2012 ഓഗസ്റ്റ് 29, ബുധനാഴ്‌ച

യാത്ര

                   വഴിയരികിലെ വേഴാമ്പല്‍   
  ആ അമ്മയെ ഞാന്‍ ഒരിക്കലും മറക്കില്ല.രാമേശ്വരം ദ്വീപിലെ ഉള്‍ഗ്രാമത്തിലാണ്‌ ഞാനവരെ കണ്ടത്‌. മണ്‌ഡപം കഴിഞ്ഞ്‌ വിജനമായ കടല്‍ത്തീരം.കാറ്റാടി മരങ്ങളും കാറ്റു പിടിക്കുന്ന കരിമ്പനകളും മാത്രം.ഇടയ്‌ക്ക്‌ പുല്‍ത്തലപ്പുകള്‍ പരതി നടക്കുന്ന ഒരു ആട്ടിന്‍കുട്ടി.
       മെയ്‌ മാസത്തിലെ പൊള്ളുന്ന പകല്‍.കടല്‍ക്കാറ്റ്‌ ചൂടിന്റെ കാഠിന്യം കുറയ്‌ക്കുന്നുണ്ട്‌.ധനുഷ്‌ക്കോടിയാണ്‌ എന്റെ ലക്ഷ്യം.രാമേശ്വരത്തെ സെന്തില്‍ ആണ്ടവന്‍ ഹോട്ടല്‍ മാനേജര്‍ മുത്തു ശെല്‍വം തരപ്പെടുത്തി തന്ന വാഹനത്തിന്‌ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ഏറെ.കടലുകാണാന്‍ പോകുന്നവന്‌ കൂട്ടിനു പറ്റിയത്‌ ഒരു കടല്‍ക്കിഴവനാണ്‌. ചെറിയ ടെമ്പോയില്‍ യാത്രക്കാര്‍ ഞെരുങ്ങിയിരിക്കുന്നു.പുറം കാഴ്‌ച കാണാന്‍ അറ്റത്തുള്ള ഇരിപ്പിടം പിടിച്ച്‌ ക്യാമറ കൈയിലെടുത്തു.
        കേരളത്തിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കടല്‍ത്തീരം.പ്രധാന പാതയ്‌ക്കിരുവശവും കടല്‍ നീണ്ടു പരന്നു കിടക്കുന്നു.തിര കോരിയിട്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന മണല്‍ക്കുന്നുകള്‍. ഒരു നല്ല ക്യാമറക്കാഴ്‌ചയാണിത്‌.ദൃശ്യ പരിധിയ്‌ക്കകത്ത്‌ നീലപ്പൊട്ടിന്റെ അടയാളം.പിന്നെ കുറെക്കൂടി വ്യക്തമായി.ഒരു സ്‌ത്രീ രൂപം.പെട്ടെന്ന്‌ മണലില്‍ പുതഞ്ഞ്‌ വണ്ടി നിന്നു.ടയര്‍ പഞ്ചറാണ്‌. മാറ്റി ഇടണം.വണ്ടിയില്‍ നിന്നിറങ്ങി.നടന്നു........
        മണ്ണില്‍ കുഴികുത്തി വെള്ളം കോരുകയാണവര്‍.കറുത്തു മെലിഞ്ഞ അവശ രൂപം.തൊട്ടടുത്ത്‌ പ്ലാസ്റ്റിക്‌ കുടം.വടിയുടെ അറ്റത്ത്‌ പ്ലാസ്റ്റിക്‌ കപ്പ്‌ കെട്ടിവച്ച്‌ വെള്ളം കുഴിയില്‍ നിന്ന്‌ തെളിച്ച്‌ കോരി കുടം നിറയ്‌ക്കുന്നു.ചിത്രത്തില്‍ ആ കാഴ്‌ച കാണാന്‍ കഴിയില്ല.കാരണം ഞാനടുത്തെത്തിയതും അവര്‍ മുഖം കുനിച്ച്‌ മിണ്ടാതിരുന്നു.

അന്യനാട്ടുകാരനായ നഗരവാസിയുടെ മുമ്പില്‍ ആ അമ്മ തലതാഴ്‌ത്തിയതെന്ത്‌?

അടുത്തിരുന്ന്‌ അറിയുന്ന ഭാഷയില്‍ ഊരും പേരും തിരക്കി.ഒന്നും മിണ്ടിയില്ല.വെയിലിന്‌ നല്ല ചൂടുണ്ട്‌.കുടത്തിന്റെ കാല്‍ഭാഗം കൂടി നിറഞ്ഞിട്ടില്ല.കുഴിക്ക്‌ രണ്ടടിയോളം താഴ്‌ചയുണ്ട്‌.വടിയും അറ്റത്തു കോര്‍ത്ത കപ്പും കുഴിയില്‍ത്തന്നെ കിടക്കുന്നു.

പറയാത്ത മറുപടിയില്‍ തിളക്കുന്ന ദാഹത്തിന്റെ തൊണ്ട വരണ്ടിട്ടുണ്ടാവാം.ദാഹം കനക്കുന്ന നട്ടുച്ചയിലെ തെളിനീരിനാണ്‌ ഞാന്‍ തടസ്സം നില്‍ക്കുന്നത്‌.തിരികെ നടന്നു .....

ഉറവയിലും ഒഴുക്കിലും മാലിന്യവും വിഷവും കലര്‍ത്തുന്ന നമുക്ക്‌ വെള്ളത്തിന്റെ വില അത്ര വലുതല്ല.ഉറവ പൊട്ടുന്നെങ്കിലും എവിടെയോ വച്ച്‌ മെലിഞ്ഞ്‌ പോകുന്ന നാല്‍പ്പത്തിനാല്‌
നദികളുടെ അഹങ്കാരം നമുക്കുണ്ട്‌.പണമെറിഞ്ഞാല്‍ കുപ്പിയില്‍ കായ്‌ക്കുന്ന വെള്ളം എന്റെ ബാഗിലുണ്ട്‌.കിട്ടാത്ത കുടി വെള്ളത്തിന്‌ കുഴിക്കരയില്‍ തല കുമ്പിട്ടിരിക്കുന്ന ഈ വേഴാമ്പലിനെ ഞാന്‍ മറക്കുന്നതെങ്ങനെ?

തിരിഞ്ഞു നോക്കി !!!!!!!!!

എന്നെ മാത്രം നോക്കി ആ അമ്മ ! ! ! ? ? ?

നിനയ്‌ക്കാതെ, ഒരു പാപവിചാരത്തോടെ ക്യാമറ ക്ലിക്ക്‌ ചെയ്‌തു.അപ്പൊഴേക്കും അമ്മ വീണ്ടും ആഴങ്ങളിലേക്ക്‌ മുഖം പൂഴ്‌ത്തിക്കഴിഞ്ഞിരുന്നു.

2012 ജൂൺ 17, ഞായറാഴ്‌ച

യാത്ര

                      പ്രേത നഗരത്തിലെ കാളിയമ്മ
കരിങ്കല്‍ പാളികളില്‍ തട്ടി കടല്‍ക്കാറ്റ്‌ ഇപ്പോഴും അലറുന്നുണ്ട്‌.ഓര്‍മ്മകള്‍ ബാക്കിവച്ച്‌ തല ഉയര്‍ത്തി നില്‍ക്കുന്ന കരിങ്കല്‍ ചുവരുകള്‍.പട്ടുണങ്ങിയ മരത്തിന്റെ ചില്ല പോലെ മേല്‍ക്കൂരയുടെ അവശേഷിപ്പുകള്‍.തമിഴിലും ഇംഗ്ലീഷിലും കുറിച്ചു വച്ച കാലത്തിന്റെ കുറിപ്പുകള്‍.വഴിതെറ്റി വന്നവര്‍ കോറിയിട്ട ഓര്‍മപ്പെരുക്കങ്ങള്‍.പാഞ്ഞുപോയ ചൂളം വിളിയുടെ അവസാനത്തെ രോദനം പോലെ പൊട്ടിയടര്‍ന്ന്‌ പഴകി ദ്രവിച്ച റെയില്‍വേ പാത????..


ധനുഷ്‌ക്കോടി!! തെക്കേ ഇന്ത്യയിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷന്‍.ഒരു അപായ സിഗ്നലിനും രക്ഷിക്കാനാകാതെ കടല്‍ ഭക്ഷിച്ച പ്രേതനഗരം.


ഇടതൂര്‍ന്ന മുള്‍ച്ചെടികള്‍.ആള്‍ത്തിരക്കുകള്‍ കുതിച്ചുപാഞ്ഞ വഴികള്‍ വിജനം.ഒരു കിളിയൊച്ച പോലും കേള്‍ക്കാത്ത മൗനം.പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തല ഉയര്‍ത്തിയുള്ള ആക്രോശം.മുന്നിലെ ഇന്ത്യന്‍ മഹാസമുദ്രം അരുവി പോലെ?.


