2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

വിചാരം

                          കടല്‍പ്പാലത്തിലെ കാഴ്‌ചകള്‍
      പ്രണയം ഒരു കാഴ്‌ചയാണ്‌;ആത്മാവിന്റെ അടിത്തട്ടുവരെ തൊട്ടെടുക്കുന്ന മായപളുങ്കിന്റെ രാസലായനി.യൗവനം മാത്രം തീറെഴുതി വാങ്ങിയ സ്വകാര്യസ്വത്തല്ല അത്‌.വേഗങ്ങളുടെ ആലോലത്തിമിര്‍പ്പില്‍ കാല്‍ച്ചുവട്ടില്‍ കാറ്റിരമ്പങ്ങള്‍തീര്‍ക്കുന്ന പ്രായത്തിന്റെ അപക്വവിലാസങ്ങളോ അത്‌? കാലത്തിനും പ്രായത്തിനും അപ്പുറം ഓര്‍മകളുടെ സുഗന്ധവും നനുത്തസ്വപ്‌നങ്ങളും നിലാവും വാക്കുകളും ഇടതൂര്‍ന്നു വളരുന്ന ചിത്രശലഭങ്ങളുടെ കൊട്ടാരം! പ്രമേയത്തിലും ആവിഷ്‌ക്കാരത്തിലും പുതുമയുള്ള,ക്യാമറ പടര്‍ത്തിയ മഷിച്ചാലുകളില്‍ കരുതി സൂക്ഷിച്ചുവച്ച ചില സുന്ദര നിറഭേദങ്ങളുടെ ബ്ലസ്സി ചിത്രമാണ്‌ 'പ്രണയം'.
           അച്യുതമേനോനും മാത്യൂസും ഗ്രെയ്‌സും അറുപതിനും എഴുപതിനുമിടയ്‌ക്ക്‌ പ്രായമുള്ളവരുടെ ജീവിതകഥയില്‍ യൗവനം ഒരു ഫ്‌ളാഷ്‌ ബാക്ക്‌ മാത്രം.പ്രണയത്തിന്റെ മഴ നനയാന്‍ അതിന്റെ പനിച്ചൂടില്‍ മൂടിപ്പുതച്ചു കിടക്കാനാഗ്രഹിക്കുന്ന,കാല്‌പനികതയുടെ മധുരഭാവങ്ങള്‍ ഒപ്പിയെടുക്കുന്ന മഴക്കാഴ്‌ചയായി ആ യൗവനം മാറുമ്പോള്‍ പ്രണയം ഒരു തിരിച്ചറിവോ വിശ്വാസമോ കരുതലോ ഒക്കെയാണ്‌.അരണ്ടകാഴ്‌ചയുടെ ഇടങ്ങളില്‍ ശാരീരികമായ സ്‌പര്‍ശങ്ങളില്‍മാത്രം വിരല്‍വയ്‌ക്കുകയാണ്‌ അപ്പോള്‍ പുതിയ യൗവനം.
കാഴ്‌ചയുടെ ഫോക്കസ്‌ അഡ്‌ജസ്റ്റുമെന്റിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌.ഒപ്‌താല്‍മിക്‌ ലാബില്‍ കാഴ്‌ച പരിശോധിക്കുന്ന അച്യുതമേനോന്‍ അക്ഷരച്ചാര്‍ട്ടില്‍ 'U' വരെ വായിച്ചു നിര്‍ത്തുന്നു.ശേഷം അവ്യക്തമാണ്‌.കണ്ണട കിട്ടിയ ശേഷം കളിക്കളത്തില്‍ പഴയ ഫുട്‌ബോള്‍ താരമായി വീശിപ്പറക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും തെന്നിവീണു. 'ഭാഗ്യം കണ്ണട പൊട്ടിയില്ലല്ലോ' എന്നായിരുന്നു മേനോന്റെ കമന്റ്‌.അവിടെ നിന്ന്‌ ഫ്‌ളാറ്റിലേക്ക്‌ വരുന്ന വഴിയില്‍ ലിഫ്‌റ്റില്‍ വച്ചാണ്‌ ഗ്രെയിസിനെ കാണുന്നത്‌. 'U' (YOU) വ്യക്തമാകുകയാണ്‌ -നാല്‌പത്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു
ശേഷം.ഗ്രെയ്‌സിനെ കണ്ട ആഘാതത്തില്‍ കുഴഞ്ഞുവീഴുന്ന മേനോനെ ആശുപത്രിയിലാക്കുന്നതും ആശങ്കകളോടെ കാത്തിരിക്കുന്നതും ഗ്രെയ്‌സ്‌ തന്നെ.മേനോന്റെ കണ്ണട ഗ്രെയ്‌സ്‌ ഭദ്രമായി സൂക്ഷിക്കുന്നു,കൈമാറുന്നു -കാഴ്‌ചകള്‍ വളരെ അടുത്താകുന്നു.
