ഓര്‍മ്മകള്‍ മഴ നനയുന്നു
വേനല്‍ വരമ്പിലൂടെ പരീക്ഷച്ചൂട് കടന്നു വരുമ്പോള്‍ പള്ളിക്കൂടങ്ങള്‍ ഒന്ന് തണലു ചായാനിരിക്കും.ആരവങ്ങളൊഴിഞ്ഞ സ്‌കൂള്‍ മുറ്റം മഴപ്പാറ്റകളെ സ്വപ്‌നം കാണും.കൗതുകം കൊളുത്തിയ നക്ഷത്ര കണ്ണുകള്‍ നിരനിരയായിരുന്ന ക്‌ളാസ്സ് മുറികള്‍ ഒന്ന് മയങ്ങാന്‍ കിടക്കും.മയക്കത്തിനിടയില്‍ പൊട്ടിച്ചിരിയും കളിതമാശയുപിണക്കവും കടന്നു വരുന്ന ഒച്ചകേട്ട് ഞെട്ടിയുണരും;വെറുതേ.
പല ചില്ലകളില്‍ നിന്നും ചേക്കേറിയ പക്ഷിക്കൂട്ടങ്ങളുടെ കൂടാരമാണ് പള്ളിക്കൂടം.-അക്ഷരങ്ങളെ ധ്യാനിച്ച് അതിശയം സൃഷ്ടിക്കുന്നവര്‍.കഥയുടെ കൂട്ടുപിടിച്ച് കിനാവു കാണാനിറങ്ങുന്നവര്‍.അക്കപ്പെരുക്കം കൊണ്ട് ആകാശച്ചില്ലയിലെ പൂമരക്കൊമ്പില്‍ ഊഞ്ഞാലു കെട്ടുന്നവര്‍...
പത്തിന്റെ പടിയിറങ്ങുകയാണ് എന്റെ കുട്ടികള്‍.പഠിപ്പിച്ചതിനൊക്കെയും കണക്കുതീര്‍ക്കാന്‍ തയ്യാറെടുക്കുകയാണവര്‍.മലയാളം ക്‌ളാസ്‌ുകളില്‍ ചന്തം നിറയ്‌ക്കാന്‍ കുട്ടികള്‍ക്ക് ഉത്സാഹമായിരുന്നു.ഉണര്‍വുള്ള 'ചിന്താവിഷയവുമായി 'ക്ലാസ്സ് തുടങ്ങാന്‍ എന്നും ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടാകും.പുതിയ പാഠ്യപദ്ധതി ഭാഷയുടെ സുഗന്ധപ്പുരകളെ തുറന്നിട്ടു എന്ന് പറയുന്നതാവും ശരി.പുസ്‌തകച്ചെപ്പിനുള്ളിലെ അഴകുള്ള കനകാംബരങ്ങള്‍ ഇതള്‍ വിരിയുന്ന ആസ്വാദനക്കുറിപ്പ്.,വാക്കുകള്‍ അസ്‌ത്രമുന കൂര്‍പ്പിക്കുന്ന ചര്‍ച്ചയും പ്രതികരണവും,ഉള്ള് തൊട്ടുണര്‍ത്തുന്ന കവിതയുടെ ആലാപന ഭംഗി.-ഒരു ക്‌ളാസ്സ് മുറിയില്‍ നിന്നും കടന്നുപോകുന്നവര്‍ ബാക്കിയിട്ടുപോകുന്ന മറക്കാനാകാത്ത ശേഷിപ്പുകളാണിത്.
ഓര്‍മ്മകള്‍ കനക്കുമ്പോള്‍ ഒറ്റക്കൊലുസ്സിന്റെ സംഗീതം കേള്‍ക്കാം.കുസൃതികള്‍ കൊഴുപ്പിച്ച ഹാഫിസിന്റേയും ജസീറിന്റേയും നേരമ്പോക്കുകള്‍.കവിതയുടെ നിലാവരമ്പത്തു താവളം കൂട്ടിയ ആദര്‍ശ്.സ്വര്‍ണ്ണത്താക്കോല്‍ കൊണ്ടു മാത്രം വാക്കുകളുടെ നിലവറ തുറക്കുന്ന പാട്ടിന്റെ പാലാഴിക്കരയിലെ ദേവി ഗൗരി.കഥാപ്രസംഗ പാരമ്പര്യത്തിന്റെ കരുത്തുറ്റ ഇളയ തലമുറക്കാരി ആര്‍.എസ് രശ്‌മി.ചങ്കിടിപ്പിന് വേഗത കൂട്ടി ചോദ്യങ്ങള്‍ കൊണ്ട് പ്രതീക്ഷിക്കാതെ ആക്രമണം നടത്തുന്ന അനന്തുവും ദീപക്ക് ശങ്കറും ബാസിത്തും.മിണ്ടിയാല്‍ തീരുന്നതല്ല ഈ പൂങ്കാവനത്തിന്റെ ചാരുത.
താഴിട്ടു പൂട്ടാന്‍ കഴിയില്ല ഈ ഓര്‍മ്മകളെ.കൊന്നമരച്ചോട്ടിലെ ആഴ്‌ചവട്ടവും ഗാന്ധി മുത്തച്ഛന്റെ പിറന്നാള്‍ദിനത്തിലെ ശുചീകരണവും പിന്നെ കപ്പയും കാന്താരിയും കൂട്ടി എല്ലാവരുടേയും ഒത്തു ചേരലും, കായിക ദിനത്തില്‍ ഓടിജയിച്ച് കാലുളുക്കിയവന്റെ സന്തോഷക്കണ്ണീരും, ഒരു രാപ്പാതിയില്‍ മേളയിലെ ഓവറോള്‍ കീരീടവുമായി സ്‌കൂള്‍ മുറ്റത്തു ചവിട്ടിയ ആനന്ദനൃത്തവും, കൈയ്യടി ഒച്ചയുമായി കാഴ്‌ചയുടെ വിദൂരങ്ങള്‍ പിന്നിട്ട വിനോദയാത്രയും-ക്ഷമിക്കണം പള്ളിക്കൂടമടയ്‌ക്കാന്‍ നേരമായി. ഇന്ന് മാര്‍ച്ച് 31 ആണ്.
ക്‌ളാസ്സ് മുറിയുടെ നിലാച്ചുഴിയിലും സന്തോഷത്തിരകളിലും പെട്ടുപോയ ഏതൊരു അദ്ധ്യാപകനും ഈ ഓര്‍മ്മകളുടെ മഴ നനയാതിരിക്കാനാകില്ല,പൊള്ളുന്ന ഈ വേനലില്‍.
ക്ഷമിക്കണെ........blog വായിക്കാന്‍ താമസിച്ചു പോയി.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.Hafis ന് physics എളുപ്പമായിരുന്നോ?
മീര