അയ്യാ,വാങ്കോ, പ്രച്‌നം പറയട്ടുമാ?? തമിഴില്‍ പൊതിഞ്ഞ വാര്‍ദ്ധക്യത്തിന്റെ
ഇരുള്‍മൊഴി.മുള്‍ച്ചെടികള്‍ക്കിടയിലെ കുടിലില്‍ നിന്നും സ്‌ത്രീ രൂപം.അരണ്ട വെളിച്ചമുള്ള കുടിലില്‍ സെന്തില്‍ ആണ്ടവനും രാമനാഥനും ഹനുമാനും ഇടംപിടിച്ചിരിക്കുന്നു.ഒരു ശ്‌മശാനത്തിന്റെ എല്ലാ ദുരന്തങ്ങളും കോറിയിട്ട മുഖം,കാളിയമ്മ!


കാളിയമ്മ പ്രശ്‌നം പറയും.ഭൂതവും ഭാവിയും വര്‍ത്തമാനവും.പ്രവചനങ്ങള്‍ക്കു മുമ്പേ തിരയും കൊടുങ്കാറ്റും മണ്ണിലടക്കിയ നിലവിളികള്‍ക്കു പുറത്തിരുന്ന്‌ കാളിയമ്മ പറഞ്ഞുതുടങ്ങി.


'ധനുഷ്‌ക്കോടിക്ക്‌ രാമായണത്തിന്റെ സുഗന്ധമുണ്ട്‌.അതുകൊണ്ടാണിവിടം തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ടതായത്‌.ധനുഷ്‌ക്കോടിയില്‍ നിന്ന്‌ ശ്രീലങ്കയിലെ തലൈമന്നാറിലേക്ക്‌ കടല്‍വഴി പതിനഞ്ച്‌ കിലോമീറ്ററേയുള്ളു.ചെറിയ ബോട്ടുകള്‍ തലൈമന്നാറിലേക്ക്‌ പോകാന്‍ തുറമുഖത്ത്‌ എപ്പോഴും കാത്തുകിടക്കും.ബ്രിട്ടീഷുകാര്‍ റെയില്‍വേ സ്റ്റേഷന്‍ പണിഞ്ഞതിനു കാരണമിതാണ്‌.കോട്ടയത്തു നിന്നും കോയമ്പത്തൂര്‍ നിന്നും ഒറ്റ ടിക്കറ്റില്‍ കൊളംബോയിലെത്താം.ധനുഷ്‌ക്കോടി വരെ ട്രെയിന്‍.ബോട്ടില്‍ തലൈമന്നാറില്‍.
ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയിലെ ചെറിയ മണല്‍ത്തിട്ട.ധനുസ്സുപോലെ നീണ്ട മണല്‍പ്രദേശം. തിരമാല ആഞ്ഞൊന്നു കൈനീട്ടിയാല്‍ മറുകരയിലെത്തും.റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ആശുപത്രി,സ്‌കൂള്‍,ക്രിസ്‌ത്യന്‍ പള്ളി,പോസ്റ്റാഫീസ്‌ ?
ധനുഷ്‌ക്കോടി ചെറു നഗരമായിരുന്നു.'


കാളിയമ്മ വിദൂരതയില്‍ മുഖം നട്ടാണ്‌ ഭൂതകാലം പറഞ്ഞത്‌.നട്ടുച്ചയ്‌ക്കും പടിഞ്ഞാറേ കടല്‍ചെരിവില്‍ കാര്‍മേഘങ്ങള്‍ കനത്തു കിടന്നു.


1964 ഡിസംബര്‍ 22.രാമേശ്വരത്തെ കടലിന്‌ അന്ന്‌ വല്ലാത്ത ദേഷ്യം.തിരക്കൈകള്‍ക്ക്‌ ഒടുങ്ങാത്ത ക്രൗര്യം.ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചുഴലി രൂപം കൊണ്ടിരുന്നു.പക്ഷെ രാമേശ്വരത്തെയും ധനുഷ്‌ക്കോടിയെയും ചുറ്റി എത്രയോ ചുഴലിക്കാറ്റുകള്‍ കടന്നു പോയിരിക്കുന്നു.
പതിവുപോലെ പാമ്പന്‍ - ധനുഷ്‌ക്കോടി 653-ാം നമ്പര്‍ പാസഞ്ചര്‍ യാത്ര തുടങ്ങിക്കഴിഞ്ഞു.നൂറ്റിപ്പത്ത്‌ യാത്രക്കാരും അഞ്ച്‌ ഉദ്യോഗസ്ഥരും തീവണ്ടിയിലുണ്ടായിരുന്നു.തദ്ദേശിയരും ടൂറിസ്റ്റുകളും യാത്രക്കാരായുണ്ട്‌.സഞ്ചാരിക്ക്‌ ഈ ട്രെയിന്‍ യാത്ര ഒരു ഉത്സവമാണ്‌. പനയും കുറ്റിച്ചെടികളും നിറഞ്ഞ മണല്‍ക്കരയിലൂടെ കടലിന്റെ ഒളിച്ചുകളി കണ്ടൊരു യാത്ര.


തീവണ്ടിയുടെ വേഗക്കുതിപ്പില്‍ കാറ്റിന്റെ ശൗര്യം യാത്രക്കാര്‍ അറിഞ്ഞില്ല.ട്രെയിന്‍ മന്നാര്‍ ബേ കടന്നു.പന്ത്രണ്ട്‌ കിലോമീറ്ററോളമുണ്ട്‌ ഇനി ധനുഷ്‌ക്കോടിക്ക്‌.കടല്‍ക്കാഴ്‌ച ഇനി സുവ്യക്തമാണ്‌.തിരയിരമ്പങ്ങള്‍ യാത്രക്കാര്‍ അനുഭവിച്ചു തുടങ്ങി.തിരമാലകള്‍ ആകാശം കാണാന്‍ കുതിക്കുന്നു.സമയം രാത്രി 11.55 .റെയില്‍വേ സ്റ്റേഷന്‍ എത്താന്‍ ഇനി അല്‌പസമയം മാത്രം.തീവണ്ടിയുടെ ഒച്ചക്കും നീണ്ട സൈറണുമൊപ്പം കാറ്റിന്റെ മുഴക്കം ഇടിയൊച്ചപോലെ കുതറി.ആയിരം കൈകള്‍കൊണ്ട്‌ വീശിയെറിഞ്ഞ്‌ സംഹാരത്തിന്റെ തീക്കണ്ണ്‌ തുള്ളി മരണം പല്ലിളിച്ചു.തീവണ്ടി പാളത്തില്‍ നിന്ന്‌ കടല്‍ച്ചുഴിയിലേക്കു വലിച്ചെറിയപ്പെട്ടു.ആര്‍ത്തനാദങ്ങളെ രാക്ഷസത്തിരകള്‍ കോരിമാറ്റി.പത്തു കിലോമീറ്ററോളം ദ്വീപില്‍ കടല്‍ പാഞ്ഞു നടന്നു.കെട്ടിടങ്ങളുടെ മേല്‍ക്കൂര ആകാശത്ത്‌ പട്ടം പറന്നു.കടല്‍ കോരിയെറിഞ്ഞ മണല്‍ക്കൂമ്പാരങ്ങള്‍ക്കടിയില്‍ ആയിരത്തി എണ്ണൂറോളം തദ്ദേശീയര്‍ അവസാനത്തെ ഉറക്കത്തിലാണ്ടു.

ഭീതിയുടെ ഇരുണ്ട തിളക്കം കാളിയമ്മയുടെ കണ്ണുകളില്‍ നിറഞ്ഞു.






പിന്നെ ഇവിടം ആര്‍ക്കും വേണ്ടാതായി.എല്ലാം തകര്‍ന്നില്ലേ? ഒരു ജീവിയെപ്പോലും ബാക്കി വച്ചില്ല.കാളിയമ്മ ചൂണ്ടിയ കാഴ്‌ചകള്‍ ഭീതിദം.മദ്രാസ്സ്‌ ഗവണ്‍മെന്റ്‌ പറഞ്ഞു, ?ഇത്‌ പ്രേത നഗരമാണ്‌.വാസയോഗ്യമല്ല.?. 'ഇപ്പോ ഞങ്ങള്‍ ചിലര്‍ മാത്രം.'.

വാക്കുകള്‍ വിറങ്ങലിച്ച ആ നിമിഷത്തില്‍ തിരയൊച്ചകള്‍ ചുറ്റിലും മുഴങ്ങിക്കൊണ്ടിരുന്നു.