              കടല്‍പ്പാലം പ്രണയത്തിന്റെ തീക്ഷ്‌ണമോ വശ്യമോ രൂക്ഷമോ ആയ ഇമേജറിയായി പ്രത്യക്ഷപ്പെടുന്നു.മാത്യൂസും ഗ്രെയ്‌സും പിന്നെ മേനോനും ഒത്തുചേരുന്ന 'കടല്‍ക്കാഴ്‌ച'കളാണ്‌ തുടര്‍ന്ന്‌ ചിത്രത്തെ വിസ്‌മയമാക്കുന്നത്‌. 'മഴ' പ്രണയത്തിന്റെ മറ്റൊരു ബിംബമായി സിനിമയില്‍ നിറഞ്ഞുപെയ്യുന്നു. ഒരു മഴക്കാഴ്‌ചയിലാണ്‌ ഗ്രെയിസും അച്യുതമേനോനും പ്രണയികളാകുന്നത്‌.മഴയിറമ്പത്താണ്‌ മാത്യൂസ്‌ ഗ്രെയിസിനു സ്‌നേഹസാന്ത്വനങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌.മാത്യൂസ്‌ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ മഴ സാന്ത്വനമായി കൂട്ടുനില്‍ക്കുന്നു.
കടലിരമ്പത്തിന്റെ ഒച്ച പ്രണയത്തിന്റെ പശ്ചാത്തലമാണ്‌.ജാലകത്തിലൂടെയുള്ള മാത്യൂസിന്റെ കടല്‍ക്കാഴ്‌ചകള്‍,ഇരുളിന്റെ ഛായയില്‍ തിരയിളകുന്ന നീലക്കടല്‍,തിരച്ചാര്‍ത്തില്‍ കുതിര്‍ന്ന കടല്‍പ്പാലം -നുരയിട്ടുയരുന്ന പ്രണയത്തിന്റെ ആഴക്കാഴ്‌ചകളും സൗന്ദര്യവും അനുഭൂതിയും ദുരൂഹതയും.പ്രണയം കണ്ണെത്താ ദൂരത്തെ കാഴ്‌ചകളാണ്‌.
               ജലപ്പരപ്പിനും ഓളപ്പാത്തിയ്‌ക്കും മുകളില്‍;തെന്നിവീഴുന്ന വഴിത്താരയില്‍,കല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ പറന്നുയരുന്ന ചിത്രശലഭങ്ങള്‍ പ്രണയത്തിന്റെ വഴികളിലെ സുന്ദരമായ സാഹസികതകളായി മാറുന്നു.ഫ്‌ളാറ്റിലെ ലിഫ്‌റ്റിനുള്ളിലും ഗ്രെയിസിന്റെ കുഴിമാടത്തിലും ആ ചിത്രശലഭം കൂടെയെത്തുന്നു.പ്രണയം മനസ്സു തേടുന്ന ഒരു ശലഭമാണ്‌.
സമീപദൃശ്യങ്ങളിലൂടെ (close up) നഗരജീവിതത്തിന്റെ,ഫ്‌ളാറ്റിലെ ഇടുങ്ങിയ ലോകം സംവിധായകന്‍ സൃഷ്‌ടിച്ചിരിക്കുന്നു.അച്യുതമേനോന്റെ ഗ്രാമം ഒരു സൂചനയില്‍ മാത്രമൊതുങ്ങുന്നു.കടല്‍ക്കാഴ്‌ചകളിലും .ഫ്‌ളാഷ്‌ ബാക്കിലും മൂവരും വീടുവിട്ടിറങ്ങുന്ന യാത്രാവേളകളിലുമാണ്‌ വിദൂരദൃശ്യങ്ങള്‍ (longshot ) കടന്നുവരുന്നത്‌.കാരണം അത്‌ പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിമിഷങ്ങളാണ്‌.
