ചരിത്രത്തെ കൊല്ലാതിരിക്കു
ചരിത്രത്തെ നമസ്‌ക്കരിച്ചു പോകുന്നത് പത്മനാഭപുരം കൊട്ടാരം കാണുമ്പോഴാണ്.രാജപാതകളും തെരുവുകളും പുതിയ കാലത്തിന് തടുക്കിട്ടെങ്കിലും കോട്ടവാതിലുകള്‍ കടന്ന് അകക്കെട്ടിലെത്തുമ്പോള്‍ അരണ്ട വെളിച്ചമുള്ള ഇടനാഴിയും നിലവറകളും കഴിഞ്ഞ കാലത്തിന്റെ രഹസ്യങ്ങള്‍ പങ്കു വയ്‌ക്കുന്നതു കേള്‍ക്കാം.പൊളിഞ്ഞടര്‍ന്ന കുമ്മായച്ചുമരുകള്‍ പോലും ചരിത്രത്തിന്റെ ഒരു പെരുമ്പറ ഉള്ളില്‍ വഹിക്കുന്നുണ്ട്.
വേളിമലച്ചെരുവിലെ നാനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ കൊട്ടാരക്കെട്ടിന് ഇന്ന് പറയാനുള്ളത് വാര്‍ദ്ധക്യത്തിന്റെ സങ്കടങ്ങളാണ്.എ.ഡി.1601-ല്‍ ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖരവര്‍മ്മ പണിത കൊട്ടാരം നാല് ഏക്കറിലധികമായി വ്യാപിച്ചു കിടക്കുന്നു.നഗരം തിരക്കു കൂട്ടുമ്പോള്‍ ഒരു നേരമെങ്കിലും ഒറ്റയ്‌ക്കിരിക്കാന്‍ കൊതിക്കുകയാണ് ഇവിടം.കന്യാകുമാരിയിലേക്കും വെള്ളംകളിവിനോദത്തിനും(വാട്ടര്‍ തീം പാര്‍ക്ക്)പോകുന്നവര്‍ക്ക് ഒരു ഇടത്താവളമോ സ്ഥലം പറഞ്ഞു തികയ്‌ക്കാനൊരു പേരോ മാത്രമായി ഇവിടം ഒതുങ്ങുന്നു.ഇവിടെ വരുന്നവരില്‍ എത്രപേര്‍ക്കുണ്ടാകും ചരിത്രത്തോട് കൗതുകവും ആദരവും.
രണ്ടായിരത്തി പത്ത് ജനുവരി പതിനാറ് ശനിയാഴ്‌ച.കൊട്ടാരത്തിനു മുന്നിലെ പ്രഭാതം.കൊട്ടാരമുറ്റത്തും തെരുവിലും ആള്‍ക്കൂട്ടവും തിരക്കും.ഒരു പടയോട്ടത്തിന്റെ ഓര്‍മ്മക്കാഴ്‌ച.തൈപ്പൊങ്കല്‍ കഴിഞ്ഞ് തമിഴരും മകരവിളക്ക് തൊഴുതെത്തിയ അയ്യപ്പഭക്തരും ശരണം വിളിച്ച് കൊട്ടാരം കാണാന്‍ വരിനില്‍ക്കുന്നു.കൂട്ടത്തില്‍ വര്‍ഷാന്ത്യത്തില്‍ ക്‌ളാസ്സ് മുറികളില്‍ നിന്നും ലോകം കാണാനിറങ്ങിയ സ്‌കൂളിന്റെ മക്കള്‍.കൊട്ടാരത്തിന്റെ പൂമുഖത്ത് മച്ചും ചിത്രത്തൂണും ചൂണ്ടി ശില്‌പകലയുടെ ചാരുത വാക്കുകളിലാവാഹിച്ചിരുന്ന വിവരവഴികാട്ടികള്‍(ഗൈഡ്)ഒതുങ്ങിമാറി നിന്ന് തിരക്ക് നിയന്ത്രിക്കുന്നു.പൂമുഖപ്പടിയില്‍ നിന്നും മരക്കോവണി കയറുന്നവര്‍ തങ്ങളുടെ സാന്നിദ്ധ്യം പാദം കൊണ്ട് ശക്തമായി അറിയിക്കുന്നുണ്ട്.ചുവരില്‍ നിന്നും നിശ്ശബ്ദമായി മണ്ണടരുകള്‍ ഇളകി വീഴുന്നുണ്ടായിരുന്നു.കാണുക മാത്രമല്ല കൈയ്യും കാലും കൊണ്ട് തൊട്ട് പെരുമാറി അനുഭവിക്കുക എന്നത് നമ്മുടേത് മാത്രമായ ഒരു സംസ്‌ക്കാരമാണെന്നു തോന്നുന്നു.വഴികാട്ടിയുടെ കണ്ണുതെറ്റാന്‍ കാത്തുനില്‍ക്കുകയാണ് ഓരോരുത്തരും.