നേരം വൈകുന്നു.അസ്‌തമയത്തിനു മുമ്പ്‌ ഇവിടം വിടണമെന്ന്‌ ഗൈഡ്‌ ഓര്‍മ്മിപ്പിച്ചു.ഫോട്ടോയെടുക്കുന്നത്‌ കാളിയമ്മ വിലക്കി.
കുടിലിനു പുറത്തിറങ്ങി.എഴുന്നുനില്‍ക്കുന്ന റെയില്‍ സ്റ്റേഷന്റെ അസ്ഥികൂടം പറയാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ഗൈഡ്‌ തൊട്ട്‌ മുന്നിലെ കിണര്‍ചൂണ്ടി.വെള്ളം കോരി കുടിക്കാന്‍ പറഞ്ഞു.ഒരു തൊട്ടി വെള്ളം കോരി.മുഖം കഴുകി.കുടിച്ചു.ശുദ്ധജലം.ഒട്ടും ഉപ്പു രസമില്ല.കടല്‍ത്തീരത്തെ വെള്ളത്തിനു രാസമാറ്റമോ? ഇതാണോ ധനുഷ്‌ക്കോടിയിലെ കോടിതീര്‍ത്ഥം?
കടലില്‍ കണ്ണീരുപ്പ്‌ കലങ്ങിയപ്പോള്‍ കിണര്‍വെള്ളം തെളിഞ്ഞതാണോ?

2011 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

വിചാരം

                          കടല്‍പ്പാലത്തിലെ കാഴ്‌ചകള്‍
      പ്രണയം ഒരു കാഴ്‌ചയാണ്‌;ആത്മാവിന്റെ അടിത്തട്ടുവരെ തൊട്ടെടുക്കുന്ന മായപളുങ്കിന്റെ രാസലായനി.യൗവനം മാത്രം തീറെഴുതി വാങ്ങിയ സ്വകാര്യസ്വത്തല്ല അത്‌.വേഗങ്ങളുടെ ആലോലത്തിമിര്‍പ്പില്‍ കാല്‍ച്ചുവട്ടില്‍ കാറ്റിരമ്പങ്ങള്‍തീര്‍ക്കുന്ന പ്രായത്തിന്റെ അപക്വവിലാസങ്ങളോ അത്‌? കാലത്തിനും പ്രായത്തിനും അപ്പുറം ഓര്‍മകളുടെ സുഗന്ധവും നനുത്തസ്വപ്‌നങ്ങളും നിലാവും വാക്കുകളും ഇടതൂര്‍ന്നു വളരുന്ന ചിത്രശലഭങ്ങളുടെ കൊട്ടാരം! പ്രമേയത്തിലും ആവിഷ്‌ക്കാരത്തിലും പുതുമയുള്ള,ക്യാമറ പടര്‍ത്തിയ മഷിച്ചാലുകളില്‍ കരുതി സൂക്ഷിച്ചുവച്ച ചില സുന്ദര നിറഭേദങ്ങളുടെ ബ്ലസ്സി ചിത്രമാണ്‌ 'പ്രണയം'.
           അച്യുതമേനോനും മാത്യൂസും ഗ്രെയ്‌സും അറുപതിനും എഴുപതിനുമിടയ്‌ക്ക്‌ പ്രായമുള്ളവരുടെ ജീവിതകഥയില്‍ യൗവനം ഒരു ഫ്‌ളാഷ്‌ ബാക്ക്‌ മാത്രം.പ്രണയത്തിന്റെ മഴ നനയാന്‍ അതിന്റെ പനിച്ചൂടില്‍ മൂടിപ്പുതച്ചു കിടക്കാനാഗ്രഹിക്കുന്ന,കാല്‌പനികതയുടെ മധുരഭാവങ്ങള്‍ ഒപ്പിയെടുക്കുന്ന മഴക്കാഴ്‌ചയായി ആ യൗവനം മാറുമ്പോള്‍ പ്രണയം ഒരു തിരിച്ചറിവോ വിശ്വാസമോ കരുതലോ ഒക്കെയാണ്‌.അരണ്ടകാഴ്‌ചയുടെ ഇടങ്ങളില്‍ ശാരീരികമായ സ്‌പര്‍ശങ്ങളില്‍മാത്രം വിരല്‍വയ്‌ക്കുകയാണ്‌ അപ്പോള്‍ പുതിയ യൗവനം.
കാഴ്‌ചയുടെ ഫോക്കസ്‌ അഡ്‌ജസ്റ്റുമെന്റിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌.ഒപ്‌താല്‍മിക്‌ ലാബില്‍ കാഴ്‌ച പരിശോധിക്കുന്ന അച്യുതമേനോന്‍ അക്ഷരച്ചാര്‍ട്ടില്‍ 'U' വരെ വായിച്ചു നിര്‍ത്തുന്നു.ശേഷം അവ്യക്തമാണ്‌.കണ്ണട കിട്ടിയ ശേഷം കളിക്കളത്തില്‍ പഴയ ഫുട്‌ബോള്‍ താരമായി വീശിപ്പറക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും തെന്നിവീണു. 'ഭാഗ്യം കണ്ണട പൊട്ടിയില്ലല്ലോ' എന്നായിരുന്നു മേനോന്റെ കമന്റ്‌.അവിടെ നിന്ന്‌ ഫ്‌ളാറ്റിലേക്ക്‌ വരുന്ന വഴിയില്‍ ലിഫ്‌റ്റില്‍ വച്ചാണ്‌ ഗ്രെയിസിനെ കാണുന്നത്‌. 'U' (YOU) വ്യക്തമാകുകയാണ്‌ -നാല്‌പത്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു
ശേഷം.ഗ്രെയ്‌സിനെ കണ്ട ആഘാതത്തില്‍ കുഴഞ്ഞുവീഴുന്ന മേനോനെ ആശുപത്രിയിലാക്കുന്നതും ആശങ്കകളോടെ കാത്തിരിക്കുന്നതും ഗ്രെയ്‌സ്‌ തന്നെ.മേനോന്റെ കണ്ണട ഗ്രെയ്‌സ്‌ ഭദ്രമായി സൂക്ഷിക്കുന്നു,കൈമാറുന്നു -കാഴ്‌ചകള്‍ വളരെ അടുത്താകുന്നു.