തിരിച്ചറിയപ്പെടാതെ പോകുന്ന ചില സത്യങ്ങള്‍ പതുക്കെ വിളിച്ചുപറയുന്നുണ്ട്‌ ഈ ചിത്രം.
              പ്രണയം ഒരു ഒളിച്ചോട്ടമാണെങ്കില്‍ മേനോനും മാത്യൂസും ഗ്രെയിസും ഒളിച്ചോടുകയാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടി,മനസ്സാണ്‌ യൗവനം എന്ന്‌ തീര്‍ച്ചപ്പെടുത്താന്‍.ചിത്രത്തിലുടനീളം വാര്‍ദ്ധക്യത്തിന്‌കൈത്താങ്ങ്‌ വേണ്ട 'വീഴ്‌ച'കള്‍ ഏറെയുണ്ട്‌.ഫുട്‌ബോള്‍ ഗ്രൗണ്ടിലും ഗ്രെയിസിനെ അപ്രതീക്ഷിതമായി കാണുമ്പൊഴും മേനോനുണ്ടായ വീഴ്‌ചകള്‍,പക്ഷാഘാതത്തില്‍ ജീവിതം വീല്‍ച്ചെയറിലേക്ക്‌ മാറ്റപ്പെട്ട മാത്യൂസിന്റെ വീഴ്‌ച,കടല്‍ക്കരയില്‍ വച്ചുള്ള ഗ്രെയിസിന്റെ വീഴ്‌ച,തൊട്ടടുത്തനിമിഷം മാത്യൂസിന്റെ ഹൃദയാഘാതം,അവസാനം മേനോന്റെ മാറില്‍ മരണത്തിലേക്കുള്ള ഗ്രെയിസിന്റെ വീഴ്‌ച.ഈ വീഴ്‌ചകളിലെല്ലാം കൈത്താങ്ങായി നില്‍ക്കുന്നത്‌ വാര്‍ദ്ധക്യങ്ങള്‍ മാത്രമാണ്‌ എന്നത്‌ കാലത്തിന്റെ ഞെട്ടിക്കുന്ന ഒരു സത്യം.നാല്‍പ്പത്‌ വര്‍ഷമായി മേനോന്‌ നഷ്‌ടമായതും കൊതിക്കുന്നതും ഒടുവില്‍ കിട്ടാതെ പോകുന്നതും ഈ കൈത്താങ്ങാണ്‌.ഗ്രെയിസ്‌ മാത്യൂസിനു നല്‍കുന്നതും അവരുടെ മരണശേഷം മേനോന്‍ മാത്യൂസിനു നല്‍കുന്നതും അതു തന്നെ.ഇതല്ലേ പ്രണയം.ഗ്രെയിസിന്റെ ശവകുടീരത്തില്‍ നിന്നും വീല്‍ച്ചെയറില്‍ മാത്യൂസുമായി മേനോന്‍ സെമിത്തേരി വിട്ടിറങ്ങുമ്പോള്‍ വീണ്ടുമൊരു പ്രണയം തുടങ്ങുകയാണ്‌.
              ചില നേരങ്ങളിലെങ്കിലും നമ്മള്‍ മനുഷ്യരാകാറുണ്ട്‌.നന്മയും കരുണയും കൂട്ടിരിക്കാറുണ്ട്‌.പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ ഒരു ഹൃദയം നമ്മുടെ കൈവെള്ളയില്‍ അപ്പോള്‍ മിടിക്കുന്നുണ്ടാകും.അങ്ങനെ ഹൃദയത്തെ തൊടാന്‍ കഴിയുന്ന ചില നിമിഷങ്ങളാണ്‌ ബ്ലസ്സി സമ്മാനിച്ചത്‌.

