2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

യാത്ര

                   വഴിയരികിലെ വേഴാമ്പല്‍   
  ആ അമ്മയെ ഞാന്‍ ഒരിക്കലും മറക്കില്ല.രാമേശ്വരം ദ്വീപിലെ ഉള്‍ഗ്രാമത്തിലാണ്‌ ഞാനവരെ കണ്ടത്‌. മണ്‌ഡപം കഴിഞ്ഞ്‌ വിജനമായ കടല്‍ത്തീരം.കാറ്റാടി മരങ്ങളും കാറ്റു പിടിക്കുന്ന കരിമ്പനകളും മാത്രം.ഇടയ്‌ക്ക്‌ പുല്‍ത്തലപ്പുകള്‍ പരതി നടക്കുന്ന ഒരു ആട്ടിന്‍കുട്ടി.
       മെയ്‌ മാസത്തിലെ പൊള്ളുന്ന പകല്‍.കടല്‍ക്കാറ്റ്‌ ചൂടിന്റെ കാഠിന്യം കുറയ്‌ക്കുന്നുണ്ട്‌.ധനുഷ്‌ക്കോടിയാണ്‌ എന്റെ ലക്ഷ്യം.രാമേശ്വരത്തെ സെന്തില്‍ ആണ്ടവന്‍ ഹോട്ടല്‍ മാനേജര്‍ മുത്തു ശെല്‍വം തരപ്പെടുത്തി തന്ന വാഹനത്തിന്‌ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ഏറെ.കടലുകാണാന്‍ പോകുന്നവന്‌ കൂട്ടിനു പറ്റിയത്‌ ഒരു കടല്‍ക്കിഴവനാണ്‌. ചെറിയ ടെമ്പോയില്‍ യാത്രക്കാര്‍ ഞെരുങ്ങിയിരിക്കുന്നു.പുറം കാഴ്‌ച കാണാന്‍ അറ്റത്തുള്ള ഇരിപ്പിടം പിടിച്ച്‌ ക്യാമറ കൈയിലെടുത്തു.
        കേരളത്തിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കടല്‍ത്തീരം.പ്രധാന പാതയ്‌ക്കിരുവശവും കടല്‍ നീണ്ടു പരന്നു കിടക്കുന്നു.തിര കോരിയിട്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന മണല്‍ക്കുന്നുകള്‍. ഒരു നല്ല ക്യാമറക്കാഴ്‌ചയാണിത്‌.ദൃശ്യ പരിധിയ്‌ക്കകത്ത്‌ നീലപ്പൊട്ടിന്റെ അടയാളം.പിന്നെ കുറെക്കൂടി വ്യക്തമായി.ഒരു സ്‌ത്രീ രൂപം.പെട്ടെന്ന്‌ മണലില്‍ പുതഞ്ഞ്‌ വണ്ടി നിന്നു.ടയര്‍ പഞ്ചറാണ്‌. മാറ്റി ഇടണം.വണ്ടിയില്‍ നിന്നിറങ്ങി.നടന്നു........
        മണ്ണില്‍ കുഴികുത്തി വെള്ളം കോരുകയാണവര്‍.കറുത്തു മെലിഞ്ഞ അവശ രൂപം.തൊട്ടടുത്ത്‌ പ്ലാസ്റ്റിക്‌ കുടം.വടിയുടെ അറ്റത്ത്‌ പ്ലാസ്റ്റിക്‌ കപ്പ്‌ കെട്ടിവച്ച്‌ വെള്ളം കുഴിയില്‍ നിന്ന്‌ തെളിച്ച്‌ കോരി കുടം നിറയ്‌ക്കുന്നു.ചിത്രത്തില്‍ ആ കാഴ്‌ച കാണാന്‍ കഴിയില്ല.കാരണം ഞാനടുത്തെത്തിയതും അവര്‍ മുഖം കുനിച്ച്‌ മിണ്ടാതിരുന്നു.

അന്യനാട്ടുകാരനായ നഗരവാസിയുടെ മുമ്പില്‍ ആ അമ്മ തലതാഴ്‌ത്തിയതെന്ത്‌?

അടുത്തിരുന്ന്‌ അറിയുന്ന ഭാഷയില്‍ ഊരും പേരും തിരക്കി.ഒന്നും മിണ്ടിയില്ല.വെയിലിന്‌ നല്ല ചൂടുണ്ട്‌.കുടത്തിന്റെ കാല്‍ഭാഗം കൂടി നിറഞ്ഞിട്ടില്ല.കുഴിക്ക്‌ രണ്ടടിയോളം താഴ്‌ചയുണ്ട്‌.വടിയും അറ്റത്തു കോര്‍ത്ത കപ്പും കുഴിയില്‍ത്തന്നെ കിടക്കുന്നു.

പറയാത്ത മറുപടിയില്‍ തിളക്കുന്ന ദാഹത്തിന്റെ തൊണ്ട വരണ്ടിട്ടുണ്ടാവാം.ദാഹം കനക്കുന്ന നട്ടുച്ചയിലെ തെളിനീരിനാണ്‌ ഞാന്‍ തടസ്സം നില്‍ക്കുന്നത്‌.തിരികെ നടന്നു .....

ഉറവയിലും ഒഴുക്കിലും മാലിന്യവും വിഷവും കലര്‍ത്തുന്ന നമുക്ക്‌ വെള്ളത്തിന്റെ വില അത്ര വലുതല്ല.ഉറവ പൊട്ടുന്നെങ്കിലും എവിടെയോ വച്ച്‌ മെലിഞ്ഞ്‌ പോകുന്ന നാല്‍പ്പത്തിനാല്‌
നദികളുടെ അഹങ്കാരം നമുക്കുണ്ട്‌.പണമെറിഞ്ഞാല്‍ കുപ്പിയില്‍ കായ്‌ക്കുന്ന വെള്ളം എന്റെ ബാഗിലുണ്ട്‌.കിട്ടാത്ത കുടി വെള്ളത്തിന്‌ കുഴിക്കരയില്‍ തല കുമ്പിട്ടിരിക്കുന്ന ഈ വേഴാമ്പലിനെ ഞാന്‍ മറക്കുന്നതെങ്ങനെ?

തിരിഞ്ഞു നോക്കി !!!!!!!!!

എന്നെ മാത്രം നോക്കി ആ അമ്മ ! ! ! ? ? ?

നിനയ്‌ക്കാതെ, ഒരു പാപവിചാരത്തോടെ ക്യാമറ ക്ലിക്ക്‌ ചെയ്‌തു.അപ്പൊഴേക്കും അമ്മ വീണ്ടും ആഴങ്ങളിലേക്ക്‌ മുഖം പൂഴ്‌ത്തിക്കഴിഞ്ഞിരുന്നു.