2017, മാർച്ച് 31, വെള്ളിയാഴ്‌ച

യാത്ര

          ഹൊഗ്ഗനക്കലിലെ പ്രണയജലവും
               കുട്ടവള്ളക്കാരും പിന്നെ ശശിയും


       ഹൊഗ്ഗനക്കലില്‍ കാവേരിക്ക് രൗദ്ര സൗന്ദര്യമാണ്.സൗമ്യതീരങ്ങള്‍ അതിശയത്തിന്റെ വിഭ്രമക്കാഴ്ചയാണ് ഒരുക്കുന്നത്.എങ്കിലുമുണ്ട് അതിന് മനോലയം നല്‍കുന്ന അനുഭൂതികള്‍.
       ഹൊഗ്ഗനക്കല്‍ കാണാന്‍ കാടകങ്ങളിലൂടെ വാഹനത്തിലുള്ള യാത്ര തന്നെ സുഖകരമാണ്.മലയിറങ്ങിയും കയറിയും വാഹനം കുതിക്കുമ്പോള്‍ വൃക്ഷത്തലപ്പുകള്‍ തീര്‍ത്ത പച്ചവിരിച്ച സാഗരം.താഴെയെവിടെയൊ കാവേരിയുടെ മുഴക്കം.വിരുന്നിനെത്തുന്നവരെ കണ്ട് കണ്ണുറപ്പിച്ച് കാട്ടിലെ കൂട്ടുകാര്‍.
           ചെറിയ ബസ് സ്റ്റാന്‍ഡും കുറച്ച് കടകളും മാത്രം.നഗരത്തിന്റെ ആക്രമണം ഇനിയും തുടങ്ങിയിട്ടില്ല.യാത്രക്കാര്‍ വന്നെത്തുന്നുവെങ്കിലും ഹൊഗ്ഗനക്കല്‍ സുഖകരമായ നിശ്ശബ്ദതയുടെ കൂടാരമാണ്.
         വഴിയിലേക്കിറങ്ങി മാടിവിളിക്കുന്ന കച്ചവട വസ്തുക്കളും വാണിഭ സ്വരവും യാത്രാ തുരുത്തുകളിലെ ജീവിത കിതപ്പിന്റെ അനുഷ്ടാനങ്ങളിലൊന്നാണ്.



           പതിവു കാഴ്ചകള്‍ ഇവിടെ കുറവാണ് .പക്ഷെ,വേറിട്ട മറ്റൊന്നുണ്ട്.കാവേരിയില്‍ നിന്നും പിടിച്ചെടുത്ത അഴകുള്ള കൊഴുത്ത മത്സ്യങ്ങളുടെ വിഭവക്കാഴ്ചകള്‍.പച്ചയ്ക്കും പാകം ചെയ്തും വഴിയരികിലെ പീടികകളില്‍ നിരയായി രുചിയുടെ മണങ്ങള്‍.
വില പറഞ്ഞാല്‍ മതി....പാകം ചെയ്ത് തിന്നാന്‍ തരും,കൊതിയോടെ നോക്കിയാല്‍ മതി,രുചി നോക്കാന്‍ പങ്കെടുത്ത് മുന്നില്‍ വയ്ക്കും..പക്ഷെ,ഒന്നുണ്ട് ഇവിടം ഒരു മത്സ്യ ചന്തയല്ല ?....കാവേരിയുടെ സൗന്ദര്യം പോലെ അഴകുള്ള മീനുകള്‍.
ഒരു നദി ലോകത്തിന് വിരുന്നൂട്ടുന്നതെങ്ങനെയെന്ന് ഞാനറിഞ്ഞു.വെള്ളവും വെള്ളത്തിന്റെ സത്തായ മീനും പങ്കുവയ്ക്കുകയാണ്.വരുണന്റെ സമീപത്ത് നിത്യവും പ്രാര്‍ത്ഥനയോടെ കഴിയുന്നവളാണ് കാവേരിയെന്ന് സ്കന്ദപുരാണത്തില്‍ പറയുന്നു.ആ പ്രാര്‍ത്ഥന അവിരാമം നടക്കട്ടെ...നിറഞ്ഞൊഴുകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാവാം.
       ദാഹജലത്തിനായി പൊള്ളുന്ന ഈ കാലത്ത് നമുക്ക് ജലയുദ്ധങ്ങള്‍ നടത്താന്‍ കാവേരി പ്രാര്‍ത്ഥിക്കട്ടെ....


