2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

വിചാരം

                          കടല്‍പ്പാലത്തിലെ കാഴ്‌ചകള്‍
      പ്രണയം ഒരു കാഴ്‌ചയാണ്‌;ആത്മാവിന്റെ അടിത്തട്ടുവരെ തൊട്ടെടുക്കുന്ന മായപളുങ്കിന്റെ രാസലായനി.യൗവനം മാത്രം തീറെഴുതി വാങ്ങിയ സ്വകാര്യസ്വത്തല്ല അത്‌.വേഗങ്ങളുടെ ആലോലത്തിമിര്‍പ്പില്‍ കാല്‍ച്ചുവട്ടില്‍ കാറ്റിരമ്പങ്ങള്‍തീര്‍ക്കുന്ന പ്രായത്തിന്റെ അപക്വവിലാസങ്ങളോ അത്‌? കാലത്തിനും പ്രായത്തിനും അപ്പുറം ഓര്‍മകളുടെ സുഗന്ധവും നനുത്തസ്വപ്‌നങ്ങളും നിലാവും വാക്കുകളും ഇടതൂര്‍ന്നു വളരുന്ന ചിത്രശലഭങ്ങളുടെ കൊട്ടാരം! പ്രമേയത്തിലും ആവിഷ്‌ക്കാരത്തിലും പുതുമയുള്ള,ക്യാമറ പടര്‍ത്തിയ മഷിച്ചാലുകളില്‍ കരുതി സൂക്ഷിച്ചുവച്ച ചില സുന്ദര നിറഭേദങ്ങളുടെ ബ്ലസ്സി ചിത്രമാണ്‌ 'പ്രണയം'.
           അച്യുതമേനോനും മാത്യൂസും ഗ്രെയ്‌സും അറുപതിനും എഴുപതിനുമിടയ്‌ക്ക്‌ പ്രായമുള്ളവരുടെ ജീവിതകഥയില്‍ യൗവനം ഒരു ഫ്‌ളാഷ്‌ ബാക്ക്‌ മാത്രം.പ്രണയത്തിന്റെ മഴ നനയാന്‍ അതിന്റെ പനിച്ചൂടില്‍ മൂടിപ്പുതച്ചു കിടക്കാനാഗ്രഹിക്കുന്ന,കാല്‌പനികതയുടെ മധുരഭാവങ്ങള്‍ ഒപ്പിയെടുക്കുന്ന മഴക്കാഴ്‌ചയായി ആ യൗവനം മാറുമ്പോള്‍ പ്രണയം ഒരു തിരിച്ചറിവോ വിശ്വാസമോ കരുതലോ ഒക്കെയാണ്‌.അരണ്ടകാഴ്‌ചയുടെ ഇടങ്ങളില്‍ ശാരീരികമായ സ്‌പര്‍ശങ്ങളില്‍മാത്രം വിരല്‍വയ്‌ക്കുകയാണ്‌ അപ്പോള്‍ പുതിയ യൗവനം.
കാഴ്‌ചയുടെ ഫോക്കസ്‌ അഡ്‌ജസ്റ്റുമെന്റിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌.ഒപ്‌താല്‍മിക്‌ ലാബില്‍ കാഴ്‌ച പരിശോധിക്കുന്ന അച്യുതമേനോന്‍ അക്ഷരച്ചാര്‍ട്ടില്‍ 'U' വരെ വായിച്ചു നിര്‍ത്തുന്നു.ശേഷം അവ്യക്തമാണ്‌.കണ്ണട കിട്ടിയ ശേഷം കളിക്കളത്തില്‍ പഴയ ഫുട്‌ബോള്‍ താരമായി വീശിപ്പറക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും തെന്നിവീണു. 'ഭാഗ്യം കണ്ണട പൊട്ടിയില്ലല്ലോ' എന്നായിരുന്നു മേനോന്റെ കമന്റ്‌.അവിടെ നിന്ന്‌ ഫ്‌ളാറ്റിലേക്ക്‌ വരുന്ന വഴിയില്‍ ലിഫ്‌റ്റില്‍ വച്ചാണ്‌ ഗ്രെയിസിനെ കാണുന്നത്‌. 'U' (YOU) വ്യക്തമാകുകയാണ്‌ -നാല്‌പത്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു
ശേഷം.ഗ്രെയ്‌സിനെ കണ്ട ആഘാതത്തില്‍ കുഴഞ്ഞുവീഴുന്ന മേനോനെ ആശുപത്രിയിലാക്കുന്നതും ആശങ്കകളോടെ കാത്തിരിക്കുന്നതും ഗ്രെയ്‌സ്‌ തന്നെ.മേനോന്റെ കണ്ണട ഗ്രെയ്‌സ്‌ ഭദ്രമായി സൂക്ഷിക്കുന്നു,കൈമാറുന്നു -കാഴ്‌ചകള്‍ വളരെ അടുത്താകുന്നു.