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വിചാരം

                                       മാണിക്യക്കല്ല്‌
            വണ്ണാമല സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ ഏതോ ക്ലാസ്സ്‌ മുറിയില്‍ മൂരിയിട്ടെണീറ്റ തെരുവ്‌ നായയും മോന്തായം കുത്തിയ പള്ളിക്കൂടവും ജട്ടിയും മൊട്ടയും വില്‍ക്കുന്ന മാഷന്മാരും ഇരട്ടപ്പേരു വിളിച്ച്‌ പുകയ്‌ക്കുന്ന സാറും കുട്ടിയും പുതിയ കാലത്തെ ഒരല്‌പം അതിശയ കാഴ്‌ചകളാണ്‌.പക്ഷെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ ചിതലരിക്കാന്‍ ഇതൊക്കെ തന്നെ കാരണം.
          അദ്ധ്യാപനം സാമൂഹ്യവൃത്തിയാണെന്ന ചിന്ത മറന്ന്‌ സൈഡ്‌ ബിസിനസ്സു നടത്തുന്നവര്‍,കുട്ടികളൊഴിഞ്ഞ ക്ലാസ്സ്‌ മുറി ഫാക്‌ടംഫോസ്‌ ഗോഡൗണാക്കിയയവര്‍,പൊതുവിദ്യാഭ്യാസം രക്ഷിക്കാന്‍ സ്‌കൂളില്‍ വരാതെ കാല്‍നടപ്രചരണ ജാഥ നടത്തുകയും എന്നാല്‍ സ്വന്തം മക്കളെ സ്വകാര്യ അണ്‍എയ്‌ഡഡ്‌ സി.ബി.എസ്‌.ഇ വിദ്യാലയങ്ങളില്‍ ചേര്‍ത്ത്‌ ആദര്‍ശം കൈചുരുട്ടി എറിയുന്ന സംഘടനാപ്രവര്‍ത്തകരായ മാഷന്മാര്‍,എല്ലാ അര്‍ത്ഥത്തിലും ഉറങ്ങാന്‍ മാത്രം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷങ്ങള്‍,മധുരമായി ഒന്നും കുട്ടികള്‍ക്ക്‌ പങ്കു വയ്‌ക്കാനില്ലാതെ സ്റ്റാഫ്‌ മുറിയില്‍ ലഡു മാത്രം പങ്കുവയ്‌ക്കുന്നവര്‍,രണ്ടു ചക്രം കിട്ടുന്നിടത്ത്‌ പഠനം നാല്‌ ദിവസം മുടങ്ങിയാലും വേണ്ടില്ല ഒഴുകി പോകുന്നത്‌ വഴുതാതെ പിടിക്കുന്ന കേമന്മാര്‍- ജൂണിലെ ആറാം പ്രവൃത്തി ദിനത്തിലും തലതൊട്ട്‌ എണ്ണുന്ന ഏകദിന കണക്കെടുപ്പിലും അങ്കലാപ്പിന്റെ തുഞ്ചത്തും പിന്നെ നെഞ്ചത്തും മാഷന്മാര്‍ കൈവയ്‌ക്കുമ്പോള്‍, എല്ലാം സ്വയം ഏറ്റുപറയുകയാണോ?
                        പൃഥീരാജ്‌ ചിത്രമായ മാണിക്യക്കല്ലിന്റെ സിനിമാ നിരൂപണമല്ലിത്‌.അദ്ധ്യാപക പരിശീലനക്കളരിയിലും സംഘടനാ ചര്‍ച്ചകളിലും മാറ്റി വയ്‌ക്കുന്നതോ പറയാന്‍ ആഗ്രഹിക്കാത്തതോ ആയ വിഷയം, കേരളത്തിലെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അദ്ധ്യാപകര്‍ തീര്‍ച്ചയായും തിരിച്ചറിയേണ്ട സത്യം.
പുതിയ പാഠ്യപദ്ധതിയും ഭൗതിക സാഹചര്യങ്ങളിലെ മുന്നേറ്റവും കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പഠനപ്രവര്‍ത്തനവും സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും തുടര്‍ച്ചയായ അദ്ധ്യാപക പരിശീലനവും തത്സമയ പിന്തുണാ സംവിധാനവും ഒക്കെ ഉണ്ടായിട്ടും ക്ലാസ്സ്‌ മുറികള്‍ എന്തേ ശൂന്യമാകുന്നു.നാട്ടുകാര്‍ക്ക്‌ എന്തുകൊണ്ട്‌ സര്‍ക്കാര്‍ സ്‌കൂളില്‍ അത്മവിശ്വാസം ജനിക്കുന്നില്ല.ഒരുലക്ഷത്തി തൊണ്ണൂറ്റി ആറായിരം കുട്ടികള്‍ മുന്‍വര്‍ഷത്തേതില്‍ നിന്ന്‌ കുറവു വന്നപ്പോള്‍ ജനസംഖ്യാനിയന്ത്രണ പദ്ധതിയുടെ ചെവിക്കു പിടിക്കുകയാണോ മറുപടി.അണ്‍എയ്‌ഡഡ്‌,സി.ബി.എസ്‌.ഇ വിദ്യാലയങ്ങളില്‍ കുട്ടികള്‍ അതേ സമയം ഇരച്ചുകയറുന്നുമുണ്ട്‌.