       നദീ തീരത്ത് കുട്ടവള്ളവുമായി കടത്തുകാര്‍ നമ്മെ സ്വാഗതം ചെയ്യും.ഭയവും ആശങ്കയും കൗതുകവും കുറച്ച് സാഹസികതയും തമ്മില്‍ മത്സരിക്കാന്‍ തുടങ്ങും.ഒടുവില്‍ കൗതുകവും ധൈര്യവും കൈകോര്‍ക്കും; കുട്ടവള്ളം കയറാന്‍ നമ്മള്‍ തയ്യാറാകും.


       കുട്ടവള്ളത്തിലെ യാത്രയ്ക്ക് അല്‍പ്പം പ്രയത്നമുണ്ട്.ആദ്യം മനസ്സിന്റെ, പിന്നെ തുഴക്കാരന്റെ, എന്തിന് കാവേരി പോലും ഭൂമിയിലൊഴുകിയത് പ്രയത്നത്തിന്റെ ഫലമല്ലേ?
         അഗസ്ത്യമുനി കൈലാസത്തില്‍ ചെന്ന് ശിവനെ പൂജിച്ചാണ് കാവേരിയെ ഭൂമിയിലെത്തിച്ചത്.അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം ശിവന്‍ പ്രത്യക്ഷനായി.എന്തു വരം വേണമെന്ന് ശിവന്‍ ചോദിച്ചു.ആ സമയം കാവേരി നദിയും അടുത്തു നിന്ന് ശിവനെ ഉപാസിക്കുകയായിരുന്നു.ഭൂമിയില്‍ തനിക്കൊരു പുണ്യസ്ഥലം സ്ഥാപിക്കണമെന്നും അതിനു വേണ്ടുന്ന ജലം തന്നയയ്ക്കണമെന്നും അഗസ്ത്യന്‍ അപേക്ഷിച്ചു.ശിവന്‍ കാവേരി ജലം കൊണ്ട് അഗസ്ത്യന്റെ കമണ്ഡലു നിറച്ചു കൊടുത്തു.പല കഷ്ടതകളും സഹിച്ച് അഗസ്ത്യന്‍ ദക്ഷിണ ഭാരതത്തില്‍ വന്നു.
         കമണ്ഡലു മുന്നില്‍ വച്ച് അദ്ദേഹം ധ്യാനനിമഗ്നനായിരുന്നു.ആ സമയത്ത് ഇന്ദ്രന്റെ അപേക്ഷയനുസരിച്ച് ഗണപതി ഒരു കാക്കയായി കമണ്ഡലുവിന്റെ വക്കില്‍ വന്നിരുന്നു.കമണ്ഡലു മറിഞ്ഞു പോയി.അതിലെ വെള്ളം നദിയായി ഒഴുകി.അതാണ് ഇന്നു കാണുന്ന കാവേരി.



വീതി കൂടിയ തുഴയഗ്രം കൊണ്ട് ജലം വകഞ്ഞ് തുഴഞ്ഞും വള്ളം ചുറ്റിക്കറക്കിയും കുട്ടവള്ളക്കാരന്‍ മികവ് പുറത്തേക്കിട്ടു.വള്ളം അതിവേഗം ചുഴറ്റി മുഖത്തു നോക്കി ചിരിച്ചു.വിദൂരതയില്‍ മിഴിയെറിഞ്ഞ് നദിയുടെ സൗന്ദര്യം മുഴുവന്‍ കുടിച്ച്,ആ കണ്ണുകള്‍ നമ്മുടെ കണ്ണുകളിലേക്ക് പകരും.
കാവേരിയുടെ കഥയും കദനവും കൗതുകവും അയാളുടെ നാവിലുണ്ട്.നദിയുടെ ഓളം തുള്ളലും ആഴപ്പെരുക്കവും അയാള്‍ക്ക് നിശ്ചയം.തനിക്ക് പ്രിയപ്പെട്ടതൊന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുന്ന ഒരു കുട്ടിയുടെ ഹൃദയമായിരുന്നു തുഴക്കാരന്.
       പെട്ടെന്ന് കുട്ടവള്ളത്തിന്റെ വേഗം കുറഞ്ഞു.വെള്ളത്തില്‍ ഒരു ഘോഷയാത്ര.ചമയവും ഘോഷവുമില്ല.വലിയ മീനുകള്‍ കൂട്ടമായി നീങ്ങുന്നു............!
      കൈയും മനസ്സും വെമ്പി കുതിക്കുന്നതിനിടയില്‍ അവര്‍ പൊയ്ക്കഴിഞ്ഞു.
ഹൊഗ്ഗനക്കലിലെ കാണാക്കാഴ്ചകള്‍ ഇനിയാണ്.