              കടല്‍പ്പാലം പ്രണയത്തിന്റെ തീക്ഷ്‌ണമോ വശ്യമോ രൂക്ഷമോ ആയ ഇമേജറിയായി പ്രത്യക്ഷപ്പെടുന്നു.മാത്യൂസും ഗ്രെയ്‌സും പിന്നെ മേനോനും ഒത്തുചേരുന്ന 'കടല്‍ക്കാഴ്‌ച'കളാണ്‌ തുടര്‍ന്ന്‌ ചിത്രത്തെ വിസ്‌മയമാക്കുന്നത്‌. 'മഴ' പ്രണയത്തിന്റെ മറ്റൊരു ബിംബമായി സിനിമയില്‍ നിറഞ്ഞുപെയ്യുന്നു. ഒരു മഴക്കാഴ്‌ചയിലാണ്‌ ഗ്രെയിസും അച്യുതമേനോനും പ്രണയികളാകുന്നത്‌.മഴയിറമ്പത്താണ്‌ മാത്യൂസ്‌ ഗ്രെയിസിനു സ്‌നേഹസാന്ത്വനങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌.മാത്യൂസ്‌ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ മഴ സാന്ത്വനമായി കൂട്ടുനില്‍ക്കുന്നു.
കടലിരമ്പത്തിന്റെ ഒച്ച പ്രണയത്തിന്റെ പശ്ചാത്തലമാണ്‌.ജാലകത്തിലൂടെയുള്ള മാത്യൂസിന്റെ കടല്‍ക്കാഴ്‌ചകള്‍,ഇരുളിന്റെ ഛായയില്‍ തിരയിളകുന്ന നീലക്കടല്‍,തിരച്ചാര്‍ത്തില്‍ കുതിര്‍ന്ന കടല്‍പ്പാലം -നുരയിട്ടുയരുന്ന പ്രണയത്തിന്റെ ആഴക്കാഴ്‌ചകളും സൗന്ദര്യവും അനുഭൂതിയും ദുരൂഹതയും.പ്രണയം കണ്ണെത്താ ദൂരത്തെ കാഴ്‌ചകളാണ്‌.
               ജലപ്പരപ്പിനും ഓളപ്പാത്തിയ്‌ക്കും മുകളില്‍;തെന്നിവീഴുന്ന വഴിത്താരയില്‍,കല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ പറന്നുയരുന്ന ചിത്രശലഭങ്ങള്‍ പ്രണയത്തിന്റെ വഴികളിലെ സുന്ദരമായ സാഹസികതകളായി മാറുന്നു.ഫ്‌ളാറ്റിലെ ലിഫ്‌റ്റിനുള്ളിലും ഗ്രെയിസിന്റെ കുഴിമാടത്തിലും ആ ചിത്രശലഭം കൂടെയെത്തുന്നു.പ്രണയം മനസ്സു തേടുന്ന ഒരു ശലഭമാണ്‌.
സമീപദൃശ്യങ്ങളിലൂടെ (close up) നഗരജീവിതത്തിന്റെ,ഫ്‌ളാറ്റിലെ ഇടുങ്ങിയ ലോകം സംവിധായകന്‍ സൃഷ്‌ടിച്ചിരിക്കുന്നു.അച്യുതമേനോന്റെ ഗ്രാമം ഒരു സൂചനയില്‍ മാത്രമൊതുങ്ങുന്നു.കടല്‍ക്കാഴ്‌ചകളിലും .ഫ്‌ളാഷ്‌ ബാക്കിലും മൂവരും വീടുവിട്ടിറങ്ങുന്ന യാത്രാവേളകളിലുമാണ്‌ വിദൂരദൃശ്യങ്ങള്‍ (longshot ) കടന്നുവരുന്നത്‌.കാരണം അത്‌ പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിമിഷങ്ങളാണ്‌.
തിരിച്ചറിയപ്പെടാതെ പോകുന്ന ചില സത്യങ്ങള്‍ പതുക്കെ വിളിച്ചുപറയുന്നുണ്ട്‌ ഈ ചിത്രം.
              പ്രണയം ഒരു ഒളിച്ചോട്ടമാണെങ്കില്‍ മേനോനും മാത്യൂസും ഗ്രെയിസും ഒളിച്ചോടുകയാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടി,മനസ്സാണ്‌ യൗവനം എന്ന്‌ തീര്‍ച്ചപ്പെടുത്താന്‍.ചിത്രത്തിലുടനീളം വാര്‍ദ്ധക്യത്തിന്‌കൈത്താങ്ങ്‌ വേണ്ട 'വീഴ്‌ച'കള്‍ ഏറെയുണ്ട്‌.ഫുട്‌ബോള്‍ ഗ്രൗണ്ടിലും ഗ്രെയിസിനെ അപ്രതീക്ഷിതമായി കാണുമ്പൊഴും മേനോനുണ്ടായ വീഴ്‌ചകള്‍,പക്ഷാഘാതത്തില്‍ ജീവിതം വീല്‍ച്ചെയറിലേക്ക്‌ മാറ്റപ്പെട്ട മാത്യൂസിന്റെ വീഴ്‌ച,കടല്‍ക്കരയില്‍ വച്ചുള്ള ഗ്രെയിസിന്റെ വീഴ്‌ച,തൊട്ടടുത്തനിമിഷം മാത്യൂസിന്റെ ഹൃദയാഘാതം,അവസാനം മേനോന്റെ മാറില്‍ മരണത്തിലേക്കുള്ള ഗ്രെയിസിന്റെ വീഴ്‌ച.ഈ വീഴ്‌ചകളിലെല്ലാം കൈത്താങ്ങായി നില്‍ക്കുന്നത്‌ വാര്‍ദ്ധക്യങ്ങള്‍ മാത്രമാണ്‌ എന്നത്‌ കാലത്തിന്റെ ഞെട്ടിക്കുന്ന ഒരു സത്യം.നാല്‍പ്പത്‌ വര്‍ഷമായി മേനോന്‌ നഷ്‌ടമായതും കൊതിക്കുന്നതും ഒടുവില്‍ കിട്ടാതെ പോകുന്നതും ഈ കൈത്താങ്ങാണ്‌.ഗ്രെയിസ്‌ മാത്യൂസിനു നല്‍കുന്നതും അവരുടെ മരണശേഷം മേനോന്‍ മാത്യൂസിനു നല്‍കുന്നതും അതു തന്നെ.ഇതല്ലേ പ്രണയം.ഗ്രെയിസിന്റെ ശവകുടീരത്തില്‍ നിന്നും വീല്‍ച്ചെയറില്‍ മാത്യൂസുമായി മേനോന്‍ സെമിത്തേരി വിട്ടിറങ്ങുമ്പോള്‍ വീണ്ടുമൊരു പ്രണയം തുടങ്ങുകയാണ്‌.
              ചില നേരങ്ങളിലെങ്കിലും നമ്മള്‍ മനുഷ്യരാകാറുണ്ട്‌.നന്മയും കരുണയും കൂട്ടിരിക്കാറുണ്ട്‌.പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ ഒരു ഹൃദയം നമ്മുടെ കൈവെള്ളയില്‍ അപ്പോള്‍ മിടിക്കുന്നുണ്ടാകും.അങ്ങനെ ഹൃദയത്തെ തൊടാന്‍ കഴിയുന്ന ചില നിമിഷങ്ങളാണ്‌ ബ്ലസ്സി സമ്മാനിച്ചത്‌.