മറ്റു സംസ്ഥാനങ്ങളും കേന്ദ്രസിലബസ്സുകാരും മാതൃകയാക്കിയ പാഠ്യപദ്ധതിയെ എത്രത്തേളം ആത്‌മാര്‍ത്ഥമായി പിന്തുടരാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്‌.ക്ലബ്ബ്‌ പ്രവര്‍ത്തനവും സര്‍ഗ്ഗാത്മക പ്രവര്‍ത്തനവും വിഷയത്തോടുള്ള ആത്‌മാര്‍ത്ഥതയും വഴി പള്ളിക്കൂടങ്ങള്‍ എത്രത്തോളം സജീവമാകുന്നു.ഇതിനു വേണ്ട സമയം ഉപരിവര്‍ഗ്ഗ ധനസമ്പാദന വാണിജ്യമാര്‍ഗ്ഗങ്ങളുടെപിന്നാമ്പുറത്ത്‌അടയിരിക്കുമ്പോള്‍സാമൂഹ്യപ്രവര്‍ത്തനാധിഷ്‌ഠിത അദ്ധ്യാപക സങ്കല്‌പം തകര്‍ന്നു വീഴുന്നു.
              സമൂഹത്തിന്‌ ആത്മവിശ്വാസം കൊടുക്കുന്നത്‌ അദ്ധ്യാപകരാണ്‌.സാറിന്റെ വഴി നാടിന്റെ വഴിയായി കാണുന്നവരാണ്‌ ഏറെ ആളുകളും.സ്റ്റേറ്റ്‌ സിലബസ്സിനെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയുന്നത്‌ മാഷന്മാര്‍ക്ക്‌ തന്നെ.പക്ഷെ ഡി.പി.ഇ.പി കാലം മുതല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതും മാഷന്മാര്‍ തന്നെ.സ്വന്തം മക്കളെ അണ്‍എയ്‌ഡഡ്‌ -സി.ബി.എസ്‌.ഇ വിദ്യാലയങ്ങളിലേക്ക്‌ ബസ്സ്‌ കയറ്റിവിട്ട്‌ സ്വന്തം സ്‌കൂളിലെ നാട്ടാരുടെ മക്കളെ പഠിപ്പിക്കാന്‍ പടി കയറുന്ന അദ്ധ്യാപകരാണ്‌ വിദ്യാലയങ്ങളുടെ കടയ്‌ക്കല്‍ ആദ്യത്തെ ആണി തറച്ചത്‌.സാറന്മാര്‍ സമൂഹത്തിന്‌ നല്‍കിയ സന്ദേശമാണത്‌.മാഷന്മാര്‍ സ്വന്തം മക്കളെ നടത്തിയ വഴിയിലൂടെ നാട്ടുകാരും കുട്ടികളെ നടത്തി.അതെങ്ങനെ തെറ്റാവും.അവിടെയും നില്‍ക്കാതെ എസ്‌.എസ്‌.എ,ബി.ആര്‍.സി,ഡി.ആര്‍.ജി,എസ്‌.ആര്‍.ജി മാഷന്മാരും മക്കളെ കൂടുമാറ്റി പാര്‍പ്പിച്ച്‌ വരേണ്യ(വിദ്യാഭ്യാസ?) സംസ്‌ക്കാരം നേടിയെടുത്ത സന്തോഷത്തില്‍ ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ പാഠ്യപദ്ധതിയുടെ പുരോഹിതവേഷം അണിയുന്ന ലജ്ജാകരമായ പ്രവൃത്തി തുടരുമ്പോള്‍ രണ്ടാമത്തെ ആണി അവരും തറച്ചു.