മറുകരയെത്തിയാല്‍ കുട്ടവള്ളക്കാര്‍ അത് ചുമന്ന് തീരം കയറും. കാട്ടിലൂടെ ചെറുയാത്ര.ക്ഷീണം മാറ്റാന്‍ മീന്‍ വറുത്തതും കുപ്പിവെള്ളവും.
കച്ചവടം പൊടി പൂരം!

കുട്ടവള്ളങ്ങളെല്ലാം എത്തിയാല്‍ ടെമ്പായില്‍ കയറ്റി അടുത്ത കടവിലിറങ്ങും.
നീന്തിത്തുടിക്കാന്‍ പ്രകൃതിയൊരുക്കിയ പുഴയോരം.
ജലകേളി ഇവിടെയാണ്.ജലസമൃദ്ധമായ ഒഴുക്കുകുറഞ്ഞ നദീ തീരം.ഇവിടെ കാവേരി കനിവുള്ളവളാണ്.
എന്റെ കുട്ടവള്ളക്കാരന്‍ അകലെ കണ്ണുറപ്പിച്ചിരിക്കുകയാണ്. എന്നും കണ്ടിട്ടും എത്ര കണ്ടിട്ടും പുഴ കണ്ട് മതി വരാത്തപോലെ.


         ഞാന്‍ അടുത്തു കൂടി.തമിഴും ഒരുക്കിച്ചേര്‍ത്ത മലയാളവുമായി അയാള്‍ പേശി.- 'നാന്‍ സസി'(ശശി).നാവില്‍ പുഴയൊഴുക്കിന്റെ മറ്റൊരു പ്രവാഹം.ഇരുപത്തി മൂന്നു വയസ്സുകാരന്‍.പതിനഞ്ചാം വയസ്സില്‍ അപ്പയ്ക്കൊപ്പം പുഴയിലിറങ്ങി.വിവാഹിതന്‍.
പക്ഷെ,ശശി ഇന്ന് ഉഭയ ജീവിയാണ്.പുഴയും കരയും ഒരു പോലെ.പുലര്‍ച്ചെ മുതല്‍ ഇരുട്ടും വരെ അയാള്‍ നദിയിലാണ്.
വേനലിലെ കാവേരി മുക്കുത്തിയിട്ട പെണ്ണാണ്.വെട്ടിത്തിളങ്ങുന്ന വെള്ളം.കര കവിയാറില്ല.




        മല കറുത്ത് മഴയിറങ്ങുമ്പോള്‍ വള്ളം തുഴയുന്നവനു പോലും ചങ്ക് ചിതറും.'മുടിയഴിച്ചാടുന്ന പെണ്‍പിളൈ താന്‍' - ശശി പതിയെ കവിയാകാന്‍ തുടങ്ങി.
എങ്കിലും കേമം ...അപ്പാ ..പൊയ് അല്ലൈ..നിജമാ സത്യം.അഴകാന അമ്മ താന്‍.'
കാവേരിയുടെ പ്രളയ സൗന്ദര്യം ശശിക്ക് പ്രണയ ജലം തന്നെ.
ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന മല നിര ചൂണ്ടി ശശി ചോദ്യമെറിഞ്ഞു.
'അന്ത കാട് തെരുയുമാ' ?
അറിയില്ലെന്ന് തലയാട്ടി
"ഇതു താന്‍ സത്യമംഗലം"
വീരപ്പന്റെ കഥകളിലൂടെ ശശി നാവെറിഞ്ഞ് തുഴയാന്‍ തുടങ്ങി.വീട്ടിനും ഊരിനും ദൈവമായി ശശിയുടെ വീരപ്പന്‍ വാഴ്ത്തുകള്‍ .കാടും നദിയും അതിരിട്ട ഒരു ഗ്രാമത്തിന്റെ തുടിച്ചൊല്ലുകള്‍ സത്യമാകാം.സത്യമംഗലത്തിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് ഞാനും നനഞ്ഞിറങ്ങി.