മഹാരാജാവിന്റെ പള്ളിയറ കണ്ട് അരണ്ടവെളിച്ചത്തില്‍ തിരികെ ഇറങ്ങുന്നവര്‍ മുഴക്കം കേട്ട് ഞെട്ടും.ആകുന്ന വിധത്തില്‍ ചാടിയിറങ്ങുകയാണ് പടികളോരോന്നിലും.ചരിത്രത്തിന്റെ അടിത്തറയുടെ ബലം പരിശോധിക്കുകയാണവര്‍.കാലത്തിന്റെ രേഖകള്‍ ചുവര്‍ച്ചിത്രങ്ങളായി പതിച്ചിരിക്കുന്നത് ചുരണ്ടി ഇളക്കുന്നതുപോലൊരു വിനോദം മറ്റൊന്നില്ല തന്നെ.സൂപ്പര്‍മാര്‍ക്കറ്റിലെ ഭാഗ്യക്കൂപ്പണ്‍ ചുരണ്ടുന്നതു പോലെയോ,ജീവനകടലാസ്സ്(റീ-ചാര്‍ജ്ജ് കൂപ്പണ്‍)നുള്ളി ഇളക്കുന്നതു പോലെയോ ഒരു 'സ്‌ക്രാച്ച് ആന്റ് വിന്‍'.അതെ, പറയാമല്ലോ യാത്രക്കു ശേഷം താന്‍ ചരിത്രത്തില്‍ പതിപ്പിച്ച ഒരടയാളത്തെക്കുറിച്ച്.
ആര്‍ത്തലച്ചു വരുന്ന ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ ഈ വാസ്‌തു ശില്‌്‌്‌പത്തിന്‌്‌് കഴിയുമോ? ഓരോ സന്ദര്‍ശകന്റേയും സൗമ്യമല്ലാത്ത സന്ദര്‍ശനങ്ങള്‍ കൊട്ടാരത്തിന് ഇനി ഭാരമാണ്.ഓരോ ചുവടുവയ്‌പിലും വാരിയെല്ലുകള്‍ തകര്‍ന്ന്‌്‌് വേദനതിന്നുന്ന ഒരു വാര്‍ദ്ധക്യത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു.കരുതലും പരിചരണവുമാണ് വാര്‍ദ്ധക്യത്തിനാവശ്യം.കഥയും ഐതിഹ്യവും രാജ്യതന്ത്രവുംആജ്ഞയും അധികാരവും നീഗൂഡതയും എന്തിന് എണ്ണിയാല്‍ തീരാത്ത വികാരങ്ങള്‍ തളം കെട്ടിക്കിടക്കുന്ന പോയകാലത്തിന്റെ സാക്ഷ്യമാണിത്.ചരിത്രം ജ്വാലകളാകണം,ചരിത്രസ്‌മാരകങ്ങള്‍ പവിത്രസ്ഥലങ്ങളും.തലമുറകള്‍ക്കു വേണ്ട വെളിച്ചമാണത്.ഏകാന്തത പെയ്‌തിറങ്ങുമ്പോള്‍ കാണാം അകത്തളങ്ങളിലെ നിശ്ചലകാലത്തിന് ജീവന്‍ വയ്‌ക്കുന്നത്.ചരിത്രം കവിതയാണ്,ഒറ്റയ്‌ക്കിരിക്കുന്നവനോട്‌്‌് സ്വയം വിളിച്ചുപറയുന്ന സത്യമാണ്.ആള്‍ക്കൂട്ടത്തിന്റെ പെരുമഴയില്‍ തീരെ നിറം മങ്ങിപ്പോകുന്ന വരികളാണവ.ദയവു ചെയ്‌ത് ചരിത്രത്തെ കൊല്ലാതിരിക്കൂ----------
തൊട്ടുനോക്കാനോ അടുത്തു ചെല്ലാനോ ഒന്നു തലോടാനോ ചുംബിക്കാനോ അനുവദിക്കാതെ ഒരിക്കല്‍ നമ്മുടെ ചരിത്രം ഒരുപാട് മാറ്റിനിറുത്തലുകളെ അഴിഞ്ഞാടാന്‍ വിട്ടിട്ടുണ്ട്. ഇന്ന് തൊട്ടും ചുരണ്ടിയും മണത്തും പഴങ്കാലത്തിന്റെ ബലവും മണവും പരിശോധിക്കുന്നത് ആരാണ്. പടയോട്ടങ്ങളുടെ ഓരങ്ങളില്‍ പുലര്‍ന്ന ,കൊട്ടാരച്ചുവരുകളും അന്തപ്പുരങ്ങളിലെ ഭോഗനിശ്വാസങ്ങളും സ്വപ്‌നം കണ്ട് മരിച്ച, ഒരു കാലത്തിന്റെ പുനര്‍ജീവിതങ്ങള്‍. അവരങ്ങനെ തൊട്ടും ചുരണ്ടിയും പഴയ കണക്കു തീര്‍ക്കുകയാണ്. തീര്‍ക്കട്ടെ. ചിലതെല്ലാം കാലം കുറച്ചുനാള്‍ കൂടെ കൊണ്ടുനടക്കും. പിന്നെ.............
മറുപടിഇല്ലാതാക്കൂAttitudes often play a big role in molding our character. Preserving the things of past glory irritates certain individuals. They relate their psychic disorder with their oppressed fore fathers and go on destroying the images and symbols of the past, saying that they are taking their revenge on the past order. Once Taliban destroyed Buddha idols in Afghan and claimed the same! History is justified because these psychic lots must be kept away from the things of beauty for all time.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