2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വിചാരം

                                       മാണിക്യക്കല്ല്‌
            വണ്ണാമല സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ ഏതോ ക്ലാസ്സ്‌ മുറിയില്‍ മൂരിയിട്ടെണീറ്റ തെരുവ്‌ നായയും മോന്തായം കുത്തിയ പള്ളിക്കൂടവും ജട്ടിയും മൊട്ടയും വില്‍ക്കുന്ന മാഷന്മാരും ഇരട്ടപ്പേരു വിളിച്ച്‌ പുകയ്‌ക്കുന്ന സാറും കുട്ടിയും പുതിയ കാലത്തെ ഒരല്‌പം അതിശയ കാഴ്‌ചകളാണ്‌.പക്ഷെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ ചിതലരിക്കാന്‍ ഇതൊക്കെ തന്നെ കാരണം.
          അദ്ധ്യാപനം സാമൂഹ്യവൃത്തിയാണെന്ന ചിന്ത മറന്ന്‌ സൈഡ്‌ ബിസിനസ്സു നടത്തുന്നവര്‍,കുട്ടികളൊഴിഞ്ഞ ക്ലാസ്സ്‌ മുറി ഫാക്‌ടംഫോസ്‌ ഗോഡൗണാക്കിയയവര്‍,പൊതുവിദ്യാഭ്യാസം രക്ഷിക്കാന്‍ സ്‌കൂളില്‍ വരാതെ കാല്‍നടപ്രചരണ ജാഥ നടത്തുകയും എന്നാല്‍ സ്വന്തം മക്കളെ സ്വകാര്യ അണ്‍എയ്‌ഡഡ്‌ സി.ബി.എസ്‌.ഇ വിദ്യാലയങ്ങളില്‍ ചേര്‍ത്ത്‌ ആദര്‍ശം കൈചുരുട്ടി എറിയുന്ന സംഘടനാപ്രവര്‍ത്തകരായ മാഷന്മാര്‍,എല്ലാ അര്‍ത്ഥത്തിലും ഉറങ്ങാന്‍ മാത്രം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷങ്ങള്‍,മധുരമായി ഒന്നും കുട്ടികള്‍ക്ക്‌ പങ്കു വയ്‌ക്കാനില്ലാതെ സ്റ്റാഫ്‌ മുറിയില്‍ ലഡു മാത്രം പങ്കുവയ്‌ക്കുന്നവര്‍,രണ്ടു ചക്രം കിട്ടുന്നിടത്ത്‌ പഠനം നാല്‌ ദിവസം മുടങ്ങിയാലും വേണ്ടില്ല ഒഴുകി പോകുന്നത്‌ വഴുതാതെ പിടിക്കുന്ന കേമന്മാര്‍- ജൂണിലെ ആറാം പ്രവൃത്തി ദിനത്തിലും തലതൊട്ട്‌ എണ്ണുന്ന ഏകദിന കണക്കെടുപ്പിലും അങ്കലാപ്പിന്റെ തുഞ്ചത്തും പിന്നെ നെഞ്ചത്തും മാഷന്മാര്‍ കൈവയ്‌ക്കുമ്പോള്‍, എല്ലാം സ്വയം ഏറ്റുപറയുകയാണോ?
                        പൃഥീരാജ്‌ ചിത്രമായ മാണിക്യക്കല്ലിന്റെ സിനിമാ നിരൂപണമല്ലിത്‌.അദ്ധ്യാപക പരിശീലനക്കളരിയിലും സംഘടനാ ചര്‍ച്ചകളിലും മാറ്റി വയ്‌ക്കുന്നതോ പറയാന്‍ ആഗ്രഹിക്കാത്തതോ ആയ വിഷയം, കേരളത്തിലെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അദ്ധ്യാപകര്‍ തീര്‍ച്ചയായും തിരിച്ചറിയേണ്ട സത്യം.
പുതിയ പാഠ്യപദ്ധതിയും ഭൗതിക സാഹചര്യങ്ങളിലെ മുന്നേറ്റവും കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പഠനപ്രവര്‍ത്തനവും സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും തുടര്‍ച്ചയായ അദ്ധ്യാപക പരിശീലനവും തത്സമയ പിന്തുണാ സംവിധാനവും ഒക്കെ ഉണ്ടായിട്ടും ക്ലാസ്സ്‌ മുറികള്‍ എന്തേ ശൂന്യമാകുന്നു.നാട്ടുകാര്‍ക്ക്‌ എന്തുകൊണ്ട്‌ സര്‍ക്കാര്‍ സ്‌കൂളില്‍ അത്മവിശ്വാസം ജനിക്കുന്നില്ല.ഒരുലക്ഷത്തി തൊണ്ണൂറ്റി ആറായിരം കുട്ടികള്‍ മുന്‍വര്‍ഷത്തേതില്‍ നിന്ന്‌ കുറവു വന്നപ്പോള്‍ ജനസംഖ്യാനിയന്ത്രണ പദ്ധതിയുടെ ചെവിക്കു പിടിക്കുകയാണോ മറുപടി.അണ്‍എയ്‌ഡഡ്‌,സി.ബി.എസ്‌.ഇ വിദ്യാലയങ്ങളില്‍ കുട്ടികള്‍ അതേ സമയം ഇരച്ചുകയറുന്നുമുണ്ട്‌.
മറ്റു സംസ്ഥാനങ്ങളും കേന്ദ്രസിലബസ്സുകാരും മാതൃകയാക്കിയ പാഠ്യപദ്ധതിയെ എത്രത്തേളം ആത്‌മാര്‍ത്ഥമായി പിന്തുടരാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്‌.ക്ലബ്ബ്‌ പ്രവര്‍ത്തനവും സര്‍ഗ്ഗാത്മക പ്രവര്‍ത്തനവും വിഷയത്തോടുള്ള ആത്‌മാര്‍ത്ഥതയും വഴി പള്ളിക്കൂടങ്ങള്‍ എത്രത്തോളം സജീവമാകുന്നു.ഇതിനു വേണ്ട സമയം ഉപരിവര്‍ഗ്ഗ ധനസമ്പാദന വാണിജ്യമാര്‍ഗ്ഗങ്ങളുടെപിന്നാമ്പുറത്ത്‌അടയിരിക്കുമ്പോള്‍സാമൂഹ്യപ്രവര്‍ത്തനാധിഷ്‌ഠിത അദ്ധ്യാപക സങ്കല്‌പം തകര്‍ന്നു വീഴുന്നു.
              സമൂഹത്തിന്‌ ആത്മവിശ്വാസം കൊടുക്കുന്നത്‌ അദ്ധ്യാപകരാണ്‌.സാറിന്റെ വഴി നാടിന്റെ വഴിയായി കാണുന്നവരാണ്‌ ഏറെ ആളുകളും.സ്റ്റേറ്റ്‌ സിലബസ്സിനെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയുന്നത്‌ മാഷന്മാര്‍ക്ക്‌ തന്നെ.പക്ഷെ ഡി.പി.ഇ.പി കാലം മുതല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതും മാഷന്മാര്‍ തന്നെ.സ്വന്തം മക്കളെ അണ്‍എയ്‌ഡഡ്‌ -സി.ബി.എസ്‌.ഇ വിദ്യാലയങ്ങളിലേക്ക്‌ ബസ്സ്‌ കയറ്റിവിട്ട്‌ സ്വന്തം സ്‌കൂളിലെ നാട്ടാരുടെ മക്കളെ പഠിപ്പിക്കാന്‍ പടി കയറുന്ന അദ്ധ്യാപകരാണ്‌ വിദ്യാലയങ്ങളുടെ കടയ്‌ക്കല്‍ ആദ്യത്തെ ആണി തറച്ചത്‌.സാറന്മാര്‍ സമൂഹത്തിന്‌ നല്‍കിയ സന്ദേശമാണത്‌.മാഷന്മാര്‍ സ്വന്തം മക്കളെ നടത്തിയ വഴിയിലൂടെ നാട്ടുകാരും കുട്ടികളെ നടത്തി.അതെങ്ങനെ തെറ്റാവും.അവിടെയും നില്‍ക്കാതെ എസ്‌.എസ്‌.എ,ബി.ആര്‍.സി,ഡി.ആര്‍.ജി,എസ്‌.ആര്‍.ജി മാഷന്മാരും മക്കളെ കൂടുമാറ്റി പാര്‍പ്പിച്ച്‌ വരേണ്യ(വിദ്യാഭ്യാസ?) സംസ്‌ക്കാരം നേടിയെടുത്ത സന്തോഷത്തില്‍ ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ പാഠ്യപദ്ധതിയുടെ പുരോഹിതവേഷം അണിയുന്ന ലജ്ജാകരമായ പ്രവൃത്തി തുടരുമ്പോള്‍ രണ്ടാമത്തെ ആണി അവരും തറച്ചു.
സ്വന്തം സിലബസ്സില്‍ വിശ്വാസമില്ലാത്തവര്‍ വേനലവധിക്കാലത്ത്‌ 'കുട്ടികളെ പിടിക്കാന്‍' നാടുതെണ്ടുമ്പോള്‍ അതിന്റെ യുക്തിയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും.അദ്ധ്യാപകരുടെ പ്രൊട്ടക്ഷനു വേണ്ടി ധര്‍ണ നടത്തുന്നവര്‍ സ്വന്തം കുട്ടികളെ മാതൃവിദ്യാലയത്തിലേക്ക്‌ തിരിച്ചു വിടാന്‍ അദ്ധ്യാപകര്‍ക്ക്‌ നല്ല ബുദ്ധി തോന്നാന്‍ വേണ്ടിയല്ലേ സത്യാഗ്രഹമിരിക്കേണ്ടത്‌.
                  സ്വതന്ത്രവും സുതാര്യവുമായ ഇച്ഛാശക്തിയും കര്‍മ്മശേഷിയുമാണ്‌ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യത്തിന്‌ അടിസ്ഥാനം.സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 'പ്രൊഫഷണലിസം'കടന്നുവരേണ്ടിയിരിക്കുന്നു.സ്റ്റാഫ്‌ റൂം, നിറയെ വെളിച്ചമുള്ള ഒരു ഇടമാകണം.ആ വെളിച്ചം വരേണ്ടത്‌ മനസ്സില്‍ നിന്നും.ക്ലാസ്സ്‌ മുറികളില്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നവര്‍ ഒറ്റ അദ്ധ്യാപക ഗ്രൂപ്പിന്റെ വക്താക്കള്‍ മാത്രമാകണം.അതില്ലാതെ വരുമ്പോഴാണ്‌ സ്റ്റാഫ്‌ റൂമില്‍ വെളിച്ചം കുറയുന്നത്‌.ആ ഇരുട്ട്‌ കുട്ടികളെയും അവരുടെ പഠനത്തെയും ബാധിക്കും.
ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കുന്ന വ്യക്തിപരമായ ശ്രദ്ധ കാലിക വിദ്യാലയ പ്രവര്‍ത്തങ്ങളില്‍ അനിവാര്യമാണ്‌.കരിങ്കല്‍ക്കുഴി കരുണനെപ്പോലെ വാറ്റും കോടയും കന്നാസുമായി വലിയൊരു സമൂഹം പുറത്തുണ്ട്‌.പൊതുവിദ്യാലയം നാടിന്നഭിമാനം തന്നെയാണ്‌.എത്ര കാതങ്ങള്‍ പിന്നിട്ടാലും മനസ്സില്‍ ത്രസിക്കുന്ന അക്ഷരമുറ്റം.അതൊരു മാണിക്യക്കല്ലാണ്‌.കാക്കപ്പൊന്ന്‌ കണ്ട്‌ കണ്ണുകടഞ്ഞവര്‍ അത്‌ തിരിച്ചറിയുന്നില്ലെന്ന്‌ മാത്രം.





2011 ഏപ്രിൽ 16, ശനിയാഴ്‌ച

ഓര്‍മ്മ

                                       ആടു ജീവിതം 

        തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച്‌ മുപ്പതിനുള്ള 'ഹോളി ഫാമിലിയില്‍' ശ്രീധരന്‍ മാഷുണ്ടാവും. മുക്കം പുഴയിലെ മുങ്ങിക്കുളി,ഫുഡ്‌ബോള്‍ മാച്ച്‌, തലേന്നത്തെ ഉച്ചയൂണിന്റെ ഗംഭീരപ്പുളിശ്ശേരി.നാടകാനുഭവങ്ങള്‍ ഇങ്ങനെ മുക്കത്തെ കഥകളുമായാണ്‌ വരവ്‌.ആലക്കോട്‌ സ്‌കൂളിലെ മാഷാണ്‌ അദ്ദേഹം.
       പന്ത്രണ്ട്‌ വര്‍ഷം മുമ്പുള്ള കഥ..മാഷ്‌ അന്ന്‌ അവിവാഹിതനാണ്‌.എല്ലാ വെള്ളിയാഴ്‌ചയും വൈകിട്ട്‌ നാട്ടിലേയ്‌ക്ക്‌ പോകും.കോഴിക്കോട്‌ മുക്കമാണ്‌ സ്വദേശം.കുടുംബത്തില്‍ അമ്മ ഒറ്റയ്‌ക്കാണ്‌.അമ്മയെക്കാണാനുള്ള പോക്കാണ്‌ ആഴ്‌ചതോറും.ഒരു വെള്ളിയാഴ്‌ച മാഷ്‌ കോഴിക്കോട്‌ എത്തിയപ്പോള്‍ മുക്കത്തേയ്‌ക്കുള്ള അവസാനവണ്ടിയും പൊയ്‌ക്കഴിഞ്ഞു.നേരെ തിയറ്ററിലേക്ക്‌ വിട്ടു,സെക്കന്റ്‌ ഷോയ്‌ക്ക്‌.അതുകഴിഞ്ഞ്‌ പുലരും വരെ ബസ്സ്‌റ്റാന്‍ഡില്‍.
           ചാരുബഞ്ചിലെ ഉറക്കത്തിനിടയില്‍ മാഷെ ആരോ തൊട്ടുവിളിച്ചു.ഒരു കൊച്ചു പെണ്‍കുട്ടി.കണ്ണീര്‍ മേഘങ്ങള്‍ തിങ്ങിയ മുഖം.വിശപ്പിന്റെ ദൈന്യം ആ മുഖത്തുണ്ട്‌.നീട്ടിയ കൈകളില്‍ ആഹാരമാണ്‌ അവളുടെ പ്രതീക്ഷ. തെരുവ്‌ സ്ഥിരം താവളമാക്കിയവരുടെ കുടുംബത്തിലെ പെണ്‍കുട്ടി.കൈയില്‍ തടഞ്ഞ രൂപയെടുത്ത്‌ കുട്ടിക്ക്‌ നല്‍കി.പക്‌ഷെ വെറുമൊരു പേപ്പര്‍ കഷണത്തിന്‌ അര്‍ദ്ധരാത്രിയില്‍ വിശപ്പടക്കാനാവില്ലെന്ന്‌ അതിനറിയാം.രൂപ വാങ്ങിയില്ല.അവള്‍ തിരിഞ്ഞു നടന്നു.ഇതു പറയുമ്പോള്‍ മാഷിന്റെ തൊണ്ടയിടറി.

ഒറ്റ രാത്രിയിലെ ഉറക്കച്ചടവ്‌ ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക്‌ തുറന്നു വച്ചു തരും.


         മാസങ്ങള്‍ കഴിഞ്ഞു.പൂജ അവധിക്ക്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള മടക്കയാത്ര.രാത്രി ഒരു മണിക്ക്‌ ഞാന്‍ തൃശ്ശുരെത്തി.ഉറങ്ങാത്തവരുടെ താവളമാണത്‌.കോയമ്പത്തുരെയ്‌ക്കും അനന്തപുരിയിലേക്കും പോകേണ്ടവരുടെ തിരക്ക്‌.ഉറങ്ങുന്നവരെയും വിളിച്ചുണര്‍ത്തി സ്വന്തം ബസ്സിലേക്ക്‌ ക്ഷണിക്കുന്ന തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ടിന്റെ കണ്ടക്‌ടര്‍.രാത്രിയിലും പകല്‍ത്തിരക്കിന്റെ പൊടിപൂരത്തില്‍ പത്തുവയസ്സു വരുന്ന ആണും പെണ്ണും കണ്‍മുമ്പില്‍.ചിരിച്ചു കൈനീട്ടി ഒറ്റ നില്‍പ്പാണ്‌.ഉള്ളു പിടഞ്ഞു.എന്റെ സഹോദരിക്ക്‌ ഈ പ്രായത്തില്‍ രണ്ട്‌ കുട്ടികളുണ്ട.്‌ അവര്‍ക്കു വേണ്ടി വാങ്ങിയ കോഴിക്കോടന്‍ ഹല്‍വ ബാഗില്‍ സൂക്ഷിച്ചിട്ടുണ്ട്‌.അച്ഛനും അമ്മയും അടുത്തു കിടത്തി മൂടി പുതപ്പിച്ച്‌ , ഇടയ്‌ക്കു കണ്‍തുറന്ന്‌ മുത്തം കൊടുത്ത്‌, അവര്‍ ഇപ്പോള്‍ നല്ല ഉറക്കത്തിലാവും.
            ചിരി മായാതെ അവര്‍ ഇപ്പോഴും മുന്നിലുണ്ട്‌.എന്റെ മനസ്സിലെ വികാരങ്ങളെന്തെന്ന്‌ പറയാനറിയില്ല.പത്തുരൂപ നോട്ടെടുത്ത്‌ നീട്ടി.രണ്ടുപേരും ഒത്തു വാങ്ങി; ചിലച്ചോടി പറന്നു.പാഞ്ഞെത്തുന്ന ബസ്സിന്റെ ബോര്‍ഡ്‌ നോക്കി തത്രപ്പെട്ട്‌ ഉള്ളില്‍ കടന്നു.സൈഡ്‌ സീറ്റിലിരുന്നു.വീണ്ടും അതാ അവര്‍.ചിരി മാഞ്ഞിട്ടില്ല.നോക്കി നില്‍ക്കുന്നുണ്ട്‌.എന്തിന്‌? എന്തു പരിചയം? ബസ്സ്‌ ചലിക്കാന്‍ തുടങ്ങി.ആ അര്‍ദ്ധരാത്രിയില്‍ എനിക്ക്‌ പരിചയക്കാര്‍ ആരുമില്ലാത്ത ആ നഗരത്തില്‍ നിന്ന്‌ രണ്ട്‌ കുട്ടികള്‍ 'റ്റാറ്റ' പറയാന്‍ തുടങ്ങി. 
കഴിഞ്ഞ വര്‍ഷം.കുട്ടികളുമൊത്ത്‌ തെന്മലയില്‍ പോയി.ഒരു പരിസ്ഥിതി സൗഹൃദ സഞ്ചാരം.ചിത്രശലഭങ്ങളെ കണ്ട്‌ ബസ്സില്‍ കയറുമ്പോള്‍ അതാ, ആകെ ക്ഷീണിച്ച മുഖം,പ്രതീക്ഷയുള്ള കണ്ണുകള്‍.ബസ്സിലിരുന്ന്‌ കടലയും ചെറുപഴവും തിന്നുന്ന കുട്ടികളുടെ വായിലേക്ക്‌ വിശപ്പിന്റെ ആഴങ്ങളില്‍ നിന്ന്‌ പൊരിയുന്ന നോട്ടം.
            കുട്ടികളുടെ കമന്റ്‌, ?സാറേ,പാത്തുമ്മയുടെ ആടാണ്‌?.കറുപ്പില്‍ വെള്ള പുള്ളികളുള്ള ആട്‌.ആകെ അലഞ്ഞു തീര്‍ന്ന മട്ട്‌.കുട്ടികളിലാരോ പുറത്തേയ്‌ക്കിട്ട പഴത്തൊലി ചാടി വീണു നക്കിയെടുത്തു.വീണ്ടും പ്രതീക്ഷയോടെ ഓരോരുത്തരെയും നോക്കി.പുറത്തേയ്‌ക്കിട്ട പഴത്തൊലി ആവേശത്തോടെ തിന്നു.ബസ്സ്‌ നീങ്ങി.തലചെരിച്ച്‌ അവസാനമായി ബസ്സിലേക്ക്‌ ഒന്നു കൂടി നോക്കി.പിന്നെ പിന്നിലേക്ക്‌ മാറി ആരെയോ കാത്തു നിന്നു.
            ജീവിതത്തിന്റെ വഴിക്കവലയില്‍ മേഞ്ഞു നടക്കാന്‍ മാത്രം വിധിക്കപ്പെട്ട ചില ജീവിതങ്ങള്‍.സംഭവബഹുലമായ വര്‍ണ്ണാഭമായ ആര്‍ഭാടം നിറഞ്ഞ ജീവിതങ്ങള്‍ക്കിടയ്‌ക്ക്‌ ഒന്നുമല്ലാത്ത ചിലര്‍.ഓര്‍മ്മകളുടെ വഴിത്തിണ്ണയില്‍ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഇവരും കൂട്ടിരിക്കാറുണ്ട്‌.

2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച


കല്‌പ്പറ്റ നാരായണന്റെ കവിതയും കരമന വളവിലെ മരണവും

കല്‌പ്പറ്റ നാരായണന്റെ "സമയപ്രഭു" വായിച്ചപ്പോള്‍ കുട്ടികള്‍ക്ക്‌ മുന്നില്‍ ചൊല്ലി കേള്‍പ്പിക്കണമെന്നു തോന്നി.പാഠപുസ്‌തകത്തില്‍ നിന്നു മാറി പുതിയ കവിതകളുമായി എത്തുമ്പോള്‍ അവര്‍ ചെവി കൂര്‍പ്പിക്കാറുണ്ട്‌.മോഹനകൃഷ്‌ണന്‍ കാലടിയും എം.ആര്‍ രേണുകുമാറും പവിത്രന്‍ തീക്കുനിയും ടി.കെ സന്തോഷ്‌കുമാറുമൊക്കെ കുട്ടികളുടെ അടുപ്പക്കാരാണ്‌.
ഫെബ്രുവരി മാസം്‌.ഒന്‍പത്‌.ബി- യില്‍ റിവിഷന്‍ ക്‌ളാസ്സാണ്‌.ഇംഗ്‌ളീഷ്‌ അദ്ധ്യാപകന്‍ ലീവായതിനാല്‍ തുടര്‍ച്ചയായി രണ്ടു പീര്യേഡും ക്ലാസ്സെടുക്കേണ്ടി വന്നു.സമയപ്രഭു ആ സമയത്തിനു പറ്റിയതാണെന്നു തോന്നി.
പള്ളിക്കൂടത്തിന്റെ സുഗന്ധമുള്ള ഒരു കവിതയാകാം ആദ്യം, ''ടീച്ചറിപ്പൊഴും രണ്ടിലാണ്‌ ''.രണ്ടാംക്ലാസ്സിലെ സൗദാമിനി ടിച്ചര്‍.ടീച്ചറിന്റെ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ജീവിതത്തില്‍ പലരുമായി. ഒരാള്‍ സാഹിത്യസമാജം ഉദ്‌ഘാടനം ചെയ്യാന്‍ വന്ന്‌ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ ടീച്ചറെ കണ്ട്‌ 'ഹായ്‌' എന്നു കൈയ്യ്‌ ഉയര്‍ത്തി എന്തോ ഓര്‍ത്ത്‌ കൈ താഴ്‌ത്തി.മറ്റൊരാള്‍ വാക്‌സിനേഷന്‍ ചെയ്യാന്‍ വന്ന്‌ കുട്ടികളെ പേടിപ്പിച്ചു.ഒരാള്‍ കണ്ടക്ടറായി
തിരക്കുള്ള ബസ്സില്‍ ടീച്ചറിന്‌ സീറ്റ്‌ നല്‍കി.മറ്റൊരാള്‍ ഇന്‍സ്റ്റാള്‍മെന്റ്‌ കച്ചവടക്കാരനായി.രണ്ടാള്‍ പോലീസായി.ഒരാള്‍ കള്ളനായി.പക്ഷെ,ടീച്ചറിപ്പൊഴും
രണ്ടിലാണ്‌.ടീച്ചറും കുട്ടികളും ചേര്‍ന്ന്‌ പാടുന്ന ഒരു പാട്ടുണ്ട്‌, ''വാ...കുരുവീീീ വരു കുരുവീീീീീ '' ,പക്ഷെ ഉണങ്ങിയൊടിഞ്ഞ ആ വാഴക്കയ്യിലേക്ക്‌ ഏത്‌
കുരുവി വരാന്‍ ?
കുട്ടികളെല്ലാം ജയിക്കുമ്പൊഴും ടീച്ചര്‍ തോല്‍്‌ക്കുകയായിരുന്നോ? ഓര്‍മകളും പൊട്ടിച്ചിരിയും കുസൃതിയും കിന്നാരവും പിണക്കവും തളം കെട്ടി
കിടക്കുന്ന ക്ലാസ്സ്‌ മുറിയില്‍ നിന്ന്‌ പറന്നുപോയ ഓരോ കുരുവികളെയും ഒരു ടീച്ചറമ്മയ്‌ക്കല്ലാതെ ആര്‍ക്കാണ്‌ ഓര്‍ത്തെടുക്കാന്‍ കഴിയുക ? ജ്യോതിഷിന്റെ വിലയിരുത്തല്‍ കൂട്ടുകാര്‍ അംഗീകരിച്ചപോലെ തോന്നി.
കവിതയ്‌ക്കൊരിടവേള പോലെ ഓഫീസില്‍ നിന്ന്‌ നോട്ടീസെത്തി.
പെട്ടെന്ന്‌ ആരവം കൂട്ടി പലവഴിക്ക്‌ പറക്കുന്ന ശീലം ഈ കുട്ടികള്‍ക്കുണ്ട്‌.
പക്ഷെ അതുണ്ടായില്ല.
അടുത്ത ഒന്നിന്‌ കാത്തിരിക്കുന്ന പോലെ,.......
'' ഇനിയും കവിത വേണോ ? ''
"വേണം.........."
"വാശിയാണോ ? "
"അേേേേേേതേ..........."
എന്നാല്‍ കവിതയുടെ പേര്‌ -'ദുര്‍വ്വാശി '
കുട്ടികള്‍ ചിരിച്ചു.
"ദുര്‍വ്വാശിക്കാരാണ്‌ മരിച്ചവര്‍
ഗംഗാ ജലം വായിലൊഴിച്ചാലും-
അവരിറക്കുകയില്ല
നമ്മള്‍ തല ചുമരിലിടിച്ച്‌ പൊളിച്ചാലും
അവര്‍ ഗൗനിക്കുകയില്ല-----------------------
----------------------------------------------------------
----------------------------------------------------------
അവര്‍ ചെയ്യില്ലെന്നുറപ്പിച്ചത്‌
ഇനി ചെയ്യില്ല;അത്ര തന്നെ"
മരണത്തെക്കുറിച്ച്‌ ഇങ്ങനെ ഒരു വിചാരം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.മരവിപ്പോടെ എന്നെ നോക്കി.അശ്വതി കണ്ണു തുടയ്‌ക്കുന്നു.അമ്മയെ ഓര്‍ത്താവാം.ഒരിക്കലും തിരിച്ചു വരില്ലെന്ന ആ പോക്കാണല്ലോ അവളെയും ഒറ്റയ്‌ക്കാക്കിയത്‌.
മരണത്തെക്കറിച്ച്‌ പറയുമ്പോഴൊക്കെ ക്ലാസ്സ്‌ മുറി ഗഹനമാകും.അത്തരമൊരു അന്തരീക്ഷത്തെ വരവേല്‍ക്കാനെന്നോണം മൗനം നിറച്ചു വയ്‌ക്കും.
"നോക്കൂ, നമുക്കു പിന്നില്‍ നിന്ന്‌ കണ്ണിറുക്കി കാണിക്കുന്ന ഈ കള്ളനെ നമുക്ക്‌ ഒഴിവാക്കാന്‍ കഴിയില്ല.അതൊരു സത്യം മാത്രമാണ്‌."

വീണ്ടും ഞാന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി,
"ബൈക്കില്‍ സഞ്ചരിക്കുന്ന ഈ
ചെറുപ്പക്കാരന്‍ ഇരുപത്തി നാല്‌്‌്‌
കിലോമീറ്റര്‍ കൂടി സഞ്ചരിച്ച്‌്‌്‌
അപകടത്തില്‍പ്പെടും
അയാള്‍ക്കറിഞ്ഞു കൂട
എവിടെ കൃത്യ സമയത്തെത്തിച്ചേരാനാണ്‌
താന്‍ വേഗം കൂട്ടുന്നതെന്ന്‌്‌്‌ --------"

കുട്ടികള്‍ മിഴി തറപ്പിക്കുന്നു; ഞാന്‍ തുടര്‍ന്നു----

"കുളത്തില്‍ മുങ്ങിച്ചാകാന്‍ പോകുന്ന കുട്ടി
തലമറന്നെണ്ണ തേയ്‌ക്കുകയാണ്‌
ഒന്നു വേഗം വാടാ
ഇട വഴിയില്‍ നിന്ന്‌്‌്‌ കൂട്ടുകാര്‍ തിരക്കു കൂട്ടുന്നു
ആരുടെ അക്ഷമ കൂടിയാണ്‌
ഇപ്പോഴവരുടെ അക്ഷമ----------------------"

സര്‍, ഇതും കല്‌്‌്‌പറ്റയുടെ കവിതയാണോ ? നിഷാ മോഹന്റെ ആകാംഷ നിറഞ്ഞ ചോദ്യം

'അതെ,അധികച്ചുമതലകള്‍ എന്ന കവിത'

കവിത മുഴുവനും കുട്ടികളുടെ നിര്‍ബന്ധത്തില്‍ വായിച്ചു. വിശദീകരണങ്ങള്‍ ഒന്നും ആവശ്യമായി വന്നില്ല.കുട്ടികള്‍ ഓരോരുത്തരും തങ്ങള്‍ വഹിക്കുന്ന അധികച്ചുമതലയോര്‍ത്ത്‌്‌്‌ തളര്‍ച്ചയിലോ ഗൗരവത്തിലോ ആണ്‌്‌്‌.എ്‌ന്തിലും സംശയം കാണുന്ന രാഹുല്‍ അപ്പൊഴും ചോദിച്ചു, ഇത്‌്‌്‌ സത്യമാണോ
സാര്‍ ?

പെട്ടെന്ന്‌്‌്‌ വാതില്‍ക്കല്‍ പ്യൂണ്‍ രാധച്ചേച്ചി."സാറിന്റെ ഫോണില്‍ കുറേ നേരമായി ബെല്ലടിക്കുന്നു"

"ഈ പീര്യേഡ്‌്‌്‌ കഴിയട്ടെ ഞാന്‍ വന്നു നോക്കാം"

"സാറേ കൊറേ നേരമായി എന്തെങ്കിലും അത്യാവശ്യം കാണും"

താഴത്തെ നിലയിലെ സ്‌റ്റാഫ്‌്‌്‌ മുറിയിലെത്തി.ബാഗില്‍ നിന്ന്‌്‌്‌ ഫോണെടുത്തു.
വിളിക്കുന്നത്‌്‌ അമ്മാവനാണ്‌,അമ്മയുടെ സഹോദരന്‍.