         ദക്ഷിണേന്ത്യയിലെ നയാഗ്രയാണ് ഹൊഗ്ഗനക്കല്‍.ജല സൗന്ദര്യം ജല രഹസ്യമായി നിപതിക്കുന്ന പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടം.വിശാലമായി പരന്നൊഴുകി ഒടുവില്‍ നദി ആവേഗത്തോടെ ആഴങ്ങളിലേക്ക് കുതിക്കുന്ന കാഴ്ച വിസ്മയം തന്നെ.വെള്ളത്തിന്റെ സഞ്ചാര ഗതിയിലെ വിഭ്രാമക വിതാനം നമ്മെ നിസ്സാരന്മാരാക്കും.
കുട്ടവള്ളത്തിലെ തുടര്‍യാത്ര സാഹസികം.നാലു ദിക്കില്‍ നിന്നും പാഞ്ഞെത്തുന്ന നദി പ്രവാഹത്തെ തുഴകൊണ്ടും കുട്ട കൊണ്ടും പ്രതിരോധിച്ച് മുന്നോട്ടുള്ള പോക്ക്.വിധിയുടെ കൈയില്‍ ജീവിതം വച്ചുകൊടുക്കുന്ന ഒരു തമാശ തന്നെയാണ്.


          ഇതിനിടയില്‍ ശശി അഭ്യാസം തുടങ്ങിക്കഴിഞ്ഞു.കുട്ട വേഗത്തില്‍ കറങ്ങുന്നുണ്ട്.ഒഴുക്കിന്റെ ഗതി വേഗത്തില്‍ കുട്ടയിറക്കി പെട്ടെന്ന തെന്നി മാറ്റി വീണ്ടും കറക്കി മുന്നോട്ടു കുതിക്കുന്നതിനിടയില്‍ ഉള്ളില്‍ നിലവിളിക്കുന്ന പ്രാണനെ കൈയിലെടുത്ത് നമ്മള്‍ കരയ്ക്കെറിഞ്ഞിരിക്കും.കയത്തിലേക്ക് ഊക്കോടെ പതിക്കുന്ന നദിയുടെ ഒച്ചയും അന്തരീക്ഷത്തില്‍ ജലകണം നിറച്ച് മഞ്ഞു പുക സൃഷ്ടിക്കുന്ന മാസ്മരികതയും ഏതൊരു ഭയത്തിനെയും പിന്നിലാക്കി പ്രകൃതിയെ മുത്തമിടാന്‍ നമ്മളെ തയ്യാറാക്കും.



         ചുണ്ടില്‍ ചിരിയുമായി ശശി വള്ളം കരയിലേക്ക് തുഴഞ്ഞു.
ഒരു നദി ഒഴുകന്നത് എന്തെല്ലാം രഹസ്യങ്ങളിലൂടെയാണ്, ജീവിതം പോലെ.പ്രകൃതിയൊരുക്കിയ അതിശയങ്ങള്‍ കാണുമ്പോഴാണ് ദൈവത്തിന്റെ കൈവിരലുകളെ തൊടാന്‍ തോന്നുന്നത്.
ശശിയെ ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു.
'വേണ്ട'- അടുത്ത കൂട്ടരെത്തിയിട്ടുണ്ടാകും.
'ഇനി വരുമ്പോള്‍ എന്നെ കാണുമോ'? ശശിയുടെ വാക്കുകള്‍ മനസ്സില്‍ ഈര്‍പ്പം പടര്‍ത്തി.'എനിക്ക് ഫോണില്ല'...


കാവേരിയിലൂടെ എത്ര ജലം ഒഴുകി.എത്ര പേര്‍ വന്നു പോയി.ജീവിതത്തിന്റെ വഴിത്തിണ്ണ മാത്രം ആശ്രയമായ എനിക്ക് ഒരു തിരിച്ചു വരവുണ്ടോ?
കാണുന്ന കാഴ്ചകളെ അവസാനത്തേതെന്ന് കരുതുക.
അപ്പോള്‍ എല്ലാം പ്രിയപ്പെട്ടതാകും......ആര്‍ദ്രമാകും .....!