സ്വന്തം സിലബസ്സില്‍ വിശ്വാസമില്ലാത്തവര്‍ വേനലവധിക്കാലത്ത്‌ 'കുട്ടികളെ പിടിക്കാന്‍' നാടുതെണ്ടുമ്പോള്‍ അതിന്റെ യുക്തിയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും.അദ്ധ്യാപകരുടെ പ്രൊട്ടക്ഷനു വേണ്ടി ധര്‍ണ നടത്തുന്നവര്‍ സ്വന്തം കുട്ടികളെ മാതൃവിദ്യാലയത്തിലേക്ക്‌ തിരിച്ചു വിടാന്‍ അദ്ധ്യാപകര്‍ക്ക്‌ നല്ല ബുദ്ധി തോന്നാന്‍ വേണ്ടിയല്ലേ സത്യാഗ്രഹമിരിക്കേണ്ടത്‌.
                  സ്വതന്ത്രവും സുതാര്യവുമായ ഇച്ഛാശക്തിയും കര്‍മ്മശേഷിയുമാണ്‌ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യത്തിന്‌ അടിസ്ഥാനം.സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 'പ്രൊഫഷണലിസം'കടന്നുവരേണ്ടിയിരിക്കുന്നു.സ്റ്റാഫ്‌ റൂം, നിറയെ വെളിച്ചമുള്ള ഒരു ഇടമാകണം.ആ വെളിച്ചം വരേണ്ടത്‌ മനസ്സില്‍ നിന്നും.ക്ലാസ്സ്‌ മുറികളില്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നവര്‍ ഒറ്റ അദ്ധ്യാപക ഗ്രൂപ്പിന്റെ വക്താക്കള്‍ മാത്രമാകണം.അതില്ലാതെ വരുമ്പോഴാണ്‌ സ്റ്റാഫ്‌ റൂമില്‍ വെളിച്ചം കുറയുന്നത്‌.ആ ഇരുട്ട്‌ കുട്ടികളെയും അവരുടെ പഠനത്തെയും ബാധിക്കും.
ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കുന്ന വ്യക്തിപരമായ ശ്രദ്ധ കാലിക വിദ്യാലയ പ്രവര്‍ത്തങ്ങളില്‍ അനിവാര്യമാണ്‌.കരിങ്കല്‍ക്കുഴി കരുണനെപ്പോലെ വാറ്റും കോടയും കന്നാസുമായി വലിയൊരു സമൂഹം പുറത്തുണ്ട്‌.പൊതുവിദ്യാലയം നാടിന്നഭിമാനം തന്നെയാണ്‌.എത്ര കാതങ്ങള്‍ പിന്നിട്ടാലും മനസ്സില്‍ ത്രസിക്കുന്ന അക്ഷരമുറ്റം.അതൊരു മാണിക്യക്കല്ലാണ്‌.കാക്കപ്പൊന്ന്‌ കണ്ട്‌ കണ്ണുകടഞ്ഞവര്‍ അത്‌ തിരിച്ചറിയുന്നില്ലെന്ന്‌ മാത്രം.





2011, ഏപ്രിൽ 16, ശനിയാഴ്‌ച

ഓര്‍മ്മ

                                       ആടു ജീവിതം 

        തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച്‌ മുപ്പതിനുള്ള 'ഹോളി ഫാമിലിയില്‍' ശ്രീധരന്‍ മാഷുണ്ടാവും. മുക്കം പുഴയിലെ മുങ്ങിക്കുളി,ഫുഡ്‌ബോള്‍ മാച്ച്‌, തലേന്നത്തെ ഉച്ചയൂണിന്റെ ഗംഭീരപ്പുളിശ്ശേരി.നാടകാനുഭവങ്ങള്‍ ഇങ്ങനെ മുക്കത്തെ കഥകളുമായാണ്‌ വരവ്‌.ആലക്കോട്‌ സ്‌കൂളിലെ മാഷാണ്‌ അദ്ദേഹം.