              കടല്‍പ്പാലം പ്രണയത്തിന്റെ തീക്ഷ്‌ണമോ വശ്യമോ രൂക്ഷമോ ആയ ഇമേജറിയായി പ്രത്യക്ഷപ്പെടുന്നു.മാത്യൂസും ഗ്രെയ്‌സും പിന്നെ മേനോനും ഒത്തുചേരുന്ന 'കടല്‍ക്കാഴ്‌ച'കളാണ്‌ തുടര്‍ന്ന്‌ ചിത്രത്തെ വിസ്‌മയമാക്കുന്നത്‌. 'മഴ' പ്രണയത്തിന്റെ മറ്റൊരു ബിംബമായി സിനിമയില്‍ നിറഞ്ഞുപെയ്യുന്നു. ഒരു മഴക്കാഴ്‌ചയിലാണ്‌ ഗ്രെയിസും അച്യുതമേനോനും പ്രണയികളാകുന്നത്‌.മഴയിറമ്പത്താണ്‌ മാത്യൂസ്‌ ഗ്രെയിസിനു സ്‌നേഹസാന്ത്വനങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌.മാത്യൂസ്‌ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ മഴ സാന്ത്വനമായി കൂട്ടുനില്‍ക്കുന്നു.
കടലിരമ്പത്തിന്റെ ഒച്ച പ്രണയത്തിന്റെ പശ്ചാത്തലമാണ്‌.ജാലകത്തിലൂടെയുള്ള മാത്യൂസിന്റെ കടല്‍ക്കാഴ്‌ചകള്‍,ഇരുളിന്റെ ഛായയില്‍ തിരയിളകുന്ന നീലക്കടല്‍,തിരച്ചാര്‍ത്തില്‍ കുതിര്‍ന്ന കടല്‍പ്പാലം -നുരയിട്ടുയരുന്ന പ്രണയത്തിന്റെ ആഴക്കാഴ്‌ചകളും സൗന്ദര്യവും അനുഭൂതിയും ദുരൂഹതയും.പ്രണയം കണ്ണെത്താ ദൂരത്തെ കാഴ്‌ചകളാണ്‌.
               ജലപ്പരപ്പിനും ഓളപ്പാത്തിയ്‌ക്കും മുകളില്‍;തെന്നിവീഴുന്ന വഴിത്താരയില്‍,കല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ പറന്നുയരുന്ന ചിത്രശലഭങ്ങള്‍ പ്രണയത്തിന്റെ വഴികളിലെ സുന്ദരമായ സാഹസികതകളായി മാറുന്നു.ഫ്‌ളാറ്റിലെ ലിഫ്‌റ്റിനുള്ളിലും ഗ്രെയിസിന്റെ കുഴിമാടത്തിലും ആ ചിത്രശലഭം കൂടെയെത്തുന്നു.പ്രണയം മനസ്സു തേടുന്ന ഒരു ശലഭമാണ്‌.
സമീപദൃശ്യങ്ങളിലൂടെ (close up) നഗരജീവിതത്തിന്റെ,ഫ്‌ളാറ്റിലെ ഇടുങ്ങിയ ലോകം സംവിധായകന്‍ സൃഷ്‌ടിച്ചിരിക്കുന്നു.അച്യുതമേനോന്റെ ഗ്രാമം ഒരു സൂചനയില്‍ മാത്രമൊതുങ്ങുന്നു.കടല്‍ക്കാഴ്‌ചകളിലും .ഫ്‌ളാഷ്‌ ബാക്കിലും മൂവരും വീടുവിട്ടിറങ്ങുന്ന യാത്രാവേളകളിലുമാണ്‌ വിദൂരദൃശ്യങ്ങള്‍ (longshot ) കടന്നുവരുന്നത്‌.കാരണം അത്‌ പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിമിഷങ്ങളാണ്‌.