"എന്താ അമ്മാവാ -----?" മറുതലയ്‌ക്കലെ ശബ്ദം പരിചയമുള്ളതല്ല.

"നിങ്ങള്‍ കരുതുന്ന ആളല്ല.ഞാന്‍ കരമന പാലത്തിനടുത്തു നിന്ന്‌്‌്‌ ----
വളവില്‍ നിന്നാ വിളിക്കുന്നത്‌്‌്‌." പരിഭ്രമവും സങ്കോചവും കലര്‍ന്ന വാ ക്കുകള്‍.എനിക്കാകെ പേടിയായി.

"നിങ്ങള്‍ക്ക്‌്‌ ഇയാളെ അറിയാമോ ? "

"അറിയാം.മധുസൂദനന്‍ നായര്‍.എന്റെ അമ്മാവനാ "
എനിക്കാകെ പേടിയായി.

"ഈ ഫോണ്‍ റോഡില്‍ നിന്ന്‌്‌്‌ കിട്ടിയതാ ---------,ഒരാള്‍ ആക്‌സിഡന്റ്‌്‌ പറ്റി റോഡില്‍ കിടക്കുകയാണ്‌.ബൈക്കില്‍ വരുമ്പോള്‍ ബസ്സ്‌്‌്‌ തട്ടി -------കയറിയിറങ്ങി --------മെഡിക്കല്‍ കോളേജില്‍ ----മോര്‍ച്ചറി യില്‍-------????????????????
കവിതയില്‍ നിന്ന്‌്‌്‌ ഞാനറിയാതെ എപ്പോഴാണവന്‍ കരമന വളവിലെത്തിയത്‌്‌്‌ ?








2010 മാർച്ച് 30, ചൊവ്വാഴ്ച


ഓര്‍മ്മകള്‍ മഴ നനയുന്നു

വേനല്‍ വരമ്പിലൂടെ പരീക്ഷച്ചൂട്‌ കടന്നു വരുമ്പോള്‍ പള്ളിക്കൂടങ്ങള്‍ ഒന്ന്‌ തണലു ചായാനിരിക്കും.ആരവങ്ങളൊഴിഞ്ഞ സ്‌കൂള്‍ മുറ്റം മഴപ്പാറ്റകളെ സ്വപ്‌നം കാണും.കൗതുകം കൊളുത്തിയ നക്ഷത്ര കണ്ണുകള്‍ നിരനിരയായിരുന്ന ക്‌ളാസ്സ്‌ മുറികള്‍ ഒന്ന്‌ മയങ്ങാന്‍ കിടക്കും.മയക്കത്തിനിടയില്‍ പൊട്ടിച്ചിരിയും കളിതമാശയുപിണക്കവും കടന്നു വരുന്ന ഒച്ചകേട്ട്‌ ഞെട്ടിയുണരും;വെറുതേ.

പല ചില്ലകളില്‍ നിന്നും ചേക്കേറിയ പക്ഷിക്കൂട്ടങ്ങളുടെ കൂടാരമാണ്‌ പള്ളിക്കൂടം.-അക്ഷരങ്ങളെ ധ്യാനിച്ച്‌ അതിശയം സൃഷ്ടിക്കുന്നവര്‍.കഥയുടെ കൂട്ടുപിടിച്ച്‌ കിനാവു കാണാനിറങ്ങുന്നവര്‍.അക്കപ്പെരുക്കം കൊണ്ട്‌ ആകാശച്ചില്ലയിലെ പൂമരക്കൊമ്പില്‍ ഊഞ്ഞാലു കെട്ടുന്നവര്‍...

പത്തിന്റെ പടിയിറങ്ങുകയാണ്‌ എന്റെ കുട്ടികള്‍.പഠിപ്പിച്ചതിനൊക്കെയും കണക്കുതീര്‍ക്കാന്‍ തയ്യാറെടുക്കുകയാണവര്‍.മലയാളം ക്‌ളാസ്‌ുകളില്‍ ചന്തം നിറയ്‌ക്കാന്‍ കുട്ടികള്‍ക്ക്‌ ഉത്സാഹമായിരുന്നു.ഉണര്‍വുള്ള 'ചിന്താവിഷയവുമായി 'ക്ലാസ്സ്‌ തുടങ്ങാന്‍ എന്നും ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടാകും.പുതിയ പാഠ്യപദ്ധതി ഭാഷയുടെ സുഗന്ധപ്പുരകളെ തുറന്നിട്ടു എന്ന്‌ പറയുന്നതാവും ശരി.പുസ്‌തകച്ചെപ്പിനുള്ളിലെ അഴകുള്ള കനകാംബരങ്ങള്‍ ഇതള്‍ വിരിയുന്ന ആസ്വാദനക്കുറിപ്പ്‌.,വാക്കുകള്‍ അസ്‌ത്രമുന കൂര്‍പ്പിക്കുന്ന ചര്‍ച്ചയും പ്രതികരണവും,ഉള്ള്‌ തൊട്ടുണര്‍ത്തുന്ന കവിതയുടെ ആലാപന ഭംഗി.-ഒരു ക്‌ളാസ്സ്‌ മുറിയില്‍ നിന്നും കടന്നുപോകുന്നവര്‍ ബാക്കിയിട്ടുപോകുന്ന മറക്കാനാകാത്ത ശേഷിപ്പുകളാണിത്‌.

ഓര്‍മ്മകള്‍ കനക്കുമ്പോള്‍ ഒറ്റക്കൊലുസ്സിന്റെ സംഗീതം കേള്‍ക്കാം.കുസൃതികള്‍ കൊഴുപ്പിച്ച ഹാഫിസിന്റേയും ജസീറിന്റേയും നേരമ്പോക്കുകള്‍.കവിതയുടെ നിലാവരമ്പത്തു താവളം കൂട്ടിയ ആദര്‍ശ്‌.സ്വര്‍ണ്ണത്താക്കോല്‍ കൊണ്ടു മാത്രം വാക്കുകളുടെ നിലവറ തുറക്കുന്ന പാട്ടിന്റെ പാലാഴിക്കരയിലെ ദേവി ഗൗരി.കഥാപ്രസംഗ പാരമ്പര്യത്തിന്റെ കരുത്തുറ്റ ഇളയ തലമുറക്കാരി ആര്‍.എസ്‌ രശ്‌മി.ചങ്കിടിപ്പിന്‌ വേഗത കൂട്ടി ചോദ്യങ്ങള്‍ കൊണ്ട്‌ പ്രതീക്ഷിക്കാതെ ആക്രമണം നടത്തുന്ന അനന്തുവും ദീപക്ക്‌ ശങ്കറും ബാസിത്തും.മിണ്ടിയാല്‍ തീരുന്നതല്ല ഈ പൂങ്കാവനത്തിന്റെ ചാരുത.

താഴിട്ടു പൂട്ടാന്‍ കഴിയില്ല ഈ ഓര്‍മ്മകളെ.കൊന്നമരച്ചോട്ടിലെ ആഴ്‌ചവട്ടവും ഗാന്ധി മുത്തച്ഛന്റെ പിറന്നാള്‍ദിനത്തിലെ ശുചീകരണവും പിന്നെ കപ്പയും കാന്താരിയും കൂട്ടി എല്ലാവരുടേയും ഒത്തു ചേരലും, കായിക ദിനത്തില്‍ ഓടിജയിച്ച്‌ കാലുളുക്കിയവന്റെ സന്തോഷക്കണ്ണീരും, ഒരു രാപ്പാതിയില്‍ മേളയിലെ ഓവറോള്‍ കീരീടവുമായി സ്‌കൂള്‍ മുറ്റത്തു ചവിട്ടിയ ആനന്ദനൃത്തവും, കൈയ്യടി ഒച്ചയുമായി കാഴ്‌ചയുടെ വിദൂരങ്ങള്‍ പിന്നിട്ട വിനോദയാത്രയും-ക്ഷമിക്കണം പള്ളിക്കൂടമടയ്‌ക്കാന്‍ നേരമായി. ഇന്ന്‌ മാര്‍ച്ച്‌ 31 ആണ്‌.

ക്‌ളാസ്സ്‌ മുറിയുടെ നിലാച്ചുഴിയിലും സന്തോഷത്തിരകളിലും പെട്ടുപോയ ഏതൊരു അദ്ധ്യാപകനും ഈ ഓര്‍മ്മകളുടെ മഴ നനയാതിരിക്കാനാകില്ല,പൊള്ളുന്ന ഈ വേനലില്‍.