       പന്ത്രണ്ട്‌ വര്‍ഷം മുമ്പുള്ള കഥ..മാഷ്‌ അന്ന്‌ അവിവാഹിതനാണ്‌.എല്ലാ വെള്ളിയാഴ്‌ചയും വൈകിട്ട്‌ നാട്ടിലേയ്‌ക്ക്‌ പോകും.കോഴിക്കോട്‌ മുക്കമാണ്‌ സ്വദേശം.കുടുംബത്തില്‍ അമ്മ ഒറ്റയ്‌ക്കാണ്‌.അമ്മയെക്കാണാനുള്ള പോക്കാണ്‌ ആഴ്‌ചതോറും.ഒരു വെള്ളിയാഴ്‌ച മാഷ്‌ കോഴിക്കോട്‌ എത്തിയപ്പോള്‍ മുക്കത്തേയ്‌ക്കുള്ള അവസാനവണ്ടിയും പൊയ്‌ക്കഴിഞ്ഞു.നേരെ തിയറ്ററിലേക്ക്‌ വിട്ടു,സെക്കന്റ്‌ ഷോയ്‌ക്ക്‌.അതുകഴിഞ്ഞ്‌ പുലരും വരെ ബസ്സ്‌റ്റാന്‍ഡില്‍.
           ചാരുബഞ്ചിലെ ഉറക്കത്തിനിടയില്‍ മാഷെ ആരോ തൊട്ടുവിളിച്ചു.ഒരു കൊച്ചു പെണ്‍കുട്ടി.കണ്ണീര്‍ മേഘങ്ങള്‍ തിങ്ങിയ മുഖം.വിശപ്പിന്റെ ദൈന്യം ആ മുഖത്തുണ്ട്‌.നീട്ടിയ കൈകളില്‍ ആഹാരമാണ്‌ അവളുടെ പ്രതീക്ഷ. തെരുവ്‌ സ്ഥിരം താവളമാക്കിയവരുടെ കുടുംബത്തിലെ പെണ്‍കുട്ടി.കൈയില്‍ തടഞ്ഞ രൂപയെടുത്ത്‌ കുട്ടിക്ക്‌ നല്‍കി.പക്‌ഷെ വെറുമൊരു പേപ്പര്‍ കഷണത്തിന്‌ അര്‍ദ്ധരാത്രിയില്‍ വിശപ്പടക്കാനാവില്ലെന്ന്‌ അതിനറിയാം.രൂപ വാങ്ങിയില്ല.അവള്‍ തിരിഞ്ഞു നടന്നു.ഇതു പറയുമ്പോള്‍ മാഷിന്റെ തൊണ്ടയിടറി.

ഒറ്റ രാത്രിയിലെ ഉറക്കച്ചടവ്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക്‌ തുറന്നു വച്ചു തരും.


         മാസങ്ങള്‍ കഴിഞ്ഞു.പൂജ അവധിക്ക്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള മടക്കയാത്ര.രാത്രി ഒരു മണിക്ക്‌ ഞാന്‍ തൃശ്ശുരെത്തി.ഉറങ്ങാത്തവരുടെ താവളമാണത്‌.കോയമ്പത്തുരെയ്‌ക്കും അനന്തപുരിയിലേക്കും പോകേണ്ടവരുടെ തിരക്ക്‌.ഉറങ്ങുന്നവരെയും വിളിച്ചുണര്‍ത്തി സ്വന്തം ബസ്സിലേക്ക്‌ ക്ഷണിക്കുന്ന തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ടിന്റെ കണ്ടക്‌ടര്‍.രാത്രിയിലും പകല്‍ത്തിരക്കിന്റെ പൊടിപൂരത്തില്‍ പത്തുവയസ്സു വരുന്ന ആണും പെണ്ണും കണ്‍മുമ്പില്‍.ചിരിച്ചു കൈനീട്ടി ഒറ്റ നില്‍പ്പാണ്‌.ഉള്ളു പിടഞ്ഞു.എന്റെ സഹോദരിക്ക്‌ ഈ പ്രായത്തില്‍ രണ്ട്‌ കുട്ടികളുണ്ട.്‌ അവര്‍ക്കു വേണ്ടി വാങ്ങിയ കോഴിക്കോടന്‍ ഹല്‍വ ബാഗില്‍ സൂക്ഷിച്ചിട്ടുണ്ട്‌.അച്ഛനും അമ്മയും അടുത്തു കിടത്തി മൂടി പുതപ്പിച്ച്‌ , ഇടയ്‌ക്കു കണ്‍തുറന്ന്‌ മുത്തം കൊടുത്ത്‌, അവര്‍ ഇപ്പോള്‍ നല്ല ഉറക്കത്തിലാവും.
            ചിരി മായാതെ അവര്‍ ഇപ്പോഴും മുന്നിലുണ്ട്‌.എന്റെ മനസ്സിലെ വികാരങ്ങളെന്തെന്ന്‌ പറയാനറിയില്ല.പത്തുരൂപ നോട്ടെടുത്ത്‌ നീട്ടി.രണ്ടുപേരും ഒത്തു വാങ്ങി; ചിലച്ചോടി പറന്നു.പാഞ്ഞെത്തുന്ന ബസ്സിന്റെ ബോര്‍ഡ്‌ നോക്കി തത്രപ്പെട്ട്‌ ഉള്ളില്‍ കടന്നു.സൈഡ്‌ സീറ്റിലിരുന്നു.വീണ്ടും അതാ അവര്‍.ചിരി മാഞ്ഞിട്ടില്ല.നോക്കി നില്‍ക്കുന്നുണ്ട്‌.എന്തിന്‌? എന്തു പരിചയം? ബസ്സ്‌ ചലിക്കാന്‍ തുടങ്ങി.ആ അര്‍ദ്ധരാത്രിയില്‍ എനിക്ക്‌ പരിചയക്കാര്‍ ആരുമില്ലാത്ത ആ നഗരത്തില്‍ നിന്ന്‌ രണ്ട്‌ കുട്ടികള്‍ 'റ്റാറ്റ' പറയാന്‍ തുടങ്ങി. 
കഴിഞ്ഞ വര്‍ഷം.കുട്ടികളുമൊത്ത്‌ തെന്മലയില്‍ പോയി.ഒരു പരിസ്ഥിതി സൗഹൃദ സഞ്ചാരം.ചിത്രശലഭങ്ങളെ കണ്ട്‌ ബസ്സില്‍ കയറുമ്പോള്‍ അതാ, ആകെ ക്ഷീണിച്ച മുഖം,പ്രതീക്ഷയുള്ള കണ്ണുകള്‍.ബസ്സിലിരുന്ന്‌ കടലയും ചെറുപഴവും തിന്നുന്ന കുട്ടികളുടെ വായിലേക്ക്‌ വിശപ്പിന്റെ ആഴങ്ങളില്‍ നിന്ന്‌ പൊരിയുന്ന നോട്ടം.
            കുട്ടികളുടെ കമന്റ്‌, ?സാറേ,പാത്തുമ്മയുടെ ആടാണ്‌?.കറുപ്പില്‍ വെള്ള പുള്ളികളുള്ള ആട്‌.ആകെ അലഞ്ഞു തീര്‍ന്ന മട്ട്‌.കുട്ടികളിലാരോ പുറത്തേയ്‌ക്കിട്ട പഴത്തൊലി ചാടി വീണു നക്കിയെടുത്തു.വീണ്ടും പ്രതീക്ഷയോടെ ഓരോരുത്തരെയും നോക്കി.പുറത്തേയ്‌ക്കിട്ട പഴത്തൊലി ആവേശത്തോടെ തിന്നു.ബസ്സ്‌ നീങ്ങി.തലചെരിച്ച്‌ അവസാനമായി ബസ്സിലേക്ക്‌ ഒന്നു കൂടി നോക്കി.പിന്നെ പിന്നിലേക്ക്‌ മാറി ആരെയോ കാത്തു നിന്നു.
            ജീവിതത്തിന്റെ വഴിക്കവലയില്‍ മേഞ്ഞു നടക്കാന്‍ മാത്രം വിധിക്കപ്പെട്ട ചില ജീവിതങ്ങള്‍.സംഭവബഹുലമായ വര്‍ണ്ണാഭമായ ആര്‍ഭാടം നിറഞ്ഞ ജീവിതങ്ങള്‍ക്കിടയ്‌ക്ക്‌ ഒന്നുമല്ലാത്ത ചിലര്‍.ഓര്‍മ്മകളുടെ വഴിത്തിണ്ണയില്‍ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഇവരും കൂട്ടിരിക്കാറുണ്ട്‌.