തിരിച്ചറിയപ്പെടാതെ പോകുന്ന ചില സത്യങ്ങള്‍ പതുക്കെ വിളിച്ചുപറയുന്നുണ്ട്‌ ഈ ചിത്രം.
              പ്രണയം ഒരു ഒളിച്ചോട്ടമാണെങ്കില്‍ മേനോനും മാത്യൂസും ഗ്രെയിസും ഒളിച്ചോടുകയാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടി,മനസ്സാണ്‌ യൗവനം എന്ന്‌ തീര്‍ച്ചപ്പെടുത്താന്‍.ചിത്രത്തിലുടനീളം വാര്‍ദ്ധക്യത്തിന്‌കൈത്താങ്ങ്‌ വേണ്ട 'വീഴ്‌ച'കള്‍ ഏറെയുണ്ട്‌.ഫുട്‌ബോള്‍ ഗ്രൗണ്ടിലും ഗ്രെയിസിനെ അപ്രതീക്ഷിതമായി കാണുമ്പൊഴും മേനോനുണ്ടായ വീഴ്‌ചകള്‍,പക്ഷാഘാതത്തില്‍ ജീവിതം വീല്‍ച്ചെയറിലേക്ക്‌ മാറ്റപ്പെട്ട മാത്യൂസിന്റെ വീഴ്‌ച,കടല്‍ക്കരയില്‍ വച്ചുള്ള ഗ്രെയിസിന്റെ വീഴ്‌ച,തൊട്ടടുത്തനിമിഷം മാത്യൂസിന്റെ ഹൃദയാഘാതം,അവസാനം മേനോന്റെ മാറില്‍ മരണത്തിലേക്കുള്ള ഗ്രെയിസിന്റെ വീഴ്‌ച.ഈ വീഴ്‌ചകളിലെല്ലാം കൈത്താങ്ങായി നില്‍ക്കുന്നത്‌ വാര്‍ദ്ധക്യങ്ങള്‍ മാത്രമാണ്‌ എന്നത്‌ കാലത്തിന്റെ ഞെട്ടിക്കുന്ന ഒരു സത്യം.നാല്‍പ്പത്‌ വര്‍ഷമായി മേനോന്‌ നഷ്‌ടമായതും കൊതിക്കുന്നതും ഒടുവില്‍ കിട്ടാതെ പോകുന്നതും ഈ കൈത്താങ്ങാണ്‌.ഗ്രെയിസ്‌ മാത്യൂസിനു നല്‍കുന്നതും അവരുടെ മരണശേഷം മേനോന്‍ മാത്യൂസിനു നല്‍കുന്നതും അതു തന്നെ.ഇതല്ലേ പ്രണയം.ഗ്രെയിസിന്റെ ശവകുടീരത്തില്‍ നിന്നും വീല്‍ച്ചെയറില്‍ മാത്യൂസുമായി മേനോന്‍ സെമിത്തേരി വിട്ടിറങ്ങുമ്പോള്‍ വീണ്ടുമൊരു പ്രണയം തുടങ്ങുകയാണ്‌.
              ചില നേരങ്ങളിലെങ്കിലും നമ്മള്‍ മനുഷ്യരാകാറുണ്ട്‌.നന്മയും കരുണയും കൂട്ടിരിക്കാറുണ്ട്‌.പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ ഒരു ഹൃദയം നമ്മുടെ കൈവെള്ളയില്‍ അപ്പോള്‍ മിടിക്കുന്നുണ്ടാകും.അങ്ങനെ ഹൃദയത്തെ തൊടാന്‍ കഴിയുന്ന ചില നിമിഷങ്ങളാണ്‌ ബ്ലസ്സി സമ്മാനിച്ചത്‌.

1 അഭിപ്രായം: