2013, ഫെബ്രുവരി 17, ഞായറാഴ്‌ച

യാത്ര

തരംഗംപാടിയിലെ തിരമാലകള്‍ പറഞ്ഞത്
   ജീവിതം പൊള്ളിത്തിളയ്ക്കുമ്പോള്‍ തരംഗംപാടിയിലെത്താം.തിരമാലകള്‍ പാടുന്ന ഗ്രാമം.ഈ കടലില്‍ ക്രോധത്തിന്റെ തിരച്ചാര്‍ത്തുകളില്ല.കരയെ തഴുകി,മണലിനെ പുണര്‍ന്ന് ,പാദങ്ങളെ ചുംബിച്ച് ഓരോ തിരയും തിരികെ മടങ്ങുമ്പോള്‍ കടലിന് പ്രണയത്തിന്റെ തണുപ്പ്.
        തമിഴ് നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് തരംഗംപാടി.കാരയ്ക്കലില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ദൂരം.1620 മുതല്‍ 1845 വരെ ഡാനിഷ് കോളനിയും തുറമുഖവുമായിരുന്നു ഇവിടം.കടല്‍ക്കരയിലെ കോട്ട അതിന്റെ ചരിത്ര സാക്ഷ്യം.
     കടല്‍പ്പരപ്പിനെ നോക്കി നില്‍ക്കുന്ന കോട്ട ഒരു അനുഭൂതിയാണ്.വെറുമൊരു കോട്ടയ്ക്കപ്പുറം കൊട്ടാരക്കെട്ടിന്റെ അകത്തളക്കാഴ്ചകള്‍.നൂറ്റി അമ്പത് വര്‍ഷത്തോളം ഗവര്‍ണറുടെ ഔദ്യോഗിക വസതിയായിരുന്നു.ഇന്ന് മനോഹരമായ ഒരു ചരിത്രമ്യൂസിയം.കടലിന്റെ നേര്‍ക്കു മുഖം കൂര്‍പ്പിച്ചു വച്ച പീരങ്കികള്‍.സൗമ്യശീലരായ മത്സ്യത്തൊഴിലാളികള്‍.ലോകത്തിന്റെ തിരക്ക് അവരെ വിഷമിപ്പിക്കുന്നില്ല.വല നെയ്യുകയും വലവീശുകയും ചെയ്യുകയാണവര്‍.കഴിഞ്ഞ സുനാമിയില്‍ കടല്‍ കരയ്ക്കു കയറി നാലുപേരെ കൂട്ടിക്കൊണ്ടു പോയി.അറ്റു പോയ വലക്കണ്ണികള്‍.ഞങ്ങളുടെ കടലല്ല,എവിടെ നിന്നോ വന്ന രാക്ഷസത്തിരകളാണ്;കടല്‍ത്തീരത്തെ ചില മുറിവുകള്‍ അവര്‍ ചൂണ്ടി.
       ഏകാന്തതയുടെ അപാരതീരങ്ങളെ കാമിക്കുന്നവര്‍ക്ക് ഇവിടെ വരാം.കവിതയിലെ നിലാവൂറുന്ന കേദാരമാണിത്.വിരഹത്തില്‍ തീപ്പെട്ടുപോയ ഒരു മനസ്സുണ്ടെങ്കില്‍ ഇവിടെ സ്നാനപ്പെടുത്താം.ജീവിതം കളഞ്ഞുപോയവന് ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കാം.നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ ആകാശത്തില്‍ നിന്ന് നൂലേണിയിലൂടെ ഇവിടെ കൊണ്ടു വരാം.പ്രണയം പൂക്കുന്ന മന്ദാരമാണ് വേണ്ടതെങ്കില്‍ പതിയെ നട്ട് വളര്‍ത്താം.ആരും ശല്യം ചെയ്യില്ല.കരയാനാണെങ്കില്‍ നിനക്കിവിടെ ജീവിതത്തിന്റെ താവളം കൂട്ടാം.
ഒപ്പം വന്നവരേ............!
നിങ്ങള്‍ മടങ്ങുകയല്ലേ?
ഞാനിവിടെ പതിയെ ചായുകയാണ്....
ഒന്ന് മയങ്ങുകയാണ്....!!!