ചെറുതോടുകള്‍,കഥയും കൗതുകവും കൊണ്ട്‌്‌്‌ ജലസമൃദ്ധമായ ആനതാഴ്‌ച്ചിറ,ചിറയില്‍ മുങ്ങി കടലില്‍ പൊങ്ങിയ ആനയും ആനക്കാരനും,പായ്‌്‌്‌ച്ചിറ റോഡിലൂടെ കുടമണി കിലുക്കി റാന്തല്‍വെട്ടത്തില്‍ നിരയായി കായലിലേക്ക്‌്‌്‌ തൊണ്ടും കയറ്റി പോകുന്ന കാളവണ്ടികള്‍,മഴ പെയ്യുമ്പോള്‍ കായലുപോലെ നിറഞ്ഞു ചിരിക്കുന്ന വയലേലകള്‍,കൃഷിക്ക്‌്‌്‌ കാവലായി പാടത്തേക്ക്‌്‌്‌ നോട്ടമെറിഞ്ഞ്‌്‌്‌ തോന്നല്‍ ദേവി...................കഥയും യാഥാര്‍ത്ഥ്യവും ഇനി വഴി പിരിയുകയാണ്‌.

ആയിരവല്ലിക്കുന്ന്‌്‌്‌ ഇന്ന്‌്‌്‌്‌ മരണത്തെ നേരില്‍ കാണുന്നു.മണ്ണു മാന്തിയുടെ ഇരമ്പം മലയ്‌ക്കു ചുറ്റും കൂടാരമിട്ടുകഴിഞ്ഞു.ആകാശത്ത്‌്‌ പവര്‍ ഗ്രിഡിന്റെ വൈദ്യുതി കമ്പി ചിലന്തി വല കെട്ടിക്കഴിഞ്ഞു.ആനതാഴ്‌ച്ചിറയ്‌ക്ക്‌്‌്‌ ഇന്ന്‌്‌്‌ തെളിനീരില്ല..........തീര്‍ന്നില്ല വന്‍ചിലന്തികള്‍ വിവരസാങ്കേതിക വിദ്യയുടെ വല വിരിക്കുകയായി.നന്തനാരുടെ താഴ്‌്‌്‌വര ടെക്‌നോസിറ്റിയായി മാറുകയാണ്‌.സ്ഥലമെടുപ്പിനും കുടിയൊഴിക്കലിനും മരണമണി മുഴങ്ങിക്കഴിഞ്ഞു.

കൂട്ടുകാരും നാട്ടുമൊഴിയും നാട്ടാചാരവും വഴിപിരിയുകയാണ്‌.മുറ്റത്തെ തുളസിയും പൈതൃകത്തിന്റെ അസ്ഥിത്തറയും ബാക്കിയാവുന്നു.വിരല്‍ കൊണ്ട്‌്‌്‌ ലോകത്തെ തൊടുന്നവര്‍ വന്നെത്തിക്കഴിഞ്ഞു.പക്ഷെ ഹൃദയത്തെ തൊട്ട നാടിനെ വിട്ടുപോകാന്‍ ഇപ്പൊഴും മടി.നമ്മുടെ നീര്‍ ഞരമ്പുകള്‍ വറ്റിപ്പോകുന്നത്‌്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു.പുഴയിലെ തെളിനീരില്‍ തുടങ്ങി ഭൂഗര്‍ഭത്തിലെ അവസാനത്തെ തുള്ളിയും ഊറ്റിയെടുക്കുമ്പോള്‍ കൈമോശം വന്നതും മാറ്റിവച്ചതും പ്രിയപ്പെട്ടതാവുകയാണ്‌.അവസാന ശ്വാസം വരെ പോരാടാന്‍ ചരിത്രത്തിലും കാലത്തിലും ഇടം തേടാത്തഒരുമയിലമ്മ ഉണ്ടാകാം;കൂട്ടിന്‌ നന്തനാരുടെ കുഞ്ഞുപുസ്‌തകവും.