2009, ജൂലൈ 22, ബുധനാഴ്‌ച

നാട്ടുമാവിന്‍ ചോട്ടിലേക്ക്‌
വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍വേലിക്കല്‍ നിന്നവനേ.......................കൊച്ചുകിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുംകൊണ്ടെന്നോടുകിന്നാരം പറഞ്ഞവനേ.......................ഈ കിളിച്ചുണ്ടന്‍ മാമ്പഴം ഗ്രാമീണ പ്രണയത്തിന്റെ മധുരം മാത്രമല്ല,മലയാള നാടിന്റെ രുചിഭേദം കൂടിയാണ്‌.പ്രണയം മധുരമായി പങ്കുവച്ച ഊടുവഴികളും വേലിത്തിരിപ്പുകളും നഗരത്തിനു വഴിയൊഴിഞ്ഞപ്പോള്‍,നമ്മുടെ നാട്ടുമാവുകളും നാടുനീങ്ങി.ഉച്ചവെയില്‍ കനക്കുമ്പോള്‍ പച്ചയ്‌ക്ക്‌ ഉപ്പും കാന്താരിയും കൂട്ടി കടിച്ചുപൊട്ടിയ്‌ക്കാന്‍ വീട്ടുമുറ്റങ്ങളില്‍ തെഴുത്തു വളര്‍ന്ന താളിമാവ്‌,വരിക്കചക്കയുടെ തേനും മധുരവുമുള്ള വരിക്കമാവ്‌,നേന്ത്ര കദളിയുടെ രുചിയൂറ്റി വച്ച നീണ്ടു വളര്‍ന്ന വാഴപ്പഴത്തി,സദ്യവട്ടങ്ങളില്‍ മൂന്നാമനായ മാങ്ങാക്കറിയുടെ കുലപതി വെള്ളരിമാങ്ങ,എരിവും മധുരവുമുള്ള പഴയവീട്ടു കാരണവരുടെ ഇത്തിരി ഗൗരവമുള്ള തോന്ന്യാസം പോലെ തടിച്ചുരുണ്ട ശങ്കരന്‍മാങ്ങ,നട്ടുവച്ചാല്‍ ആണ്ട്‌ മൂന്നാകുമ്പോള്‍ കാച്ചുകുലയ്‌ക്കുന്ന മൂവാണ്ടന്‍, ചീനഭരണിയ്‌ക്കകത്ത്‌ ഉപ്പുസത്യാഗ്രഹം നടത്തുന്ന അടമാങ്ങ,ഉച്ചയൂണിനെ കൊതിപ്പിച്ചു കൊണ്ട്‌ ചിരട്ടത്തവിയില്‍ പഴുത്തമാങ്ങയും ചാറുമായി പകര്‍ന്നു വീഴുന്ന മാമ്പഴപ്പുളിശ്ശേരിക്കാരന്‍ നാട്ടുമാങ്ങ,മാങ്ങകളില്‍ വലുപ്പക്കാരനായ കപ്പ,ചാമ്പലിന്റെ(ചാരം) നിറമുള്ള ചാമ്പവരി, പാണ്ടി മാങ്ങ,കിളിച്ചുണ്ടന്‍,വണ്ടു മാങ്ങ,കസ്‌തൂരിമാങ്ങ.............ഓര്‍മ്മകളുടെ രുചിവട്ടങ്ങളില്‍ വല്ലാതെ മധുരം കനക്കുകയാണ്‌.ജയചന്ദ്രന്‍ പാടിയ മധുരമായ ഗാനമുണ്ട്‌.-''മധുരിക്കും ഓര്‍മ്മകളേ മലര്‍ മഞ്ചല്‍കൊണ്ടു വരൂ, കൊണ്ടുപോകൂ ഞങ്ങളെ ആ മാഞ്ചുവട്ടില്‍"-ബാല്യം കളിയൂഞ്ഞാല്‍ കെട്ടിയത്‌ ഇവിടെയാണ്‌.കാറ്റിനും കിളിക്കും കാതോര്‍ത്ത്‌ ,അടര്‍ന്നു വീഴുന്ന മാങ്ങപെറുക്കാന്‍ ആരവം കൂട്ടി, ചിരട്ടകലവും പ്‌ളാവില തവിയുമായി വീടുകൂട്ടി മാഞ്ചുവട്ടില്‍ കുടിയേറിയ ഒരു വംശം തകഴിയുടെ 'മാഞ്ചുവട്ടില്‍' എന്ന കഥയിലുണ്ട്‌.പുതിയ (അഭി)രുചികള്‍ തേടിയപ്പോള്‍ 'നാട്ടുമാങ്ങകളുടെ ഭിന്നഭിന്നമാം സ്വാദ്‌ ' (വൈലോപ്പിള്ളി) നമ്മള്‍ മറന്നുപോയി.'അഞ്ചു കാശിന്റെ കൈവല്യത്തിനു വേണ്ടി പച്ചത്തണല്‍ കൊത്തിയവരാണ്‌ ' നാമെന്ന്‌ (പുളിമാവു വെട്ടി -ഇടശ്ശേരി ) പറഞ്ഞ കവി എത്ര ശരി .മാമ്പഴ മാ മാമ്പഴം മല്‍ഗോവ മാമ്പഴം സേലത്തെ മാമ്പഴം, നീ താനെടീ..........ഇത്‌ ഏറ്റു പാടുന്ന മലയാളി സ്വന്തം രുചിയും പ്രണയവും തകര്‍ത്തവനാണ്‌. കടം വാങ്ങിയ രുചികള്‍ കലര്‍പ്പാണ്‌,കൃത്രിമമാണ്‌ ; പ്രണയവും.

3 അഭിപ്രായങ്ങൾ:

  1. maanthadiyilu venthadanganulla malayaliyude aavesam rubber kondupoyathum orkkanam.swakaryamayi parayatte ijanorumavu nattittundu.pillare vishamippikkaruthallo!

    മറുപടിഇല്ലാതാക്കൂ
  2. ഗൃഹാതുരത്വം പുത്തന്‍ കാലത്തിന്റെ കീഴടങ്ങലുകള്‍ക്ക്‌ മേല്‍ വിരിച്ച നനുനനുത്ത ഒരു രക്ഷാവസ്‌ത്രമല്ലേ സാറേ....
    ചിലതിനെ രഹസ്യമായ്‌ വച്ച്‌ ഭോഗിയ്‌ക്കുമ്പോള്‍ പുറത്ത്‌ പറഞ്ഞുപരത്താന്‍ പറ്റിയ ഒരു നല്ല വീട്ടുനുണ.
    എന്തായാലും ഗ്രാമത്തിലേയ്‌ക്കിനി മടങ്ങിപ്പോകാന്‍ ഞാനില്ല.
    വേഗങ്ങളേയും ഭോഗങ്ങളേയും കുടിപാര്‍പ്പിച്ചിരിക്കുന്ന നാട്ടുപറമ്പിലെ മാങ്ങാച്ചുനയോളം പൊള്ളില്ലല്ലോ സാറേ
    ഈ കണ്ണാടിക്കൂട്ടിലെ മഞ്ഞവെളിച്ചം പഴുപ്പിച്ച കണ്ണിമാങ്ങകള്‍................

    മറുപടിഇല്ലാതാക്കൂ